ഇപ്പോൾ വീടുപണിയിൽ ധാരാളം പേർക്ക് കൺഫ്യൂഷൻ ഉണ്ടാവുന്ന ഒരു കാര്യമാണ് വീടിന്റെ ഡോറുകളും വിൻഡോകളും. ഈ കാര്യത്തിൽ, വീടിന്റെ സുരക്ഷയ്ക്കാണോ ഭംഗിക്കാണോ അതിനുപയോഗിക്കുന്ന മെറ്റീരിയലുകൾക്കാണോ കാലാവസ്ഥയ്ക്കാണോ പ്രൗഢിക്കാണോ അതിനു വരുന്ന കോസ്റ്റിനാണോ ചില വിശ്വാസങ്ങൾക്കാണോ പ്രാധാന്യം കൊടുക്കേണ്ടത് എന്ന് മിക്കവർക്കും സംശയം ആണ്.
ഇതിൽ തൽക്കാലം വിൻഡോ നമുക്ക് മാറ്റിവയ്ക്കാം. ഡോറുകളുടെ കാര്യമെടുക്കാം. ഇന്ന് നിലവിൽ വുഡ്, സ്റ്റീൽ, അലുമിനിയം, UPVC, MDF, WPC എന്നുവേണ്ട ഒരുപാട് ഇനം ഡോറുകൾ വിപണിയിൽ ലഭിക്കുന്നുണ്ട്. മറ്റുള്ള നാടുകളിൽ ഭംഗിയെക്കാൾ ഉപരി സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുമ്പോൾ നമ്മുടെ നാട്ടിൽ ഇപ്പോഴും പകുതിപേരും ഭംഗിക്ക് തന്നെയാണ് പ്രാധാന്യം കൊടുക്കുന്നത്.
ഞാൻ എന്റെ അനുഭവം പറയാം.
എന്റെ വീട്ടിൽ ഞാൻ ഡോറുകൾ വാങ്ങുമ്പോൾ ഏറ്റവും പ്രാധാന്യം കൊടുത്തത്, 3 കാര്യങ്ങൾക്കാണ്.
1 ചിതൽ
2 സുരക്ഷ
3 കോസ്റ്റ്
ഞങ്ങളുടെ ഏരിയ ചിതൽ ഉള്ള സ്ഥലം ആണെന്ന് അറിയാവുന്നത് കൊണ്ടുതന്നെ വീട് പണിയിൽ കൂടുതൽ പ്രാധാന്യം ഈ കാര്യത്തിന് കൊടുത്തിട്ടുണ്ട്. അതുകൊണ്ട്, അഞ്ചു വർഷങ്ങൾക്കു മുൻപ് തന്നെ ഞാൻ എല്ലാ ഡോറുകളും സ്റ്റീൽ തന്നെയാണ് വാങ്ങിയത്. ബാത്റൂം ഡോറുകൾ ഒഴിച്ച് ബാക്കിയെല്ലാം. ബെഡ്റൂമുകളുടെ ഡോറുകൾ വരെ. മാത്രമല്ല എല്ലാ വിൻഡോകളും. അതായത് ഫർണീച്ചറുകൾ മാത്രമേ മരം ആയിട്ടുള്ളു. (വീടുപണി തുടങ്ങിയപ്പോൾ തന്നെ ഇത് വച്ചിട്ടാണ് ഭിത്തി കെട്ടിയത്. പണി തീർന്നപ്പോൾ 2 വർഷം ആയി )
കോസ്റ്റ് കുറക്കാൻ വേണ്ടി, മെയിൻ ഡോർ മാത്രം ബ്രാൻഡ് നോക്കി എടുത്തു (സിംഗിൾ ഡോർ, കൂടുതൽ ലോക്കുകൾ ഉള്ളത് ) ബാക്കിയുള്ളതെല്ലാം നല്ല കനം കൂടിയ ഷീറ്റ് ഇട്ടു നല്ല രീതിയിൽ തന്നെ കമ്പനിയിൽ തന്നെ പണിയിപ്പിച്ചെടുത്തു, അതു മരം പോലെ പെയിന്റ് ചെയ്തെടുത്തു.
സിംഗിൾ ഡോർ എടുക്കാൻ കാരണം കോസ്റ്റ് കുറക്കാനും സ്‌ട്രെങ്ത് കൂട്ടാനും ആണ്. സിംഗിൾ ഡോറിന്റെ ലോക്കുകൾ കട്ടളയുടെ എല്ലാ ഭാഗത്തേക്കും കിട്ടുമ്പോൾ ഡബിൾ ഡോറിൽ സെന്ററിൽ മാത്രമേ കിട്ടുകയുള്ളൂ. അടുക്കളയ്ക്ക് വർക്ക് ഏരിയ ഇല്ലാത്തതുകൊണ്ട് ഉള്ള അടുക്കളയ്ക്ക് സൗകര്യം കൂട്ടുന്നതിനു വേണ്ടിയും,ബലം കൂട്ടുന്നതിനു വേണ്ടിയും, ഡോറിന്റെ കോസ്റ്റ് കുറക്കുന്നതിനു വേണ്ടിയും ബാക്ക്ഡോർ പുറത്തേക്ക് തുറക്കുന്ന രീതിയിൽ ആക്കി. ഡോർ തുറക്കുന്നത് യുട്ടിലിറ്റി സ്പെയ്‌സിലേക്ക് ആയതുകൊണ്ട് മഴ നനയുകയും ഇല്ല. അവിടെ വേറെ ഒരു ഗ്രിൽ ഡോർ കൂടിയുണ്ട് (പുറത്തേക്ക് തുറക്കുന്ന രീതിയിൽ ഉള്ള ഡോറുകൾ അകത്തേക്ക് തുറക്കുന്നതിനെ അപേക്ഷിച്ചു ബ്രേക്ക് ചെയ്യാൻ കൂടുതൽ ബുദ്ധിമുട്ടാണ്). ചവിട്ടി പൊളിച്ചു അകത്തു കയറാൻ എളുപ്പം അല്ല. കട്ടള ഉൾപ്പെടെ പൊളിക്കേണ്ടിവരും. വലിച്ചു തുറക്കാനും എളുപ്പം അല്ല.
ഞാൻ സ്റ്റീൽ ഡോറുകളെ പ്രോത്സാഹിപ്പിക്കുന്നതല്ല, 5 വർഷം മുൻപ് ചിതലിനെ തോൽപ്പിക്കാനും കോസ്റ്റ് കുറക്കാനും സുരക്ഷ കൂട്ടാനും ഇതേ മാർഗം ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ഇഷ്ടംപോലെ മാർഗങ്ങൾ ഉണ്ട്, നിങ്ങൾക്ക് ഇഷ്ടം ഉള്ളത് തിരഞ്ഞെടുക്കാം. വില 5 വർഷം മുൻപ് ഉള്ളതല്ല ഇപ്പോൾ എന്ന് അറിയാം എങ്കിലും വീട്ടിലെ എല്ലാ ഡോറുകളും കൂടി 12 എണ്ണം (ബാത്ത് റൂമുകൾ ഉൾപ്പെടെ )മൊത്തം 80000രൂപ ആണ് ആയത്.
English Smmary- Selecting Doors for House- Home Furnishing Cost Cutting Tips