ഒഴിഞ്ഞ സിറ്റൗട്ട്, ആളില്ലാത്ത മുറികൾ; അനുഭവങ്ങൾ പാഠമാകണം

space-house-ramco
Representative Image: Photo credit:Augustine Fernandes /istock.com
SHARE

വീടിനോടു ചേർന്ന് വലിയൊരു വരാന്ത വേണം എന്നൊക്കെയാകും ചിലപ്പോൾ നമ്മൾ ആഗ്രഹിക്കുന്നത്. എന്നാൽ, പണിയാൻ ഉദ്ദേശിക്കുന്ന വീടാകട്ടെ, 2000 സ്ക്വയർ ഫീറ്റുള്ളതും. അതില്‍ വലിയ വരാന്ത നൽകിയാൽ നല്ലൊരു സ്പെയ്സ് അങ്ങനെതന്നെ പോകും. മാത്രമല്ല, ഇന്ന് പല വീടുകളിലെയും ഭാര്യയും ഭർത്താവും രാവിലെ ജോലിക്കു പോയി വൈകിട്ട് തിരിച്ചെത്തുന്നവരാണ്. തിരക്കേറിയ ലൈഫ്സ്റ്റൈലിന് ഇടയിൽ വീട് വൃത്തിയാക്കലും അടുക്കിപ്പെറുക്കി വയ്ക്കലുമൊന്നും അത്ര പ്രായോഗികമല്ല. 

സാമൂഹ്യപ്രവർത്തനം പോലുള്ള ആക്റ്റീവായ സോഷ്യൽ ലൈഫ് നയിക്കുന്ന വ്യക്തികളുടെ വീട്ടിലൊക്കെ എപ്പോഴും ധാരാളം പേർ സന്ദർശനത്തിനും കാത്തിരിക്കാനുമൊക്കെ കാണും. അത്തരം സാഹചര്യങ്ങളിൽ മാത്രമേ വലിയ വരാന്തയുടെയും സിറ്റൗട്ടിന്റെയുമൊക്കെ ആവശ്യം വരുന്നുള്ളൂ. ഇടത്തരം കുടുംബങ്ങളിൽ ചെറിയ സിറ്റൗട്ട് തന്നെ ധാരാളം. അതുപോലെതന്നെയാണ് ഗസ്റ്റ് റൂമുകളുടെ കാര്യവും. വർഷത്തിൽ ഒന്നോ രണ്ടോ അതിഥികൾ വന്നാലായി. പക്ഷേ, വീടു പണിയുമ്പോൾ ഷോ കുറയേണ്ടെന്നു കരുതി ലക്ഷങ്ങൾ െചലവഴിച്ച് ഗസ്റ്റ് റൂം മോടി പിടിപ്പിക്കും. അത്തരം സ്പെയ്സുകൾ എല്ലായ്പോഴും പാഴ്ചെലവാണ്. ഷോയ്ക്ക് അല്ല, പ്രായോഗികതയ്ക്ക് ആണ് പ്രാധാന്യം നൽകേണ്ടത്. ഇത് ബജറ്റ് കുറയ്ക്കാനും സഹായിക്കും. പകരം ആവശ്യമെങ്കിൽ മൾട്ടി പർപ്പസ് മുറികൾ നിർമിക്കാം. അത്തരം ഫർണിച്ചറുകളും പ്രയോജനപ്പെടുത്താം. 

ആ സ്പെയ്സ് എന്തിനു േവണ്ടി?

വീടിന്റെ സ്പെയ്സുകളും അവയുടെ ധർമവും എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കാം. ഉദാഹരണത്തിന്, ചിലർ വലിയ ഫോയർ വേണം എന്നു പറയും. പക്ഷേ, ഫോയർ എന്തിനാണ് യഥാർഥത്തിൽ ഉപയോഗിക്കുന്നതെന്ന് അറിയണമെന്നില്ല. ലിവിങ് ഏരിയയ്ക്ക് മുൻപാകെയുള്ള ഇടത്താവളമായ ഫോയർ വീട്ടുകാരുടെ ചെരുപ്പ്, കുട, വാഹനങ്ങളുടെ കീ, ഹെല്‍മറ്റ് ഇത്യാദി സാധനങ്ങൾ സൂക്ഷിക്കാനും മറ്റുമാണ് ഉപയോഗിക്കുന്നത്. ചിലയിടങ്ങളിൽ  ഫോയറിൽ നിന്ന് പ്രത്യേകം പ്രവേശിക്കാവുന്ന രീതിയിലാവും ലിവിങ്, ഡൈനിങ്, െബഡ് റൂമുകളുടെ ഡിസൈൻ. അതിഥികളുടെ മുന്നിലൂടെയല്ലാതെ തന്നെ വീട്ടുകാർക്ക് വീടിനകത്തേക്ക്  പ്രവേശിക്കാനുള്ള സൗകര്യവും ഇത്തരം സന്ദർഭങ്ങളിൽ ഫോയർ ഒരുക്കുന്നുണ്ട്.

സാധാരണ 30 സ്ക്വയര്‍ ഫീറ്റാണ് ഒരു ഇടത്തരം ഫോയറിന്റെ വിസ്താരം വരുന്നത്. അത്ര സ്പെയ്സ് തന്നെ ധാരാളം. എന്നാൽ കൃത്യമായ ഉപയോഗത്തെക്കുറിച്ചറിയാതെ വലിയ ഫോയർ പണിയാൻ പോയാൽ സ്പെയ്സ് വെറുതെ പാഴാകും. പാഷ്യോ, നിഷ്, കോർട്ട്‌യാർഡ് ഇത്തരം സങ്കേതങ്ങളുടെ കാര്യവും ഇങ്ങനെ തന്നെ. ഇവ എന്തിനാണെന്നു കൂടെ കൃത്യമായി അറിഞ്ഞിരിക്കണം. അറിയാത്ത കാര്യങ്ങൾ അറിയില്ലെന്നു തന്നെ പറയാം. അതിൽ മടിക്കേണ്ടതില്ല. നിർമാണത്തെ സംബന്ധിക്കുന്ന അടിസ്ഥാനകാര്യങ്ങളിലുമുണ്ടാകും ഇത്തരം ആശയക്കുഴപ്പങ്ങൾ. ചിലര്‍ക്ക് ഒരു സ്ക്വയർഫീറ്റ് എത്ര ഏരിയ വരും എന്നതിനെ കുറിച്ച് ധാരണയുണ്ടാകില്ല. അങ്ങനെ തുറന്നു പറയുമ്പോൾ, കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തരാൻ ആർക്കിടെക്ടും തയാറാകും.

English Summary- Unnecessary Space Inside House

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS