കിച്ചൻ കൗണ്ടർടോപ് ഇങ്ങനെയാണോ വൃത്തിയാക്കുന്നത്? പാടില്ല; അബദ്ധം ഒഴിവാക്കുക
Mail This Article
വീട്ടിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടമാണ് അടുക്കള. അവിടെ കൗണ്ടർടോപ്പുകൾ അടിക്കടി വൃത്തിയാക്കേണ്ടി വരും. ഓരോ അടുക്കളയിലും വ്യത്യസ്ത മെറ്റീരിയലുകൾ കൊണ്ടാവും കൗണ്ടർ ടോപ്പുകൾ നിർമിച്ചിരിക്കുന്നത്. അവയ്ക്ക് ഓരോന്നിനും പ്രത്യേകമായ ക്ലീനിങ് രീതികളുമുണ്ട്. അതായത് ക്ലീനിങ് ലോഷനും കോട്ടൺ തുണിയും ഉപയോഗിച്ച് വെറുതെ തുടച്ചാൽ എല്ലാ കൗണ്ടർടോപ്പുകളും പൂർണമായി വൃത്തിയാകില്ല എന്ന് ചുരുക്കം.
ഓരോ മെറ്റീരിയലിനും അനുയോജ്യമായ വൃത്തിയാക്കൽ രീതിയുണ്ട്. ഉപയോഗിക്കാൻ പാടില്ലാത്ത കെമിക്കലുകളുമുണ്ട്. വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന കൗണ്ടർടോപ്പുകളും അവ വൃത്തിയാക്കേണ്ട ശരിയായ രീതികളും നോക്കാം.
ഗ്രാനൈറ്റ് കൗണ്ടർ ടോപ്പുകൾ
ഗ്രാനൈറ്റ് കൗണ്ടർടോപ്പുകൾ വൃത്തിയാക്കാൻ പ്രധാനമായും വേണ്ടത് അൽപം ചൂടുള്ള സോപ്പുവെള്ളമാണ്. ഡിഷ് വാഷ് ലിക്വിഡ് ചൂടുവെള്ളത്തിൽ കലർത്തി ലായനി തയാറാക്കാം. ഈ ലായനിയിൽ മൈക്രോ ഫൈബർ തുണി മുക്കിവേണം ഗ്രാനൈറ്റ് കൗണ്ടർ ടോപ്പ് തുടയ്ക്കാൻ. അതിനുശേഷം നനവ് മാറ്റാനായി ഉണങ്ങിയ മൈക്രോഫൈബർ തുണികൊണ്ടുതന്നെ തുടയ്ക്കണം. വീട്ടകങ്ങൾ വൃത്തിയാക്കാൻ വിനാഗിരി സാധാരണയായി ഉപയോഗിക്കാറുണ്ട്. എന്നാൽ വിനാഗിരി ഗ്രാനൈറ്റ് കൗണ്ടർ ടോപ്പിൽ ഉപയോഗിക്കരുത്. ഗ്രാനൈറ്റിൻ്റെ സീലന്റ് നാശമാകുന്നതിനൊപ്പം ദൃഢത നഷ്ടപ്പെടുന്നതിനും വിനാഗിരി കാരണമാകും.
കൊറിയൻ കൗണ്ടർ ടോപ്പ്
ക്വാർട്സുമായി സാമ്യംതോന്നുംവിധമാണ് കൊറിയൻ കൗണ്ടർടോപ്പുകൾ. കൂടുതലും വൈറ്റ് നിറമാണ്. എന്നാൽ ഇവ രണ്ടും വ്യത്യസ്ത രീതിയിലാണ് വൃത്തിയാക്കേണ്ടത്. ചെറുചൂടു വെള്ളമാണ് കൊറിയൻ കൗണ്ടർടോപ്പുകൾ വൃത്തിയാക്കാൻ ഉചിതം. ഇതിൽ ഡിഷ് വാഷ് സോപ്പ് കലർത്തി മിശ്രിതം തയാറാക്കി മൈക്രോ ഫൈബർ തുണികൊണ്ട് തുടയ്ക്കുകയും ഉണക്കുകയും ചെയ്യാം.
ക്വാർട്സ് കൗണ്ടർ ടോപ്പ്
മറ്റു മെറ്റീരിയലുകളെ അപേക്ഷിച്ച് കാഠിന്യമേറിയ ക്ലീനിങ് സാമഗ്രികൾ ക്വാർട്സ് കൗണ്ടർ ടോപ്പിൽ ഉപയോഗിക്കാനാവും. എന്നാൽ പതിവായുള്ള വൃത്തിയാക്കലിന് ഇത്തരം ഉൽപന്നങ്ങൾ ഉപയോഗിക്കരുത്.കെമിക്കലുകളുടെ അടിക്കടിയുള്ള ഉപയോഗം കൗണ്ടർടോപ്പിന്റെ പ്രതലത്തിന് ഹാനികരമാകാം.
പതിവായുള്ള വൃത്തിയാക്കലിന് മൈൽഡ് സോപ്പും വെള്ളവും ധാരാളമാണ്. കഠിനമായ കറയുണ്ടെങ്കിൽ ഗ്ലാസ് ക്ലീനറും മൃദുലമായ തുണിയും ഉപയോഗിച്ച് കൗണ്ടർ ടോപ്പ് തുടച്ചെടുക്കാം.
മാർബിൾ കൗണ്ടർ ടോപ്പ്
ചെറുചൂടുവെള്ളത്തിൽ ഡിഷ് വാഷ് ചേർത്തുണ്ടാക്കുന്ന ലായനി മാർബിൾ കൗണ്ടർടോപ്പുകൾ പതിവായി വൃത്തിയാക്കുന്നതിന് ഉപയോഗിക്കാം. പ്രതലം തുടക്കുന്നതിനു മൈക്രോഫൈർ തുണി മാത്രമേ ഉപയോഗിക്കാവൂ. അസിഡിക് ക്ലീനറുകളും പരുക്കൻ തുണികളും സ്ക്രബറുകളും വൃത്തിയാക്കലിന് ഉപയോഗിക്കരുത്.
മാഞ്ഞു പോകാൻ പ്രയാസമുള്ള എണ്ണക്കറ ഉണ്ടെങ്കിൽ ബേക്കിങ് സോഡയിൽ വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിലാക്കി കറയ്ക്കു മുകളിൽ പുരട്ടി അത് നന്നായി പിടിക്കുന്നതിനുവേണ്ടി പ്ലാസ്റ്റിക് ടേപ്പ് ഒട്ടിച്ചു വയ്ക്കാം. ഒന്നോ രണ്ടോ ദിവസത്തിനു ശേഷം പേസ്റ്റ് തുടച്ചുനീക്കാവുന്നതാണ്. ഗ്രാനൈറ്റിലെ കറയും ഇതേ രീതിയിൽ നീക്കം ചെയ്യാം.
നാനോ വൈറ്റ് കൗണ്ടർ ടോപ്പ്
അത്ര എളുപ്പത്തിൽ കറകൾ പിടിക്കാത്തതു കൊണ്ടുതന്നെ നാനോ വൈറ്റ് കൗണ്ടർ ടോപ്പുകൾ വൃത്തിയാക്കുന്നത് താരതമ്യേന എളുപ്പമാണ്. മഞ്ഞൾ, ചായ എന്നിവ കൗണ്ടർ ടോപ്പിൽ വീണാൽ പോലും അധികമായി കറ പിടിക്കില്ല. അതിനാൽ സാധാരണ രീതിയിൽ സോപ്പ് ലായനി ഉപയോഗിച്ച് തുടച്ചാൽ നാനോ വൈറ്റ് കൗണ്ടർടോപ്പുകൾ വൃത്തിയായി കാണപ്പെടും. കടുപ്പമേറിയ കറകൾ ഉണ്ടെങ്കിൽ അത് കൃത്യമായി കാണാനാവും എന്നതാണ് പോരായ്മ. ഇത്തരം കറകൾ നീക്കം ചെയ്യാൻ ബേക്കിങ് സോഡ, വെള്ളം എന്നിവ കലർത്തി തയാറാക്കുന്ന പേസ്റ്റിന് സാധിക്കും. പേസ്റ്റ് മൃദുവായ തുണി ഉപയോഗിച്ച് കറയ്ക്കു മുകളിൽ പുരട്ടി കൊടുക്കാം.
15 മിനിറ്റിനു ശേഷം ഇത് തുടച്ചുനീക്കാവുന്നതാണ്. തുല്യ അളവിൽ വെള്ളവും വിനാഗിരിയും കലർത്തിയ മിശ്രിതം കറയ്ക്കു മുകളിലേക്ക് സ്പ്രേ ചെയ്ത് ഏതാനും മിനിറ്റുകൾക്ക് ശേഷം തുടച്ചുനീക്കുന്നതും ഫലപ്രദമാണ്. കടുപ്പമേറിയ കെമിക്കലുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.