ADVERTISEMENT

നമ്മളിൽ വീടുപണി കഴിഞ്ഞിട്ടുള്ളവരിൽ എത്ര പേർ വീട് പണിയുന്നതിനു മുൻപ് ആ പ്ലാനിൽ ഒന്ന് നടക്കുന്നതായി അല്ലെങ്കിൽ ജീവിക്കുന്നതായി സങ്കൽപിച്ചു നോക്കിയിട്ടുണ്ട്. ആ പ്ലാനിനെ ശരിക്കും അടുത്തറിഞ്ഞിട്ടുണ്ട്?...ഇനിയുള്ളവർ എങ്കിലും അങ്ങനെ ഒന്ന് ചെയ്തുനോക്കണം, (അത് വലിയ വീട് ആയാലും ചെറിയ വീട് ആയാലും). ഇപ്പോൾ നമ്മൾ ചെയ്യിക്കുന്ന പ്ലാനുകളിൽ എല്ലാം വ്യക്തമായി മനസ്സിലാക്കാനുള്ള സാഹചര്യം ഉണ്ട്. 

ഇനി മുറിയുടെ വലുപ്പതിനനുസരിച്ചു എല്ലാ ഫർണീച്ചറുകളും മറ്റും സെറ്റ് ചെയ്തുകിട്ടുന്ന പ്ലാനിൽ കുറച്ചു ദിവസങ്ങൾ നമ്മൾ ഒന്ന് സഞ്ചരിച്ചു നോക്കുകയും ജീവിച്ചു നോക്കുന്നതായും ഒന്ന് സങ്കൽപിക്കണം. അപ്പോൾ നമുക്കുതന്നെ കുറെയൊക്കെ എവിടെയൊക്കെയാണ് പോരായ്മകൾ എന്ന് മനസ്സിലാകും. എന്നിട്ട് അതൊക്കെ പരിഹരിച്ചിട്ടേ വീട് പണി തുടങ്ങാവൂ.

ഉദാഹരണത്തിന്, എല്ലാ ഫർണീച്ചറുകളും ഇട്ടു കഴിഞ്ഞാൽ, സാധാരണ ഒരു വീട്ടിൽ എല്ലാവരും പൊതുവായി നടക്കുന്ന സ്ഥലങ്ങളിൽ, വളരെ ഫ്രീയായി ചലിക്കാൻ പറ്റുന്നുണ്ടോ?, അല്ലെങ്കിൽ വീട്ടുകാരിക്ക് ഒരു കുട്ടിയേയും എടുത്തുകൊണ്ടു മറ്റേ കയ്യിൽ ഒരു ബാഗോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമൊ ആയി വീട്ടിലേക്ക് കയറി വന്നാൽ ഈസിയായി അടുക്കളയിലേക്കോ അല്ലെങ്കിൽ ബെഡ്റൂമിലേക്കോ പോകാൻ പറ്റുന്നുണ്ടോ?, അതുപോലെതന്നെ പുറത്തേക്ക് പോകുമ്പോഴും.... 

വയസ്സായ നമ്മുടെ മാതാപിതാക്കൾ അല്ലെങ്കിൽ രോഗികൾ ആയവരെ പിടിച്ചുകൊണ്ടു അകത്തേക്ക് വരുമ്പോഴും പുറത്തേക്ക് പോകുമ്പോഴും അവരുടെ മുറിയിൽ നിന്നും പുറത്തെത്തുന്നതുവരെ എന്തൊക്കെ തടസങ്ങൾ ഉണ്ട് എന്നും മനസ്സിലാക്കാൻ പറ്റും, അവരും കൂടി ഉൾപ്പെടുന്നതാണല്ലോ വീട്. (മാതാപിതാക്കൾക്കുള്ള റൂമും, ബാത്റൂം ഉൾപ്പെടെ പ്രത്യേക പരിഗണന കൊടുക്കുക)

അതുപോലെതന്നെ വീടിന്റെ എല്ലാ ഭാഗങ്ങളിലൂടെയും ഒന്ന് സഞ്ചരിച്ചു നോക്കണം. അങ്ങനെ ചെയ്താൽ മുറിയുടെ വലുപ്പത്തിനനുസരിച്ച്, കട്ടിലുകളുടെ സ്ഥാനം അവയുടെ വലുപ്പം, ലിവിങ്ങിന്റെ വലുപ്പത്തിനനുസരിച്ചു സെറ്റിയുടെ സ്ഥാനം, അവയുടെ സീറ്റുകളുടെ എണ്ണം, ഡൈനിങ്ങിന്റെ വലുപ്പത്തിനനുസരിച്ചു ടേബിളിന്റെ സ്ഥാനം, സീറ്റുകളുടെ എണ്ണം, അവയുടെ വലുപ്പം, പിന്നെ കിച്ചൻ, അതിലെ സാധനങ്ങൾ, ബാത്റൂം, അതിലെ ഫിറ്റിങ്ങുകൾ,തുടങ്ങിയ എല്ലാ കാര്യങ്ങളും നമുക്ക് മുൻകൂട്ടി മനസ്സിലാക്കി അതിൽവരുന്ന തടസ്സങ്ങൾ നീക്കി പണിതുടങ്ങാൻ സാധിക്കും.

മറ്റൊരു സ്ഥലത്തു കണ്ട പല കാര്യങ്ങളും നമ്മുടെ വീട്ടിലേക്ക് അതേപടി പകർത്തുമ്പോൾ അത് ആ മുറിയുടെ അളവ് കൂടി പരിഗണിക്കുക. അവിടെ വലുപ്പം ഉള്ള ഒരു ഹാളിൽ കണ്ട കാര്യം, നമ്മുടെ കുറച്ചു ചെറിയ ഹാളിലേക്ക് വരുമ്പോൾ ഉണ്ടാകാവുന്ന തടസ്സങ്ങൾ മുൻകൂട്ടി കാണുക.

ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക, വീട്ടുകാരുടെ എണ്ണത്തിനനുസരിച്ചു (നമ്മുടെ മാതാപിതാക്കൾ, കുട്ടികൾ ഉൾപ്പെടെ) അവരുടെ സ്വതന്ത്രമായ ചലനങ്ങൾക്ക് തടസ്സമാകുന്ന രീതിയിൽ നിർമ്മിക്കുന്ന വീടുകളിൽ, എത്രയൊക്കെ ചെയ്തു കൂട്ടിയാലും പെട്ടന്ന് തന്നെ മടുപ്പുളവാക്കും. (വീടിനകത്തേക്ക്, പുറത്തേക്ക്, റൂമുകളിലേക്ക്, അടുക്കളയിലേക്ക്, ഡൈനിങ്ങിലേക്ക്, തുടങ്ങിയ പൊതുവായ പാസ്സേജുകൾ) മുറിയുടെ വലുപ്പത്തിനനുസരിച്ചു മാത്രം ഫർണീച്ചറുകൾ തിരഞ്ഞെടുക്കുക. എല്ലാത്തിനും ഉപരിയായി എത്രത്തോളംകൂടുതൽ വായുവും വെളിച്ചവും വീടിനകത്തേക്ക് കയറാൻ സാധിക്കുന്നുവോ, അതിനു കൂടുതൽ പരിഗണന കൊടുക്കാൻ ശ്രമിക്കുക.

English Summary- Need to walkthrough House before construction- Expert Talk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com