വീട്ടമ്മമാർക്ക് ഏറ്റവും തലവേദന ഉണ്ടാക്കുന്ന പ്രാണിയാണ് ഈച്ച. പലമാരകരോഗങ്ങളും പടര്‍ന്നു പിടിക്കുന്നത് ഈച്ചകള്‍ വഴിയാണ്. കോളറ, വയറുകടി, ടൈഫോയ്ഡ്, അതിസാരം തുടങ്ങിയവയ്ക്കൊക്കെ ഈച്ച കാരണമാകും. എങ്ങനെയാണ് ഈച്ചയെ വീട്ടില്‍ നിന്നും പറപറത്തുന്നത്? അതിനുള്ള ചില പൊടികൈകള്‍ ഇതാ:
കര്‍പ്പൂരം- കര്‍പ്പൂരം കത്തിക്കുന്നത് ഈച്ചയെ ഒഴിവാക്കാന്‍ നല്ലതാണ്. ഇതിന്റെ പുകയടിച്ചാല്‍ ഈച്ച പമ്പകടക്കും. കുന്തിരിക്കവും നല്ലൊരു പരിഹാര മാര്‍ഗമാണ്. കര്‍പ്പൂരം കത്തിക്കുമ്പോളുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും. കര്‍പ്പൂരം ചേര്‍ത്ത വെള്ളം കൊണ്ട് മേശയും മറ്റും തുടയ്ക്കുന്നതും നല്ലതാണ്.
തുളസി-ഔഷധ ഗുണങ്ങള്‍ മാത്രമല്ല, ഈച്ചകളെ തുരത്താനുള്ള കഴിവും തുളസിക്കുണ്ട്. തുളസിയുടെ ഇല നല്ലപോലെ കശക്കി പലയിടത്തു വയ്ക്കുന്നതും ഈച്ചയെ തുരത്താന്‍ നല്ലതാണ്.
ഈച്ചക്കെണി-ഈച്ചയെ ഓടിക്കാന്‍ പറ്റിയ ഒരു മാര്‍ഗ്ഗം ആണിത്. കുപ്പിയില്‍ ശര്‍ക്കരയോ പഞ്ചസാര ലായനിയോ പഴം നല്ലപോല ഉടച്ചിളക്കി കുപ്പിയിലിട്ടു വെള്ളമൊഴിച്ചതോ പൈനാപ്പിളിട്ട് വെള്ളമൊഴിച്ചതോ ഉപയോഗിക്കാം.. ഇതെല്ലാം തന്നെ ഈച്ചകളെ ആകർഷിക്കുന്നവയാണ്. അതിനാൽ ഇതൊരു ഈച്ചക്കെണിയായി ഉപയോഗിക്കാവുന്നതാണ്.
സുഗന്ധദ്രവ്യങ്ങള്‍- കര്‍പ്പൂരതൈലം, യൂക്കാലിപ്റ്റസ്, പുതിന, ഇഞ്ചിപ്പുല്ല് തുടങ്ങിയവയ്ക്ക് സുഗന്ധം മാത്രമല്ല ഈച്ചകളെ തുരത്താനുള്ള കഴിവുമുണ്ട്.
വിനാഗിരി- ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ച് ഈച്ചകളെ വേഗത്തില്‍ അകറ്റാനാവും. അൽപം വിനെഗര്‍ ഒരു പാത്രത്തിലെടുത്ത്, ഈച്ചകള്‍ രക്ഷപെടാതിരിക്കാന്‍ അൽപം ലിക്വിഡ് ഡിറ്റര്‍ജന്‍റും അതില്‍ ചേര്‍ക്കുക. ഇതിന്‍റെ ഗന്ധം ഈച്ചകളെ ഇവയിലെക്ക് ആകര്‍ഷിച്ചു ഇല്ലാതാക്കും.
