മഴക്കാലത്ത് വീടിനുള്ളിൽ ഉറുമ്പുശല്യമുണ്ടോ? ഈ വിദ്യകൾ പരീക്ഷിച്ച് നോക്കാം

ants-house-rain
Representative Image: Photo credit:porpeller/istock.com
SHARE

കാഴ്ചയ്ക്ക് കുഞ്ഞന്മാരാണെങ്കിലും വീടിനുള്ളിൽ കയറിപ്പറ്റിയാൽ ഏറ്റവും വലിയ ശല്യക്കാരാണ് ഉറുമ്പുകൾ. കൂട്ടമായി അകത്തളത്തിൽ ഇടംപിടിക്കുന്ന ഇവയെ തുരത്തുക ചില്ലറകാര്യവുമല്ല. മഴക്കാലം എത്തുന്നതോടെ ഇവയുടെ ശല്യം ഇരട്ടിയാകും. ഉറുമ്പുകൾ കൂടുണ്ടാക്കുന്ന ഇടങ്ങളിൽ വെള്ളം കയറുന്നതോടെ നനവില്ലാത്ത ഇടംതേടി സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് അവ എളുപ്പത്തിൽ കയറി കൂടുകയാണ് ചെയ്യുന്നത്. ഫലമോ അടുക്കള സാധനങ്ങളിലും ഭിത്തിയിലും എന്തിനേറെ പലപ്പോഴും കിടക്കകളിൽ വരെ അവ സുഖമായി താമസസ്ഥലം കണ്ടെത്തും. ഇത്തരത്തിൽ കയറിക്കൂടുന്ന ശല്യക്കാരായ ഉറുമ്പുകളെ വേഗത്തിൽ തുരത്താൻ ചില എളുപ്പമാർഗങ്ങളുണ്ട്.

ചോക്കുപൊടി

കാൽസ്യം കാർബണേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ചോക്കുകൾക്ക് ഉറുമ്പുകളെ തുരത്താൻ പ്രത്യേക കഴിവുണ്ട്. ഉറുമ്പുകളുടെ ഉറവിടങ്ങളിൽ ചോക്കുപൊടി തൂവുകയോ ചോക്ക് ഉപയോഗിച്ച് വരകൾ ഇടുകയോ ചെയ്യുക. ഇതോടെ ഉറുമ്പുകൾ അകത്തേയ്ക്ക് കയറാനാവാതെ താനേ മടങ്ങും.

നാരങ്ങ

ഉറുമ്പുകൾ കയറി വരുന്ന ഇടങ്ങളിൽ നാരങ്ങനീര് ഒഴിക്കുകയോ അവയുടെ തോടുകൾ വയ്ക്കുകയോ ചെയ്യുക. നാരങ്ങയുടെ ഗന്ധം മറികടക്കാനാവാത്തത് മൂലം ഉറുമ്പുകൾ അകലും. അല്പം വെള്ളത്തിൽ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച ശേഷം ഇത് ഉപയോഗിച്ച് തറ തുടയ്ക്കുന്നതും ഉറുമ്പുകളെ തുരത്താൻ ഗുണകരമാണ്.

ഓറഞ്ച്

ഓറഞ്ചിന്റെ തൊലി ചെറുചൂടുവെള്ളം ഒഴിച്ച് അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഉറുമ്പ് കയറുന്ന ഇടങ്ങളിൽ ഇത് അല്പനേരം തേച്ചുവച്ച ശേഷം തുടച്ചുകളയാം. അടുക്കളയിലെ സ്ലാബുകളിലോ ഉറുമ്പുകൾ വരാൻ സാധ്യതയുള്ള മറ്റിടങ്ങളിലോ ഓറഞ്ചിന്റെ തൊലി വെറുതെ വയ്ക്കുന്നതും അവയെ അകറ്റി നിർത്താൻ സഹായകമാണ്. 

കുരുമുളക്

മധുരം ഇഷ്ടപ്പെടുന്ന ഉറുമ്പുകൾക്ക് പക്ഷേ എരിവ്, പുളി, കയിപ്പ് തുടങ്ങിയ രുചികൾ തീരെ ഇഷ്ടമല്ല. ഇവയെ കാണുന്ന ഇടങ്ങളിൽ അല്പം കുരുമുളകുപൊടി തൂവിയാൽ അവ സ്ഥലം വിടും. കുരുമുളക് പൊടിയായി തൂവുന്നത് ബുദ്ധിമുട്ടാണെങ്കിൽ കുരുമുളക് ചതച്ചതോ കുരുമുളക് പൊടിയോ വെള്ളത്തിൽ കലർത്തിയ ശേഷം സ്പ്രേ ചെയ്താലും മതിയാകും. ഉറുമ്പുകളെ കൊല്ലാതെ അവയുടെ ശല്യം ഒഴിവാക്കാനുള്ള എളുപ്പ മാർഗ്ഗമാണിത്.

ഉപ്പ്

കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും ഉറുമ്പുകളെ തുരത്താൻ ഏറ്റവും സഹായകമായ ഒന്നാണ് ഉപ്പ്. ഇതിനായി പൊടിയുപ്പ് തന്നെ ഉപയോഗിക്കുക. ആദ്യം അല്പം വെള്ളം നന്നായി തിളപ്പിച്ച ശേഷം ഏറെ പൊടിയുപ്പെടുത്ത് അത് വെള്ളത്തിൽ അലിയിച്ചു ചേർക്കുക. ഈ ലായനി ഉറുമ്പുകൾ അധികമുള്ള ഇടങ്ങളിൽ സ്പ്രേ ചെയ്തു കൊടുത്താൽ അവ സ്ഥലം വിടും.

വിനാഗിരി

വിനാഗിരിയുടെ മണത്തിനെ ചെറുത്തുനിൽക്കാൻ ഉറുമ്പുകൾക്ക് സാധിക്കില്ല. അവയെ തുരത്താനായി വെള്ളവും വിനാഗിരിയും തുല്യ അളവിൽ എടുത്ത് കലർത്തിയ ശേഷം അതിലേയ്ക്ക് ഏതാനും തുള്ളി സുഗന്ധതൈലം കൂടി ചേർക്കുക. ഈ മിശ്രിതം ജനാലപ്പടികളിലും കതകുകൾക്കിടയിലെ വിടവുകളിലുമൊക്കെ സ്പ്രേ ചെയ്തുകൊടുക്കാം. അകത്തേക്ക് കയറാൻ ശ്രമിക്കുന്ന ഉറുമ്പുകൾ ഇതിന്റെ ഗന്ധമേറ്റ് താനേ പിൻവാങ്ങും.

വീട് വിഡിയോസ് കാണാം...

English Summary- Get Rid of Ants in House during Rainy Season- Tips

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA