വയറിങ്- താൽകാലിക ലാഭമല്ല, സുരക്ഷ പ്രധാനം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Mail This Article
വീടു നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ താൽകാലിക വൈദ്യുതി കണക്‌ഷനാണ് എടുക്കുക. ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമായി ചെലവു കുറഞ്ഞ രീതിയിൽ ഭംഗി ഒട്ടും കുറയാതെ വയറിങ് പൂർത്തിയാക്കാനാകും. അതിന് ഏറ്റവും അത്യാവശ്യം കൃത്യമായ ഒരു ഇലക്ട്രിക്കൽ ലേ ഔട്ടാണ്. സാധനസാമഗ്രികളുടെ ആവശ്യകതയും അതിനു കൊടുക്കേണ്ടി വരുന്ന ഏകദേശം തുകയും നമുക്ക് അതുവഴി കണക്കാക്കാൻ കഴിയും.
വാർക്കയുടെ തട്ട് നീക്കം ചെയ്തശേഷമാണ് വയറിങ് ആരംഭിക്കുന്നത്. മെയിൻ വാർക്കയിൽ തന്നെ സ്ഥാപിക്കുന്ന സീലിങ്, ലൈറ്റ് ബോക്സുകൾ എന്നിവ ഫോൾസ് സീലിങ് നൽകാതെ തന്നെ സ്ഥാപിക്കാൻ സാധിക്കും. ISI മുദ്രയുള്ള 20 MM, 25 MM ലൈറ്റ്, മീഡിയം, ഹെവി പൈപ്പുകളാണ് സാധാരണ ഉപയോഗിക്കുന്നത്. രണ്ടു നിലയുള്ള വീടാണെങ്കിൽ ആദ്യ നിലയിലെ മെയിൻ വാർക്കയ്ക്കുള്ളിൽ ൈപപ്പുകൾ സ്ഥാപിക്കുന്ന രീതി അവലംബിക്കാവുന്നതാണ്. വയറിന്റെ ഉപയോഗം കുറയ്ക്കാൻ ഇതുവഴി സാധിക്കും. വാർക്കയ്ക്കുള്ളിൽ ഉപയോഗിക്കുന്നതു മീഡിയം അല്ലെങ്കിൽ ഹെവി ടൈപ്പ് പൈപ്പ് ആകുന്നതാണു നല്ലത്. കോൺക്രീറ്റ് കട്ട് ചെയ്തശേഷമുള്ള വയറിങ്ങിന് ISI ലൈറ്റ് പൈപ്പ് ധാരാളം മതിയാകും.
സ്വിച്ചുകളും പ്ലഗ്ഗുകളും മറ്റും പിടിപ്പിക്കുന്നതിനു മെറ്റൽ ബോക്സ് നല്ലതാണ്. പിവിസി ബോക്സുകൾ ഉപയോഗിച്ചു ചെലവു ചുരുക്കിയും വയറിങ് ചെയ്യാം. മോഡുലർ, സെമി മോഡുലർ തുടങ്ങി ഏറ്റവും നൂതനമായ ടെക്നോളജികൾ വരെയുള്ള സ്വിച്ചുകളും ലൈറ്റുകളും ഇന്നു ലഭ്യമാണ്. ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാം. നിലവാരമുള്ള RCCB, ELCB, MCB എന്നിവ ഉപയോഗിക്കുക.
ലൈറ്റ് ഫിറ്റിങ്സ് നമ്മുടെ അഭിരുചിക്കും ബജറ്റിനും അനുസരിച്ചു തിരഞ്ഞെടുക്കാം. റൂമിൽ ഒരു 20– 32 വാട്സ് ട്യൂബ് ലൈറ്റ്, ഒരു ഫാൻസി ലൈറ്റ് എന്ന രീതിയിൽ ക്രമീകരിച്ചാൽ ആവറേജ് സൈസ് ബെഡ്റൂമിൽ ധാരാളം മതി. ഹാളുകളിലും മറ്റും കൂടുതൽ ഫാൻസി ലൈറ്റുകൾ വേണമെങ്കിൽ ഉപയോഗിക്കാം. കോമൺ ഏരിയകളിലും ഔട്ട്സൈഡ് വാളുകളിലും Warm White ഫിറ്റിങ്സ് ഉപയോഗിക്കുന്നത് വീടിന്റെ ഭംഗി കൂട്ടും.
കോയമ്പത്തൂർ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു കിട്ടുന്ന വില കുറഞ്ഞ സാമഗ്രികൾ വയറിങ്ങിന് ഉപയോഗിക്കരുത്. താൽകാലിക ലാഭമല്ല, ഗുണമേന്മയാണു പ്രധാനം. സുരക്ഷിതമായ രീതിയിൽ വയറിങ് പൂർത്തിയാക്കുവാൻ വരുന്ന ശരാശരി ചെലവുണ്ട്. പെയിന്റിങ്, ഫർണിച്ചർ തുടങ്ങിയവ മാറുന്നതുപോലെ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ വയറിങ് മാറ്റാനാവില്ല. ഒരിക്കൽ നമ്മൾ ഉപയോഗിക്കുന്ന ഇലക്ട്രിക് സാമഗ്രികൾ കാലങ്ങളായി ഉപയോഗിക്കേണ്ടതാണ്. ദീർഘനാളായി വിപണിയിലുള്ള ബ്രാൻഡുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
എർത്തിങ്
അഞ്ചു മീറ്റർ അകലത്തിൽ 2.5 മീറ്റർ ആഴത്തിൽ കുഴിയെടുത്ത് കാർബൺ ബേസ്ഡ് എർത്തിങ് കോമ്പൗണ്ട് ഉപയോഗിച്ച് മികച്ച കോപ്പർ എർത്ത് റോഡ് നൽകി രണ്ട് എർത്തിങ് നടത്തണം. കോമ്പൗണ്ടിനു പകരം കരി ഉപയോഗിക്കാവുന്നതാണ്. ത്രീ ഫേസ് ആണെങ്കിലും രണ്ട് എർത്തിങ് മതിയാവും. പ്ലേറ്റ് എർത്തിങ്, പൈപ്പ് എർത്തിങ് എന്നിവയിൽ ഒന്നു സ്വീകരിക്കാം. GI അഥവാ ഇരുമ്പു പൈപ്പ് ഉപയോഗിച്ച് ഇപ്പോഴും എർത്തിങ് നടത്തുന്നുണ്ട്. വളരെ പെട്ടെന്നു തന്നെ ഇരുമ്പു പൈപ്പുകൾ തുരുമ്പു പിടിക്കും. ഫിറ്റിങ്ങുകൾക്കും എർത്തിങ്ങിനും ശേഷം ലൈൻ താൽകാലികമായി ചാർജ് ചെയ്തു പരിശോധിച്ചതിനു ശേഷം കണക്ടിങ് ലോഡ് കണക്കുകൂട്ടുക. അതിനുശേഷം നമ്മുടെ താൽകാലിക കണക്‌ഷൻ പെർമനന്റ് കണക്‌ഷനായി മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങാം.