പാത്രങ്ങളിലെ കറകൾ എളുപ്പത്തിൽ നീക്കാം; ഇവ പരീക്ഷിച്ചുനോക്കൂ
Mail This Article
നല്ല ഭംഗിയുള്ള പാത്രങ്ങളോട് പ്രത്യേക കമ്പമുള്ളവരുണ്ട്. വ്യത്യസ്ത ഡിസൈനുകളിലും ആകൃതികളിലുമുള്ള പ്ലേറ്റുകളും ബൗളുകളുമൊക്കെ വാങ്ങിക്കൂട്ടുമെങ്കിലും അല്പകാലത്തെ ഉപയോഗത്തിനുശേഷം മഞ്ഞളിന്റെയും മറ്റും കറമൂലം അവയുടെ നിറത്തിന് ഉണ്ടാകുന്ന മാറ്റം തീരാതലവേദനയുമാണ്. ഏറെ ആഗ്രഹിച്ചു വാങ്ങിയ ക്രോക്കറികൾ ഒടുവിൽ അതിഥികൾക്കു മുന്നിൽ എടുത്തു വയ്ക്കാൻ പോലുമാകാത്ത നിലയിലാവുകയും ചെയ്യും. പോര്‍സ്ലിൻ, സെറാമിക് എന്നീ മെറ്റീരിയലുകളിലുള്ള ക്രോക്കറികളാണ് സാധാരണയായി വിപണിയിൽ ലഭിക്കുന്നത്. ഇവയിലെ കറകൾ നീക്കി വൃത്തിയാക്കാൻ ചില എളുപ്പ മാർഗ്ഗങ്ങൾ നോക്കാം.
ബേക്കിങ് സോഡാ പേസ്റ്റ്
ഒരു ബൗളിൽ രണ്ടു സ്പൂൺ ബേക്കിങ് സോഡ എടുക്കുക. ഇതിൽ അല്പം വെള്ളം കൂടി കലർത്തി ഇത് പേസ്റ്റ് പരുവത്തിലാക്കി എടുക്കാം. ഈ മിശ്രിതം കറയുള്ള പാത്രത്തിൽ നന്നായി തേച്ചുപിടിപ്പിക്കുക. പത്തോ പതിനഞ്ചോ മിനിറ്റ് നേരം അതേ നിലയിൽ തുടരാൻ അനുവദിച്ച ശേഷം ഡിഷ് വാഷും ചെറു ചൂടുവെള്ളവും ഉപയോഗിച്ച് കഴുകിയെടുത്താൽ മതിയാകും.
ടൂത്ത് പേസ്റ്റ്
പല്ലുകൾ മാത്രമല്ല പാത്രങ്ങൾ തിളങ്ങാനും ടൂത്ത്പേസ്റ്റ് ഉപയോഗപ്രദമാണ്. ഒരു പുതിയ ടൂത്ത് ബ്രഷിൽ പയർമണിയുടെ വലുപ്പത്തിൽ ടൂത്ത് പേസ്റ്റ് എടുക്കുക. ബ്രഷ് നനച്ചശേഷം അത് ഉപയോഗിച്ച് പാത്രത്തിൽ നന്നായി ഉരയ്ക്കാം. അഞ്ചു മിനിറ്റ് കാത്തിരുന്ന ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകണം. പാത്രത്തിലെ അഴുക്കെല്ലാം വളരെ വേഗത്തിൽ തന്നെ നീക്കം ചെയ്യപ്പെടും.
വിനാഗിരിയും ഉപ്പും
ഏതുതരത്തിലുള്ള കറകളും നീക്കം ചെയ്യാൻ വിനാഗിരിയും ഉപ്പും അത്യുത്തമമാണ്. ഒരു ബൗളിൽ രണ്ട് ടേബിൾ സ്പൂൺ ഉപ്പും നാല് ടേബിൾ സ്പൂൺ വിനാഗിരിയും ഒന്നായി കലർത്തുക. ഈ പേസ്റ്റ് കറയുള്ള പാത്രത്തിൽ പുരട്ടിയ ശേഷം നന്നായി ഉരയ്ക്കാം. 10 മിനിറ്റ് ഉണങ്ങാൻ അനുവദിച്ച ശേഷം കഴുകി വൃത്തിയുള്ള തുണികൊണ്ട് തുടച്ചെടുക്കുക.
നാരങ്ങാ നീര്
ഒരു ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് ബൗളിലേക്ക് എടുക്കുക. മൃദുവായ ബ്രിസിൽസുള്ള ബ്രഷ് നാരങ്ങാനീരിൽ മുക്കിയശേഷം കറയുള്ള ഭാഗത്ത് നന്നായി ഉരച്ചു കൊടുക്കാം. ഇതും 10 മിനിറ്റ് ഉണങ്ങാൻ അനുവദിച്ച ശേഷം മാത്രമേ ചെറുചൂടുവെള്ളത്തിൽ കഴുകാവൂ.
ചൂടുവെള്ളം
വെള്ളം നന്നായി ചൂടാക്കിയ ശേഷം ഒരു ബക്കറ്റ് നിറയെ ഒഴിച്ചുവയ്ക്കുക. തിളയ്ക്കുന്ന ചൂടാവാതെ പ്രത്യേകം ശ്രദ്ധിക്കണം. കറയുള്ള പാത്രങ്ങളെല്ലാം ഈ വെള്ളത്തിൽ 15 മുതൽ 20 മിനിറ്റ് നേരംവരെ മുക്കി വയ്ക്കണം. ഇതോടുകൂടി കറകൾ വേഗത്തിൽ ഇളകി കിട്ടും. അതിനുശേഷം സാധാരണ ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകിയെടുക്കണം.