ADVERTISEMENT

വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കുന്നതു ടൈലുകൾ തന്നെയാണ്. ഏതു ബജറ്റിനും യോജിച്ച രീതിയിലുള്ള ടൈലുകൾ വിപണിയിൽ ലഭ്യമാണ്. മാർബിളുകളെയും ഗ്രാനൈറ്റുകളെയും അപേക്ഷിച്ച് എളുപ്പത്തിൽ പണി പൂർത്തിയാകും. അടുത്തകാലം വരെ ടൈലിന്റെ ഉറപ്പും ഗുണമേന്മയും നിറവും മാത്രമാണു വീടു നിർമാണത്തിനായി ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ചിരുന്നത്. എന്നാൽ ടൈലുകളിൽ വ്യത്യസ്തതയും പുതുമയും ആണ് ഇന്നത്തെ ആവശ്യം. പുതുമ എന്നു പറയുമ്പോൾ അതു പഴമയിൽനിന്നു തിരിച്ചെത്തിയ പുതുമയുമാകാം. അതിനാലാണ് വിപണിയിൽ ആത്താംകുടി ടൈലുകൾക്ക് ആവശ്യക്കാർ ഏറുന്നത്.

വിട്രിഫൈഡ്, സെമി വിട്രിഫൈഡ് ടൈലുകൾക്ക് അപ്പുറമാണ് ആത്താംകുടി ടൈലുകളുടെ സ്ഥാനം. തറയോടാണ് എന്നേ തോന്നൂ. എന്നാൽ, തമിഴ്‌നാട്ടിലെ തഞ്ചാവൂരിനടുത്തുള്ള ആത്താംകുടി എന്ന പ്രദേശത്ത് യന്ത്രങ്ങളുടെ സഹായമില്ലാതെ കൈകൾ കൊണ്ടു നിർമിക്കുന്നവയാണ് ആത്താംകുടി ടൈലുകൾ. 

നിലവിൽ വിപണിയിലുള്ള ടൈലുകളിൽ നിന്നും  വിഭിന്നമാണിവ. ട്രെഡീഷണൽ, ഇക്കോഫ്രണ്ട്‌ലി വീടുകളിലേക്ക് ഇത്തരം ടൈലുകൾ ഒരുപാടുപേർ തിരഞ്ഞെടുക്കുന്നു. വ്യത്യസ്തവും കളർഫുളുമാണു ഡിസൈനുകൾ. സ്വദേശി ഉൽപന്നങ്ങൾക്കു വിപണി വർധിക്കുന്നതിന്റെ ഭാഗമായി ആത്താംകുടി ടൈലുകൾക്കും പല നാടുകളിൽനിന്നും ആവശ്യക്കാർ എത്തുന്നുണ്ട്. 

കേരളത്തിൽ ലഭ്യമായ ടൈലുകളെ അപേക്ഷിച്ച്‌ ആത്താംകുടി ടൈലുകൾക്കു  വില വളരെ കുറവാണ്. എന്നാൽ തമിഴ്‌നാട്ടിൽ നിന്ന് അതു കേരളത്തിൽ എത്തിക്കുന്നതിന് നല്ലൊരു തുക ചെലവാകും. വാങ്ങുമ്പോൾ ഡിസൈനുകൾക്ക് അത്ര തിളക്കം ഇല്ലെങ്കിലും ഉപയോഗിക്കുംതോറും ഡിസൈനുകൾ കൂടുതൽ മികവോടെ തെളിഞ്ഞുവരും. വ്യത്യസ്തമായ ഈ ടൈലുകൾ ട്രെഡീഷനൽ, മൊറോക്കൻ ശൈലിയിലുള്ള വീടുകളിലേക്കു യോജിച്ചതാണ്.

ആത്താംകുടി ടൈലുകൾ അവിടെയുള്ള പ്രത്യേകതരം കളിമണ്ണിൽ യന്ത്രസഹായമില്ലാതെ കൈകൾകൊണ്ട് നിർമിക്കുന്ന വർണശബളമായ ടൈലുകളാണ്. പഴയകാല സമ്പന്ന ഭവനങ്ങളുടെയും കൊട്ടാരങ്ങളുടെയും തറകൾ അലങ്കരിച്ചിരുന്ന ഈ ടൈലുകളുടെ പ്രൗഢിക്ക് ഇന്നും തെല്ലും മങ്ങലേറ്റിട്ടില്ല. ഡിസൈൻ ഇല്ലാത്ത ആത്താംകുടി ടൈലും ലഭിക്കും. പണി കഴിയുമ്പോൾ ചതുരശ്രയടിക്ക് 65 രൂപയിലേറെ ചെലവു വരും.

