ADVERTISEMENT

എത്രയൊക്കെ സൂക്ഷിച്ചു വയ്ക്കാൻ നോക്കിയാലും ഉറുമ്പുകൾ പഞ്ചസാര പത്രത്തിനുള്ളിലേക്കുള്ള വഴി സ്വയം കണ്ടെത്തും. ഉറുമ്പ് കയറാത്ത വിധമുള്ള കണ്ടെയ്നറുകൾ തേടി കണ്ടുപിടിച്ച് കൊണ്ടുവന്നാലും ഏതെങ്കിലും നിമിഷത്തിൽ ശ്രദ്ധ ഒന്ന് പാളിയാൽ പിന്നെ പറയേണ്ട. ഒടുവിൽ ഉറുമ്പ് കയറിയ പഞ്ചസാര ഉപയോഗിക്കാനാവാതെ കളയേണ്ട അവസ്ഥ വരെ പലർക്കും സംഭവിക്കുന്നു. ഉറുമ്പ് കയറിയ പഞ്ചസാരപ്പാത്രം വെയിലത്തുവച്ച് അവയെ തുരത്തുകയാണ് പൊതുവേ ഇതിന് എല്ലാവരും കണ്ടെത്തുന്ന പരിഹാരമാർഗ്ഗം.  എന്നാൽ പഞ്ചസാര പത്രത്തിനുള്ളിൽ കയറി കൂടിയ ഉറുമ്പുകളെ നാടുകടത്താൻ മറ്റു ചില മാർഗ്ഗങ്ങൾ കൂടി നോക്കാം.

 

ഏലയ്ക്ക, ഗ്രാമ്പൂ

ഭക്ഷണസാധനങ്ങൾക്ക് രുചി പകരാൻ മാത്രമല്ല ഇങ്ങനെ ചില ഗുണങ്ങളും ഗ്രാമ്പൂവിനും കറുവപ്പട്ടക്കുമൊക്കെയുണ്ട്. ഈ സുഗന്ധദ്രവ്യങ്ങൾ അല്പം എടുത്ത് പഞ്ചസാര പാട്ടയ്ക്കുള്ളിൽ ഇട്ട് ഉറുമ്പുകൾക്ക് ഇറങ്ങിപ്പോകാൻ പഴുതിട്ടുകൊണ്ട് അടച്ചുവയ്ക്കാം. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഉറുമ്പുകൾ പാട്ടയ്ക്കുള്ളിൽ നിന്നും തനിയെ രക്ഷപ്പെടും. ഉറുമ്പുകളെ കൊല്ലാതെ അവയുടെ ശല്യം ഒഴിവാക്കാനുള്ള എളുപ്പവഴിയാണിത്. ഉറുമ്പുകൾ പോയി എന്ന് ഉറപ്പാക്കിയാൽ ഇവ പഞ്ചസാരക്കുള്ളിൽ നിന്നും നീക്കം ചെയ്യാനും ശ്രദ്ധിക്കുക.

 

കറുവയില, വെളുത്തുള്ളി

സുഗന്ധദ്രവ്യങ്ങൾ പോലെ തന്നെ വറ്റൽമുളകും കറിവേപ്പിലയും വെളുത്തുള്ളിയും ഉറുമ്പുകളെ തുരത്താൻ സഹായകമാണ്.  ഇവയുടെ ഗന്ധം പാത്രത്തിൽ തങ്ങിനിൽക്കുന്ന വിധത്തിൽ മുറിച്ച് ഒരു രാത്രി വയ്ക്കാം. മുൻപ് പറഞ്ഞതുപോലെ ഉറുമ്പുകൾക്ക് ഇറങ്ങാനുള്ള വഴിയിട്ടു വേണം പാത്രം അടയ്ക്കാൻ. ഇവയുടെ ഗന്ധം സഹിക്കാനാവാതെ ഉറുമ്പുകൾ പുറത്തു കടക്കുമെന്ന് ഉറപ്പ്.

 

വെള്ളം നിറച്ച പാത്രം ഉപയോഗിക്കാം

ഒരു പാത്രത്തിനുള്ളിൽ അല്പം വെള്ളം ഒഴിച്ച ശേഷം പഞ്ചസാര അടങ്ങിയ കണ്ടെയ്നർ അതിലേക്ക് ഇറക്കി വയ്ക്കുക. ഉറുമ്പുകൾ അവ കണ്ടെത്തുന്ന ഭക്ഷണം കോളനികളിലേക്ക് എത്തിച്ച ശേഷമാണ് സാധാരണയായി ഭക്ഷിക്കാറ്. കണ്ടെയ്നർ വെള്ളത്തിലേക്ക് ഇറക്കി വയ്ക്കുന്നതോടെ ഇത്തരത്തിൽ പഞ്ചസാര ശേഖരിച്ച് പുറത്ത് കടക്കുന്നവ വെള്ളത്തിൽ വീണ് ചാവുന്നു.

 

ഫ്രിജ് രക്ഷകൻ  

പഞ്ചസാര ഇട്ടു വച്ചിരിക്കുന്ന കണ്ടെയ്നർ നന്നായി മുറുക്കി അടച്ചതിനു ശേഷം ഫ്രിജിനുള്ളിൽ സൂക്ഷിക്കുന്നത് ഉറുമ്പുകളെ തടയാൻ ഫലപ്രദമായ മാർഗമാണ്. ഉറുമ്പ് കയറിയ കണ്ടെയ്നർ ഫ്രിജിൽ എടുത്ത് വയ്ക്കുന്നതിലൂടെയും അവയുടെ ശല്യം ഒഴിവാക്കാം. എന്നാൽ ഇത്തരത്തിൽ വയ്ക്കുന്ന സമയത്ത് ഉറുമ്പുകൾക്ക് ഇറങ്ങാനുള്ള വഴി ഉണ്ടെന്ന് ഉറപ്പാക്കുക. അതേസമയം ഒരു കാരണവശാലും ഇത്തരത്തിൽ പഞ്ചസാര പാത്രം ഫ്രീസറിൽ വയ്ക്കുകയും ചെയ്യരുത്. .

 

പഞ്ചസാര ലായനി ആക്കാം

ഇനി എത്രയൊക്കെ മാർഗ്ഗങ്ങൾ പരീക്ഷിച്ചിട്ടും ഉറുമ്പുകൾ വിട്ടു പോകാൻ തയ്യാറാവുന്നില്ലെങ്കിൽ പഞ്ചസാരയിൽ അല്പം വെള്ളം കലർത്തി ലായനിയാക്കി മാറ്റാം. ദ്രാവകരൂപത്തിൽ ആകുന്നതോടെ ഉറുമ്പുകളെ എളുപ്പത്തിൽ അരിച്ചു കളയാൻ സാധിക്കും. പിന്നീട് ഈ ലായിനി അടച്ചുറപ്പുള്ള പാത്രത്തിൽ സൂക്ഷിച്ചു  വയ്ക്കുകയോ ഫ്രീസറിൽ വച്ച് ഐസ് ക്യൂബുകൾ ആക്കിയ ശേഷം ഉപയോഗിക്കുകയോ ചെയ്യാം.

English Summary- Prevent Ants in Sugar Container- Kitchen Tip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com