ADVERTISEMENT

ഒരു ദിവസത്തെ ക്ഷീണം മുഴുവൻ കഴുകിക്കളയുന്നത് ഉറക്കത്തിലൂടെയാണ്. അപ്പോൾ കിടപ്പുമുറിയുടെ വൃത്തിയുടെയും സൗകര്യത്തിന്റെയും കാര്യത്തിൽ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യാനാകുമോ? കിടപ്പുമുറികളുടെ എണ്ണം രണ്ടോ മൂന്നോ നാലോ എന്നതല്ല, ഉള്ള മുറികൾ എങ്ങനെ ഫലപ്രദവും സുന്ദരവുമായി ഉപയോഗിക്കാം എന്നതിലാണ് കാര്യം.

 

Master Bedroom

വീട്ടിലെ ഏറ്റവും പ്രാധാന്യമുള്ള കിടപ്പുമുറി, അതാണ് മാസ്റ്റർ ബെഡ്റും. അതൊരുപക്ഷേ, ഗൃഹനാഥന്റെയാകാം. അല്ലെങ്കിൽ വിവാഹിതരായ മക്കളുടേതാകാം. ചെറുപ്പക്കാരായ മക്കളുണ്ടെങ്കിൽ, ചില ഡിസൈനർമാർ ഒരു വീട്ടിൽ രണ്ട് മാസ്റ്റർ ബെഡ്റൂം വരെ വരയ്ക്കാറുണ്ട്. കിടപ്പുമുറിയുടെ വലുപ്പമനുസരിച്ചാകണം അവിടെ എന്തെല്ലാം സൗകര്യങ്ങൾ ക്രമീകരിക്കാമെന്നു തീരുമാനിക്കാൻ. 

സ്ഥാനം : കന്നിമൂല അതായത്, തെക്കുപടിഞ്ഞാറ് മൂലയാണ് പ്രധാന കിടപ്പുമുറിക്ക് ഏറ്റവും അനുയോജ്യമായ സ്ഥാനം. തെക്ക് അല്ലെങ്കിൽ കിഴക്കുദിക്കിലേക്ക് തലവയ്ക്കാവുന്ന രീതിയിൽ കട്ടിലിനു സ്ഥാനം നൽകണം. 

വലുപ്പം :14 X12 സ്ക്വയർഫീറ്റ് വിസ്തീർണമെങ്കിലും മാസ്റ്റർ ബെഡ്റൂമിന് ഉണ്ടായിരിക്കണം. എങ്കിലേ  ചെറിയൊരു ഡ്രസിങ് ഏരിയയും സ്റ്റഡി ഏരിയയും ഉൾപ്പെടുത്താനാകു.

നിറങ്ങൾ : വയലറ്റ്, ലൈലാക്, ബ്ലൂ, ലെമൺ ഗ്രീൻ തുടങ്ങിയ റൊമാന്റിക് നിറങ്ങളാണ് പ്രധാന കിടപ്പുമുറിക്കനുയോജ്യം. ഇരുണ്ട നിറങ്ങൾ ഒരിക്കലും തിരഞ്ഞെടുക്കരുത്. ഇരുണ്ട നിറങ്ങളോടു താത്പര്യമുണ്ടെങ്കിൽ ബെഡ്സ്പ്രെഡോ കർട്ടനോ മറ്റെന്തെങ്കിലും ആക്സസറീസോ വഴി മുറിക്കു നിറം ചേർക്കാം. 

ബെഡ്ഷീറ്റ് : വൃത്തിയായി ബെഡ്ഷീറ്റുകൾ വിരിച്ച ഒരു കട്ടിൽമാത്രംമതി കിടപ്പുമുറിയുടെ ഭംഗികൂട്ടാൻ. അതുകൊണ്ട് ബെഡ്ഷീറ്റുകൾ വാങ്ങുമ്പോൾ അവ കിടപ്പുമുറിയുടെ മൊത്തം തീം, ആംബിയൻസ് എന്നിവയുമായി ചേർന്നുപോകുന്നതാണെന്ന് ഉറപ്പുവരുത്തുക.

ലൈറ്റിങ് : മാസ്റ്റർ ബെഡ്റും ആയതിനാൽ പ്രൗഢമായ ഒരു അന്തരീക്ഷമുണ്ടാക്കാൻ ഫോൾസ് സീലിങ് ചെയ്യാം. പക്ഷേ, പ്രകാശം കണ്ണിൽ തറയ്ക്കാത്ത രീതിയിൽ വേണം ലൈറ്റുകൾ ക്രമീകരിക്കാൻ.

കർട്ടൻ/ ബ്ലൈൻഡ് : വെളിച്ചത്തെ ഉള്ളിലേക്കു കയറ്റിക്കൊണ്ടുതന്നെ പരമാവധി സ്വകാര്യത ഉറപ്പുവരുത്തുന്നതിനാൽ ബ്ലൈൻഡാണ് കിടപ്പു മുറിയിലേക്ക് കൂടുതൽ യോജിക്കുന്നത്. കർട്ടനാണ് ഇടുന്നതെങ്കിൽ  കനം കുറഞ്ഞതും കൂടിയതുമായ കർട്ടനുകൾ രണ്ട് പാളികളായി ഇടാം. 

