രാവിലെ ഓഫിസിൽ പോകുന്നതിനു മുൻപ് തലേന്ന് നനച്ചിട്ട ഉണങ്ങാത്ത തുണികൾ ഇസ്തിരിയിട്ട് ഉണക്കിയെടുക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ? അതുപോലെ ഓരോ ദിവസവും ഒന്നോ രണ്ടോ തുണികൾ തേയ്ക്കാൻ വേണ്ടി അയൺബോക്സ് ഉപയോഗിക്കുക. ചെറിയ വസ്ത്രങ്ങൾ തേക്കാൻ പോലും അയൺബോക്സ് പരമാവധി ചൂടാക്കുക. അങ്ങനെ നാം ദിവസം ചെയ്യുന്ന ഇസ്തിരിത്തെറ്റുകൾ എന്തുമാത്രം വൈദ്യുതി പാഴാക്കുന്നുണ്ട് എന്നറിയാമോ?
വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട വൈദ്യുത ഉപകരണമാണ് ഇസ്തിരിപ്പെട്ടി. കാര്യക്ഷമമല്ലാത്ത ഉപയോഗക്രമമാണ് ഇതിൽ ഊർജ്ജനഷ്ടം വരുത്തി വയ്ക്കുന്നത്. ഓട്ടോമാറ്റിക് ഇലക്ട്രിക് അയൺ ആണ് നല്ലത്. നിർദ്ദിഷ്ട താപനില എത്തിക്കഴിഞ്ഞാൽ ഇസ്തിരിപ്പെട്ടി തനിയെ ഓഫായിക്കൊള്ളും. ചൂട് വീണ്ടും കുറഞ്ഞാൽ തനിയെ ഓൺ ആവുകയും ചെയ്യും. ഓട്ടോമാറ്റിക് ടെംപറേച്ചർ കട്ട് ഓഫ് ഉള്ള ഇലക്ട്രിക് അയണിനു ഈ സംവിധാനം ഇല്ലാത്തതിനെ അപേക്ഷിച്ച് പകുതിയോളം വൈദ്യുതി മതിയാകും. അതായത് ഒരു കിലോവാട്ട് ശേഷിയുള്ള ഓട്ടോമാറ്റിക് അയൺ ഒരു മണിക്കൂർ പ്രവർത്തിക്കുന്നതിന് 0.5 യൂണിറ്റോളം വൈദ്യുതി മതിയാകും.

ദിവസവുമുള്ള ഇസ്തിരിപ്പെട്ടിയുടെ ഉപയോഗം വൈദ്യുതി ബിൽ കൂട്ടും. ഒരാഴ്ചത്തേക്കു വേണ്ട വസ്ത്രങ്ങൾ ഒരുമിച്ച ഇസ്തിരി ഇടുന്നതാണ് ഉത്തമം. ഇസ്തിരിപ്പെട്ടി ചൂടായിക്കൊണ്ടിരിക്കുന്ന സമയവും ഇസ്തിരിപ്പെട്ടി ഓഫ് ചെയ്തതിനുശേഷമുള്ള സമയവും ചൂട് കുറവ് ആവശ്യമുള്ള തുണിത്തരങ്ങൾ ഇസ്തിരിയിടുന്നതിന് ഉപയോഗിക്കാം.
വസ്ത്രങ്ങൾക്കു നനവുണ്ടെങ്കിൽ വൈദ്യുതി നഷ്ടം കൂടും. ഇസ്‌തിരി ഇടുന്ന പ്രതലം മൃദുലമായിരിക്കണം. അടിയില്‍ ആവശ്യത്തിന് കട്ടിയില്ല എങ്കില്‍ വസ്‌ത്രങ്ങളിലെ ചുളിവ് പോകില്ല. ഇതൊഴിവാക്കാൻ മേശക്ക് മുകളില്‍ കുറഞ്ഞത് രണ്ടോ മൂന്നോ പുതപ്പുകള്‍ വിരിക്കുക.
ഇസ്തിരി ഇടുന്ന സമയത്ത് സീലിംഗ് ഫാൻ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സീലിംഗ് ഫാനിൽ നിന്നും വരുന്ന കാറ്റ് ഇസ്തിരിപ്പെട്ടിയിലെ ചൂട് നഷ്ടപ്പെടുത്തും. വൈകുന്നേരം വോൾട്ടേജ് കുറവുള്ള (6.30 മുതൽ 10 മണി വരെ) സമയങ്ങളിൽ ഇലക്ട്രിക് അയൺ ഉപയോഗിക്കാതിരിക്കുക.
English Summary- Ironing Clothes Mistakes We all Do; Tips