ബാത് ടബ്, ഷവർ, ക്യൂബിക്കിൾ എന്നിങ്ങനെ എല്ലാ ബാത്റൂമുകളിലും ആഡംബരത്തിനു പ്രാധാന്യം നൽകാൻ പോയാൽ കയ്യിലിരിക്കുന്ന പണം ചോർന്നു പോകുന്ന വഴിയറിയില്ല. കൈ പൊള്ളുന്ന വില കൊടുത്ത് ഇത്തരം ഫിറ്റിങ്സുകൾ വാങ്ങിയിട്ട് ഒരിക്കൽപോലും ഉപയോഗിക്കാതെ ഇരിക്കുന്നവരെ നമുക്ക് ചുറ്റുവട്ടത്തു കാണാം. അതുപോലെതന്നെയാണ് ബാത് ടബുകളുടെ കാര്യവും. നിങ്ങളുടെ പ്രദേശത്ത് വെള്ളം ആവശ്യത്തിന് കിട്ടുന്നില്ലെങ്കിൽ എല്ലാ ബാത്റൂമിലും ബാത് ടബ് വച്ചിട്ട് എന്തുപ്രയോജനം?
ബാത്റൂമുകളിൽ വൈറ്റ്, ഡ്രൈ ഏരിയകൾ വേർതിരിക്കുന്നതു നല്ലതാണ്. കുളിക്കാനുള്ള ഏരിയയെ ഡ്രൈ ഏരിയയിൽ നിന്നും അൽപം താഴ്ത്തി നൽകുന്നതാണ് ഉത്തമം. ഡ്രൈ – വെറ്റ് ഏരിയകൾ തമ്മിൽ ചുരുങ്ങിയത് രണ്ടിഞ്ച് എങ്കിലും ഉയരവ്യത്യാസം വേണം. വാഷ് ബെയ്സിനും ക്ലോസറ്റും ഡ്രൈ ഏരിയയിലാണു നൽകേണ്ടത്.
കുളിമുറിയുടെ പൊക്കത്തിൽ നിന്ന് രണ്ടര അടി താഴ്ത്തിയാണ് ഷവർ വയ്ക്കേണ്ടത്. അതുപോലെ വാഷ്ബേസിന്റെ പൊക്കം 85 മുതൽ 90 സെ.മീ വരെയാകാം. ബാത്റൂമിൽ ഷവർ ക്യൂബിക്കിൾ നൽകുന്നുണ്ടെങ്കിൽ വെന്റിലേഷൻ ഷവർ ക്യൂബിക്കിളിൽ നിന്നു നീങ്ങി നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
English Summary- Bathroom Design Ergonomics- Tips