ഹെഡ്ബോർഡ് : മാസ്റ്റർ ബെഡ്റൂമിൽ കട്ടിലിന്റെ പിൻവശത്തുള്ള  ഭിത്തിയിൽ വ്യത്യസ്തമായ നിറമോ വോൾപേപ്പറോ ഹെഡ്ബോർഡോ നൽകി മുറി വ്യത്യസ്തമാക്കാവുന്നതാണ്. കട്ടിലിന് വലിയ ഹെഡ്ബോർഡ് നൽകുന്നത് മുറിക്ക് രാജകീയ പ്രൗഢി നൽകും. പക്ഷേ, വലിയ ഡിസൈനുള്ള വോൾപേപ്പറും വലിയ ഹെഡ്ബോർഡും തമ്മിൽ ചേരില്ല.

വാതിൽ :കിടപ്പുമുറിയുടെ വാതിൽ വയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 90-100 സെ. മീ വീതിയെങ്കിലും ആവശ്യമാണ്. 120 സെമീ വീതി നൽകി ഇരട്ടപ്പാളി വാതിൽ വയ്ക്കുന്നവരുമുണ്ട്. പ്രധാന കിടപ്പുമുറിയിൽ വിലപിടിച്ച സാധനങ്ങൾ സൂക്ഷിക്കേണ്ടിവരുമെന്നതിനാൽ പൂട്ടാനുള്ള സൗകര്യവും ഈ വാതിലിനു വേണം.

colonial-home-kalpetta-kids-bed

 

Kids Bedroom

വലുപ്പം : കുട്ടികളുടെ മുറി ഒരിക്കലും ചെറിയ മുറിയാകരുത്. ഫ്ളാറ്റിലും ചെറിയ സ്ഥലത്തു പണിയുന്ന വീടുകളിലുമെല്ലാം ഒരു കളിസ്ഥലമെന്ന രീതിയിൽക്കൂടി കുട്ടികളുടെ മുറിയെ പരിഗണിക്കേണ്ടതുണ്ട്.

നിറങ്ങൾ : കുട്ടിയുടെ പ്രായവും ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നതുമെല്ലാം മുറിക്കു കൊടുക്കുന്ന നിറവുമായി ബന്ധപ്പെട്ടിരിക്കുന്നു. പെൺകുട്ടികൾ പിങ്ക്, ലൈലാക്ക് തുടങ്ങിയ നിറങ്ങളുമായി ഇഷ്ടത്തിലാകുമ്പോൾ ആൺകുട്ടികൾ ബ്ലൂ, ബ്ലാക്ക്, റെഡ് നിറങ്ങളെ ഇഷ്ടപ്പെടുന്നു. എന്നാൽ കുട്ടിയുടെ പ്രായമനുസരിച്ച് നിറത്തിന്റെ ഇഷ്ടം മാറിവരും.

ബെഡ്ഷീറ്റ് : എപ്പോഴും കാർട്ടൂൺ കഥാപാത്രങ്ങളുടെ വോൾപേപ്പർ വേണമെന്നില്ല കുട്ടിപട്ടാളങ്ങളുടെ മുറി അലങ്കരിക്കാൻ. കാർട്ടൂൺ കഥാപാത്രങ്ങൾ നിറയുന്ന ബെഡ്ഷീറ്റുകൾ വിരിച്ചലങ്കരിക്കാം. ഇവ മാറുന്നതിനനുസരിച്ച് മുറിയുടെ ആംബിയൻസും മാറ്റാം.

ലൈറ്റിങ് : കുട്ടികളുടെ ഇഷ്ടകാർട്ടൂൺ കഥാപാത്രങ്ങളുടെ മോട്ടിഫ് പതിച്ച ലാംപ്ഷേഡും ഫാനുമെല്ലാം വിപണിയിൽ ലഭിക്കും. കുട്ടികൾക്ക് അപകടമുണ്ടാകാത്ത വിധത്തിൽ, എന്നാൽ കയ്യെത്തുന്ന ഉയരത്തിൽവേണം സ്വിച്ചും ലാംപുകളും സ്ഥാപിക്കാൻ. 

വാതിൽ : 90-100 സെമീ വാതിൽ മതി. ഗ്ലാസ് വാതിലും സ്റ്റിക്കർ ഒട്ടിച്ച വാതിലുമെല്ലാം കുട്ടികൾക്കിഷ്ടപ്പെടും. 

ഫർണിച്ചർ : കുട്ടിയുടെ പ്രായമനുസരിച്ച് കട്ടിലിന്റെ ഉയരം ക്രമീകരിക്കണം. ചെറിയ കുട്ടിയാണെങ്കിൽ ഉയരം കുറച്ചുമതി. ആവശ്യാനുസരണം ഉയരം ക്രമീകരിക്കാൻ കഴിയുന്ന കട്ടിൽ ലഭിക്കും. രണ്ട് കുട്ടികൾ ഷെയർ ചെയ്യുന്ന മുറിയാണെങ്കിൽ രണ്ട് സിംഗിൾ കട്ടിൽ ഇടുന്നതാണ് നല്ലത്. ബങ്ക് ബെഡ് താത്പര്യമുണ്ടെങ്കിൽ അതാകാം. സ്റ്റഡി ടേബിളും അടുത്തടുത്തിടാതെ രണ്ട് ദിശകളിൽ ഇടുന്നതു നല്ലതാണ്.

English Summary- Bedroom Design Tips; Veed Interior Design Home Decor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com