റഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കുക

fridge
Representative shutterstock image
SHARE

റഫ്രിജറേറ്റർ വങ്ങുമ്പോൾ ആവശ്യത്തിനു മാത്രം വലിപ്പമുള്ളതും ഊർജ്ജ ക്ഷമത കൂടിയതുമായ മോഡലുകൾ തിരഞ്ഞെടുക്കുക. നാലുപേർ അടങ്ങിയ കുടുംബത്തിന് 165 ലിറ്റർ ശേഷിയുള്ള റഫ്രിജറേറ്റർ മതിയാകും. വലുപ്പം കൂടുംതോറും വൈദ്യുതി ചെലവും കൂടും എന്ന കാര്യം ശ്രദ്ധിക്കുക.

റഫ്രിജറേറ്റററുകളുടെ വൈദ്യുതി ഉപയോഗം അറിയുന്നത് ബി.ഇ.ഇ (ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി) സ്റ്റാർ ലേബൽ സഹായിക്കുന്നു. അഞ്ച് സ്റ്റാർ ഉള്ള 240 ലിറ്റർ റഫ്രിജറേറ്റർ വർഷം 385 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോൾ രണ്ട് സ്റ്റാർ ഉള്ളവ വർഷം 706 യൂണിറ്റ് ഉപയോഗിക്കുന്നു. സ്റ്റാർ അടയാളം ഇല്ലാത്ത പഴയ റഫ്രിജറേറ്റർ വർഷം 900 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. സ്റ്റാർ അടയാളം കൂടും തോറും വൈദ്യുതി ഉപയോഗം കുറയുമെന്നർഥം. കൂടുതൽ സ്റ്റാർ ഉള്ള റെഫ്രിജറേറ്റർ വാങ്ങുന്നതിനുവേണ്ടി ചെലവിടുന്ന അധികതുക തുടർന്നു വരുന്ന മാസങ്ങളിലെ കുറഞ്ഞ വൈദ്യുതി ബില്ലിലൂടെ രണ്ടു മൂന്നു വർഷത്തിനുള്ളിൽ ലഭിക്കുന്നതിനാൽ സാമ്പത്തിക നേട്ടമാണ് ഉണ്ടാകുന്നത്.

റഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

fridge-energy

∙റഫ്രിജറേറ്ററിനു ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുക. ഇതിനായി ഭിത്തിയിൽ നിന്നും നാല് ഇഞ്ചെങ്കിലും അകലം ഉണ്ടായിരിക്കണം.

∙റഫ്രിജറേറ്ററിന്റെ വാതിൽ ഭദ്രമായി അടഞ്ഞിരിക്കണം. ഇതിനായി വാതിലിലുള്ള റബ്ബർ ബീഡിങ് കാലാകാലം പരിശോധിച്ച് പഴക്കം ചെന്നതാണെങ്കിൽ മാറ്റുക.

∙ആഹാരസാധനങ്ങൾ ചൂടാറിയതിനു ശേഷം മാത്രം റഫ്രിജറേറ്ററിൽ വയ്ക്കുക. എടുത്തു കഴിഞ്ഞാൽ തണുപ്പു മാറിയതിനു ശേഷം മാത്രം ചൂടാക്കുക.

∙കൂടെകൂടെ റഫ്രിജറേറ്റർ തുറക്കുന്നത് ഊർജ്ജനഷ്ടമുണ്ടാക്കും.

fridge
Representative Image. Photo Credit: Andrey_Popov/ Shutterstock.com

∙റഫ്രിജറേറ്റർ കൂടുതൽ നേരം തുറന്നിടുന്നത് ഒഴിവാക്കാനായി ആഹാരസാധനങ്ങൾ അടുക്കോടും ചിട്ടയോടെയും ഒരു നിശ്ചിത സ്ഥാനത്ത് വയ്ക്കാൻ ശ്രദ്ധിക്കുക.

∙റഫ്രിജറേറ്ററിനകത്ത് സൂക്ഷിക്കാനുള്ള സാധനങ്ങൾ തീരെ കുറവാണെങ്കിൽ വെള്ളം നിറച്ച കുറേ ബോട്ടിലുകൾ വയ്ക്കുന്നത് വാതിൽ തുറക്കുന്ന സമയത്ത് അകത്തെ തണുപ്പ് പെട്ടെന്ന് നഷ്ടപ്പെടാതെ നിലനിർത്താൻ സഹായിക്കും.

∙കാലാവസ്ഥ അനുസരിച്ചും ഉള്ളിലെ സാധനങ്ങളുടെ അളവ് അനുസരിച്ചും തെർമോസ്റ്റാറ്റ് ക്രമീകരിക്കണം.

∙റഫ്രിജറേറ്ററിൽ ആഹാര സാധനങ്ങൾ കുത്തിനിറച്ച് ഉപയോഗിക്കുന്നത് വൈദ്യുതി ചെലവു കൂട്ടും. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് റഫ്രിജറേറ്ററിനകത്തെ സുഗമമായ തണുത്ത വായു സഞ്ചാരത്തിന് തടസ്സം ഉണ്ടാക്കുന്നതിനാൽ ആഹാരസാധനങ്ങൾ കേടാകുകയും ചെയ്യും.

∙ആഹാരസാധനങ്ങൾ അടച്ചു മാത്രം റഫ്രിജറേറ്ററിൽ സൂക്ഷിക്കുക. ഇത് ഈർപ്പം റഫ്രിജറേറ്ററിനകത്ത് വ്യാപിക്കുന്നത് തടയുകയും തന്മൂലമുള്ള വൈദ്യുതി നഷ്ടം ഒഴിവാക്കുകയും ചെയ്യുന്നു.

∙ഫ്രീസറിൽ ഐസ് കൂടുതൽ കട്ട പിടിക്കുന്നത് ഊർജ്ജനഷ്ടമുണ്ടാക്കുന്നു. അതിനാൽ നിർമാതാവ് നിർദ്ദേശിച്ചിട്ടുള്ള സമയ ക്രമത്തിൽ തന്നെ ഫ്രീസർ ഡീ ഫ്രോസ്റ്റ് ചെയ്യുക.

∙ഫ്രീസറിൽ നിന്നെടുത്ത ആഹാര സാധനങ്ങൾ റഫ്രിജറേറ്ററിനകത്തെ താഴെതട്ടിൽ വച്ച് തണുപ്പ് കുറഞ്ഞതിനു ശേഷം മാത്രം പുറത്തെടുക്കുക.

∙വൈകിട്ട് വോൾട്ടേജ് കുറവുള്ള സമയങ്ങളിൽ (6.30 മുതൽ 10.30 വരെ) റഫ്രിജറേറ്റർ ഓഫ് ചെയ്യുന്നതിലൂടെ വൈദ്യുതി ലാഭിക്കാനും പ്രവർത്തന കാലം നീട്ടാനും സാധിക്കും. റഫ്രിജറേറ്റർ ഓഫ് ചെയ്തിട്ട് വീണ്ടും ഓൺ ചെയ്യുമ്പോൾ വൈദ്യുത ഉപയോഗം കൂടുമെന്നത് തെറ്റായ ധാരണയാണ്.

∙വളരെയധികം ഊർജ്ജ കാര്യക്ഷമതയുള്ള ഇൻവെർട്ടർ റഫ്രിജറേറ്ററുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. സാധാരണ റഫ്രിജറേറ്റർ ദിവസേന 2 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോൾ ഇൻവെർട്ടർ റഫ്രിജറേറ്റർ ഒരു ദിവസം ഒരു യൂണിറ്റിൽ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്നു.

English Summary- Refrigerator Power Saving Tips- Home Tips

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS