മഴക്കാലം പനിക്കാലം : കൊതുകിനെ തുരത്താൻ ചില വഴികൾ
Mail This Article
മഴക്കാലമായതോടെ പലയിടങ്ങളിലും കൊതുക് ശല്യം രൂക്ഷമാണ്. അപകടകരമായ ഒരുപിടി രോഗങ്ങളുടെ കാരണക്കാരന്‍ കൂടിയാണ് കൊതുക്. ചിക്കന്‍ ഗുനിയ, ഡെങ്കി, മലേറിയ എന്ന് തുടങ്ങി കൊതുകിന്റെ ശല്യം മൂലം ഭയക്കേണ്ട രോഗങ്ങളുടെ ലിസ്റ്റ് വലുതാണ്. വീട്ടിൽത്തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് ചില ചെപ്പടിവിദ്യകളിലൂടെ കൊതുക് ശല്യം ഒരുപരിധിവരെ തടയാം.
സാഹചര്യം ഒഴിവാക്കാം - എല്ലാ നിവാരണനടപടികളും സ്വീകരിക്കുന്നതിനു മുൻപായി ചെയ്യേണ്ട കാര്യം ആദ്യം വീട്ടില്‍ നിന്നും കൊതുക് വരാതിരിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ്. കെട്ടികിടക്കുന്ന വെള്ളം, മലിനജലം, പാട്ടകളിലും മറ്റും വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥ ഇതൊക്കെ ഒഴിവാക്കാം. കാടും മറ്റും വെട്ടിത്തെളിച്ച് വീടും പരിസരവും വൃത്തിയോടെ സൂക്ഷിച്ചാല്‍ തന്നെ കൊതുകുശല്യം ഒരുപരിധിവരെ ഒഴിവാക്കാം.
ചെടികൾ- പല ജീവജാലങ്ങള്‍ക്കും ഇഷ്ടം ഇല്ലാത്ത മണമാണ് ബന്തിയുടെത്. ഇവ കൊതുകുകളെയും മുഞ്ഞ പോലെയുള്ള കീടങ്ങളെയും നശിപ്പിക്കാന്‍ സഹായിക്കും. ബന്തിയില്‍ തന്നെ ആഫ്രിക്കന്‍, ഫ്രഞ്ച് എന്നിങ്ങനെ രണ്ട് തരം സസ്യങ്ങള്‍ ഉണ്ട്. ഇവ രണ്ടും കൊതുകുകളെ അകറ്റാന്‍ ഫലപ്രദമാണ്. അതുപോലെ വേപ്പ്, പപ്പായ ഇഞ്ചി, പുതിന, തുളസി എന്നിവ വീട്ടിനോട് ചേര്‍ത്ത് നടുന്നത് പ്രാണികളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നതാണ്..
ഇഞ്ചപുല്ല്- കൊതുകുകളെ അകറ്റുന്നതിന് ഇഞ്ചപ്പുല്ല് എണ്ണ ഒഴിച്ച തിരികള്‍ കത്തിച്ച് റാന്തല്‍ മുറ്റത്ത് വയ്ക്കുക. ഡങ്കിപനി വരുത്തുന്ന കൊതുകളെ നശിപ്പിക്കാന്‍ ഇഞ്ചപുല്ലു നല്ലതാണ്.
ചെറുനാരങ്ങ- ഗ്രാമ്പൂ പ്രയോഗം - ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും. ചെറുനാരങ്ങയില്‍ ഗ്രാമ്പൂ കുത്തി മുറികളില്‍ വയ്ക്കുന്നത് കൊതുകിനെ ഓടിക്കാന്‍ നല്ലതാണ്.
വേപ്പെണ്ണ പ്രയോഗം - കൊതുകിന്റെ ശത്രുവാണ് വേപ്പെണ്ണ. ഇത് നന്നായി നേര്‍പ്പിച്ചു വീടിനുള്ളില്‍ സ്പ്രേ ചെയ്യുകയാണ് വേണ്ടത്.
കാപ്പിപ്പൊടി, കുരുമുളക് പൊടി- കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇവ അല്‍പം തുറന്ന ബൗളില്‍ സൂക്ഷിക്കുന്നത് കൊതുകിനെ അകറ്റും. കുരുമുളകുപൊടി സ്പ്രെ ചെയ്യുന്നത് കൊതുകിനെ തുരത്താൻ നല്ലതാണ്. കുരുമുളകുപൊടി ഏതെങ്കിലും എസന്‍ഷ്യല്‍ ഓയിലില്‍ കലര്‍ത്തി കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്‌പ്രേ ചെയ്യാം.