കൊതുകിനെ പറപറത്താം

കൊതുക് ശല്യം നിസ്സാരപ്രശ്നമല്ല. അപകടകരമായ ഒരുപിടി രോഗങ്ങളുടെ കാരണക്കാരന്‍ കൂടിയാണ് കൊതുക്. ചിക്കന്‍ ഗുനിയ, ഡെങ്കി പനി, മലേറിയ എന്ന് തുടങ്ങി കൊതുകിന്റെ ശല്യം മൂലം ഭയക്കേണ്ട രോഗങ്ങളുടെ ലിസ്റ്റ് വലുതാണ്. എങ്ങനെയാണ് ഈ ശല്യത്തില്‍ നിന്നും രക്ഷനേടേണ്ടത് എന്ന് നോക്കാം.
സാഹചര്യം ഒഴിവാക്കാം - എല്ലാ നിവാരണനടപടികളും സ്വീകരിക്കുന്നതിനു മുൻപായി ചെയ്യേണ്ട ഒരു കാര്യം ആദ്യം വീട്ടില്‍ നിന്നും കൊതുക് വരാതിരിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ്. കെട്ടികിടക്കുന്ന വെള്ളം , മലിനജലം , പാട്ടകളിലും മറ്റും വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥ ഇതൊക്കെ ഒഴിവാക്കാം. വീടും പരിസരവും വൃത്തിയോടെ സൂക്ഷിച്ചാല്‍ തന്നെ കൊതുക് വരില്ല.
ചെറുനാരങ്ങ ഗ്രാമ്പൂ പ്രയോഗം - ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും. ചെറുനാരങ്ങയില്‍ ഗ്രാമ്പൂ കുത്തി മുറികളില്‍ വയ്ക്കുന്നത് കൊതുകിനെ ഓടിക്കാന്‍ നല്ലതാണ്.
ഇഞ്ചപുല്ല്- കൊതുകുകളെ അകറ്റുന്നതിന് ഇഞ്ചപ്പുല്ല് എണ്ണ ഒഴിച്ച തിരികള്‍ കത്തിച്ച് റാന്തല്‍ മുറ്റത്ത് വയ്ക്കുക. ഡങ്കിപനി വരുത്തുന്ന കൊതുകളെ നശിപ്പിക്കാന്‍ ഇഞ്ചപുല്ലു നല്ലതാണ്.
കാപ്പിപ്പൊടി, കുരുമുളക് പൊടി- കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇവ അല്‍പം തുറന്ന ബൗളില്‍ സൂക്ഷിക്കുന്നത് കൊതുകിനെ അകറ്റും. കുരുമുളകുപൊടി സ്പ്രെ ചെയ്യുന്നത് കൊതുകിനെ തുരത്താൻ നല്ലതാണ്. കുരുമുളകുപൊടി ഏതെങ്കിലും എസന്‍ഷ്യല്‍ ഓയിലില്‍ കലര്‍ത്തി കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്‌പ്രേ ചെയ്യാം.
വേപ്പെണ്ണ പ്രയോഗം - കൊതുകിന്റെ ശത്രു ആണ് വേപ്പെണ്ണ. ഇത് നന്നായി നേര്‍പ്പിച്ചു വീടിനുള്ളില്‍ സ്പ്രേ ചെയ്യുകയാണ് വേണ്ടത്.
ചെടികൾ- പല ജീവജാലങ്ങള്‍ക്കും ഇഷ്ടം ഇല്ലാത്ത മണമാണ് ബന്തിയുടെത്. ഇവ കൊതുകുകളെയും മുഞ്ഞ പോലെയുള്ള കീടങ്ങളെയും നശിപ്പിക്കാന്‍ സഹായിക്കും. ബന്തിയില്‍ തന്നെ ആഫ്രിക്കന്‍, ഫ്രഞ്ച് എന്നിങ്ങനെ രണ്ട് തരം സസ്യങ്ങള്‍ ഉണ്ട്. ഇവ രണ്ടും കൊതുകുകളെ അകറ്റാന്‍ ഫലപ്രദമാണ്. അതുപോലെ വേപ്പ്, പപ്പായ ഇഞ്ചി, പുതിന, തുളസി എന്നിവ വീട്ടിനോട് ചേര്‍ത്ത് നടുന്നത് പ്രാണികളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നതാണ്..
English Summary- Prevent Mosquitoes and Housefly at House; Tips