വീടിന്റെ പ്രധാനഭാഗമാണ് കിച്ചൻ. മലയാളികൾ വീട് നിർമ്മിക്കുമ്പോൾ ഏറ്റവും കൂടുതൽ കാശ് ചെലവാക്കുന്നതും എന്നാൽ പലരും ഏറ്റവും കുറവ് ഉപയോഗിക്കുന്നതും, അതേസമയം സാധാരണ വീടുകളിൽ ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്നതും അടുക്കളയിലാണ്. സാധാരണ വീടുകളിൽ ചെറിയ ബജറ്റിൽ പണിയുന്ന അടുക്കള എങ്ങനെ ആയിരിക്കണം? എന്റെ ചില അഭിപ്രായങ്ങൾ പങ്കുവയ്ക്കാം.
1. ആദ്യം അടുക്കള ഏത് ഷേപ്പിൽ (L ഷേപ്പ്, U ഷേപ്പ്, ഐലൻഡ്, സ്ട്രെയ്റ്റ്) ഉള്ളത് വേണം എന്ന് തീരുമാനിക്കണം. അതിനനുസരിച്ചാണ് പ്ലാൻ വരയ്ക്കേണ്ടത്. ഉപയോഗിക്കുന്ന ആളുടെ ഹൈറ്റിന് അനുസരിച്ചു ആയിരിക്കണം സ്ലാബ് വരേണ്ടത്. അതു ജോലി അനായാസം ആക്കാൻ ഉപകരിക്കും.
2. കിച്ചൻ വാളിൽ പരമാവധി വൈറ്റ് ടൈൽ അല്ലെങ്കിൽ ലൈറ്റ് കളർ ടൈൽ ഇടുന്നതാണ് നല്ലത്. ഒന്ന് അഴുക്ക് പെട്ടെന്ന് അറിയുകയും അറിയാതെ ക്ളീൻ ചെയ്തു പോകുകയും ചെയ്യും. മറ്റൊന്ന്, ഇതിൽ ഏത് കബോർഡ് വെച്ചാലും കൂടുതൽ ഭംഗി കിട്ടും. കൂടുതൽ വെളിച്ചം തോന്നിക്കുകയും ചെയ്യും.(എനിക്ക് അബദ്ധം പറ്റിയതാണ് അതുകൊണ്ടാണ് പറഞ്ഞത് )
3. കൂടുതൽ ഉപയോഗം ഉണ്ടെങ്കിൽ ഡബിൾ സിങ്ക് വളരെ നല്ലതാണ്. ഇതു ജോലി എളുപ്പമാക്കുകയും വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുകയും സമയം ലാഭിക്കുകയും അടുക്കളയിൽ വെള്ളം തെറിച്ചു അഴുക്ക് ആകുന്നത് പരമാവധി കുറയ്ക്കുകയും ചെയ്യും. മാത്രമല്ല കുട്ടികൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാനും പെട്ടെന്ന് ജോലി തീർക്കാൻ രണ്ടുപേർക്ക് ഒരുമിച്ചു ചെയ്യാനും പറ്റും. (ഒരാൾ പാത്രം സോപ്പിട്ടു കൊടുക്കുന്നു മറ്റെയാൾ കഴുകുന്നു)
4. മോഡുലാർ കിച്ചൻ ആണ് ചെയ്യുന്നതെങ്കിൽ, സ്ലാബ് നേരത്തേ വാർത്തിടാതെ ക്യാബിൻ അടിച്ചു മുകളിൽ ഗ്രാനൈറ്റ് (അല്ലെങ്കിൽ മറ്റുള്ളവ) ഇടുന്നതാണ് നല്ലത്. കാരണം, ഇങ്ങനെ ചെയ്യുമ്പോൾ ഗ്യാപ് വളരെ കുറവ് ആയിരിക്കും. അപ്പോൾ പാറ്റ തുടങ്ങിയ ജീവികൾ വളരെ കുറവേ ഉണ്ടാകൂ. മാത്രമല്ല വേണമെങ്കിൽ വേറെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ പറ്റുകയും ചെയ്യും.
5. ഉപയോഗിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ വിറക് അടുപ്പിന്റെ ആവശ്യം ഉള്ളൂ, അല്ലെങ്കിൽ ആ സ്ഥലം വെറുതെ വേസ്റ്റ് ആയി കിടക്കും. വിറക് കിട്ടാനുള്ളത് കൊണ്ടും ഉപയോഗിക്കാൻ താല്പര്യം ഉള്ളതുകൊണ്ടും എന്റെ വീട്ടിൽ വിറകടുപ്പ് നന്നായി ഉപയോഗിക്കുന്നുണ്ട്. (അത്യാവശ്യം കച്ചറ സാധങ്ങൾ ഇതിന്റെ കൂടെ കത്തിച്ചു പോകുകയും കിട്ടുന്ന ചാരം പച്ചക്കറികൾക്ക് വളം ആയിമാറുകയും ചെയ്യും )
6. എപ്പോഴും ഉപയോഗിക്കേണ്ടി വരുന്ന ഉപ്പ്, പഞ്ചസാര, കറി പൗഡറുകൾ മുതലായ സാധനങ്ങൾ കബോർഡിനുള്ളിൽ വയ്ക്കാതെ കയ്യെത്തുന്ന രീതിയിൽ ഒരു സ്റ്റാൻഡിൽ പുറത്തു വയ്ക്കുന്നത് ആണ് നല്ലത്, അത് എപ്പോഴും ഡോർ തുറന്ന് അടയ്ക്കുന്നത് ഒഴിവാക്കും.
7. കഴിയുമെങ്കിൽ നാലു പേർക്ക് ഇരിക്കാവുന്ന ഒരു ചെറിയ ടേബിൾ കിച്ചണിൽ ഇടുന്നത് നല്ലതാണ്.ചില സമയങ്ങളിൽ എളുപ്പത്തിൽ ഭക്ഷണം കഴിക്കുക മാത്രമല്ല, സഹായിച്ചില്ലെങ്കിലും വീട്ടിലുള്ളവർക്ക് ഇരുന്ന് കുശലം പറയുകയും ഒപ്പം പണി നടക്കുകയും ചെയ്യും. ഈ ടേബിൾ കുട്ടികളെ പഠിപ്പിക്കുന്നതടക്കം ഒരുപാട് കാര്യങ്ങൾക്ക് ഉപകരിക്കുകയും ചെയ്യും.
English Summary- How to design Utility Based Kitchen- Tips