അടുത്തറിയാം ആത്താംകുടി ടൈലുകളെ

1214933569
Representative Image: Photo credit: rajasaravanan/ Shutterstock.com

തമിഴ്‌നാട് സംസ്ഥാനത്തെ ശിവഗംഗ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ആത്താംകുടി. രണ്ടായിരത്തോളം ആളുകൾ മാത്രം താമസിക്കുന്ന ഈ പ്രദേശം  ടൈലുകൾ, മരപ്പണി, ചെട്ടിനാട് ഭക്ഷണം എന്നിവയ്ക്കു പേരുകേട്ടതാണ്. പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗത്തിനും വിഭവങ്ങളുടെയും ഊർജത്തിന്റെയും കുറഞ്ഞ ഉപയോഗത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് ടൈലുകളുടെ നിർമാണം. പ്രാദേശികമായ കളിമണ്ണും മികവുറ്റ തൊഴിലാളികളുടെ കൈവഴക്കവുമാണ് ആത്താംകുടി ടൈലുകളെ വ്യത്യസ്തമാക്കുന്നത്. ഒരു പ്രത്യേക വംശത്തിൽപെട്ട ആളുകളുടെ കുലത്തൊഴിലായാണ് ആത്താംകുടി ടൈൽ നിർമാണം പരിഗണിക്കപ്പെടുന്നത്. പരമ്പരാഗത  ജ്യാമിതീയ രീതികളാണു പിന്തുടർന്നു വരുന്നത്.

പണ്ടു കൈകൾകൊണ്ടായിരുന്നു ടൈൽ നിർമാണം. ഇപ്പോൾ യന്ത്രവൽക്കരണം വന്നു. എന്നാൽ ഇത് ഇപ്പോഴും കുടിൽ വ്യവസായംതന്നെ. മുൻകൂട്ടി ഓർഡർ നൽകിയാൽ മാത്രമേ ടൈലുകൾ ലഭിക്കൂ. ചെട്ടിനാട്ടിലെ നാഗരത്തർ ചെട്ടിയാർ വിവിധ തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ സഞ്ചരിച്ചാണ്‌ ആത്താംകുടി ടൈലുകളുടെ നിർമാണരീതി സ്വായത്തമാക്കിയത്

പടിഞ്ഞാറൻ, കിഴക്കൻ സ്വാധീനങ്ങളുടെ ഫലമാണ് ആത്താംകുടി  ടൈലുകൾ. ഇംഗ്ലിഷ് പരവതാനികളുടെ സങ്കീർണമായ രൂപകൽപനകളും ചൈനീസ് തറയുടെ തിളക്കമാർന്ന ഫിനിഷിങ്ങും ആത്താംകുടി ടൈലുകളിൽ സമ്മേളിക്കുന്നു. 

വ്യത്യസ്ത നിർമാണരീതി 

നിർമാണ പ്രക്രിയ ലളിതമാണ്. പ്രാദേശിക കളിമണ്ണും മണലും ഉപയോഗിച്ചാണ് ടൈലുകൾ നിർമിക്കുന്നത്. സ്ലറി രൂപത്തിൽ മണൽ, കളിമണ്ണ്, നിറമുള്ള ഓക്സൈഡ് എന്നിവയുടെ മിശ്രിതം മൂന്നിഞ്ച് കനത്തിൽ അച്ചിൽ ഒഴിച്ച് സൂര്യപ്രകാശത്തിൽ ഉണങ്ങാൻ വയ്ക്കുന്നു. ഇത്തരത്തിൽ  ടൈലുകളുടെ പ്രാഥമിക ആകൃതി രൂപപ്പെടുത്തിയശേഷം ഇതിലേക്ക് വിവിധ ഓക്സൈഡുകൾ, ബെറി ജെല്ലി, ചായങ്ങൾ എന്നിവ കലർത്തുന്നു. ഡിസൈനുകൾക്കായി ഗ്ലാസ് ബേസ് ഉള്ള മെറ്റൽ അച്ചുകൾ ഉപയോഗിക്കുന്നു. ഡിസൈനുകൾ ടൈലിൽ അടയാളപ്പെടുത്തിയശേഷം നിറം നൽകുന്നതിനായി  പിഗ്‌മെന്റ് അല്ലെങ്കിൽ ഡൈ ആദ്യം ഗ്ലാസിൽ വയ്ക്കുകയും ആവശ്യമായ രൂപകൽപന സൃഷ്ടിക്കുകയും ചെയ്യുന്നു. മഞ്ഞ, കറുപ്പ്, ചുവപ്പ്, നീല, പച്ച തുടങ്ങിയ നിറങ്ങളിലാണ് ടൈലുകൾ കൂടുതലും കാണപ്പെടുന്നത്.  

English Summary- Chettinadu Tiles Flooring in Malayali Houses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com