വീട്ടിലെ കണ്ണാടികൾ പുതുപുത്തൻ പോലെ തിളങ്ങണോ? ഇവ പരീക്ഷിച്ചുനോക്കൂ

Mail This Article
മുഖം നോക്കാനുള്ള ഉപാധി എന്നതിനപ്പുറം കണ്ണാടികൾ ഇന്ന് ഇന്റീരിയർ ഡിസൈനിങ്ങിലും അലങ്കാരങ്ങളിലുമൊക്കെ ധാരാളമായി ഉപയോഗിക്കാറുണ്ട്. എന്നാൽ വീട്ടിലെ മറ്റു ഭാഗങ്ങൾ പോലെ കണ്ണാടികൾ എപ്പോഴും ഭംഗിയായി സൂക്ഷിക്കുന്നത് അത്ര എളുപ്പമല്ല. പതിവായി വൃത്തിയാക്കിയില്ലെങ്കിൽ പൊടിപടലങ്ങൾ പിടിച്ച് കണ്ണാടിക്ക് മങ്ങലേൽക്കുകയും പ്രതലത്തിൽ തൊട്ടതിന്റെ അടയാളങ്ങൾ അതേപടി അവശേഷിക്കുകയുമൊക്കെ ചെയ്യും. ബാത്റൂമിലാണ് കണ്ണാടി വച്ചിരിക്കുന്നതെങ്കിൽ ഈർപ്പമേറ്റ് അവയുടെ ഭംഗി വളരെവേഗം നഷ്ടപ്പെടാം. വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് കണ്ണാടികൾ പുതുപുത്തൻ പോലെ വൃത്തിയാക്കിയെടുക്കാനാവും. അത് എങ്ങനെ എന്ന് നോക്കാം.
* ഒരു സ്പ്രേ ബോട്ടിലെടുത്ത് അതിൽ ഒരേ അളവിൽ വിനാഗിരിയും വെള്ളവും കലർത്തി മിശ്രിതം തയ്യാറാക്കുക. വെളുത്ത വിനാഗിരി തന്നെ എടുക്കാൻ ശ്രദ്ധിക്കണം. ഈ ലായനി കണ്ണാടിയിലേക്ക് സ്പ്രേ ചെയ്തു കൊടുത്ത ശേഷം മൈക്രോ ഫൈബർ ക്ലോത്ത് ഉപയോഗിച്ച് മുകളിൽ നിന്നും താഴെ വരെയും വശങ്ങളിലേക്കും തുടച്ചു കൊടുക്കാം.
• കണ്ണാടിക്ക് തടി കൊണ്ടുള്ള ഫ്രെയിം ആണെങ്കിൽ ലായനി ഫ്രെയിമിൽ വീഴാതെ പ്രത്യേകം ശ്രദ്ധിക്കുക. മൈക്രോ ഫൈബർ തുണിയിലേക്ക് നേരിട്ട് മിശ്രിതം സ്പ്രേ ചെയ്ത ശേഷം അത് ഉപയോഗിച്ചു തുടച്ചാൽ മതിയാകും.
• ഇത്തരത്തിൽ കണ്ണാടി തുടയ്ക്കുന്ന സമയത്ത് മുറിയിൽ വായു സഞ്ചാരം ഉണ്ടെന്ന് ഉറപ്പുവരുത്തണം.
* പാടുകൾ മായാനായി ഷേവിങ് ക്രീമും കണ്ണാടിയിൽ ഉപയോഗിക്കാം. കണ്ണാടിയുടെ പ്രതലത്തിൽ നന്നായി ഷേവിങ് ക്രീം പുരട്ടിയശേഷം മൈക്രോ ഫൈബർ ക്ലോത്ത് ഉപയോഗിച്ച് തുടച്ചുനീക്കിയാൽ മതിയാകും.
* പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ കണ്ണാടിയിലുണ്ടെങ്കിൽ അത് നീക്കംചെയ്യാൻ റബ്ബിങ് ആൾക്കഹോൾ ഉപയോഗപ്രദമാണ്. വെള്ളം വീണതിന്റെ പാടുകളോ സ്റ്റിക്കറിൻ്റെ പാടുകളോ ഒക്കെ ഇത് ഉപയോഗിച്ച് നീക്കം ചെയ്യാം. ഒരു മൈക്രോ ഫൈബർ ക്ലോത്തിലോ പേപ്പർ ടവ്വലിലോ അൽപം റബ്ബിങ് ആൾക്കഹോൾ പുരട്ടിയശേഷം പറ്റിപ്പിടിച്ച പാടിന് മുകളിൽ പലതവണ മൃദുവായി അമർത്തുക. ഏതാനും മിനിറ്റുകൾക്കു ശേഷം ഉണങ്ങിയ തുണിയോ പേപ്പര്‍ ടൗവ്വലോ ഉപയോഗിച്ച് തുടച്ചുനീക്കാം. നെയിൽ പോളിഷ് റിമൂവറും ഇത്തരത്തിൽ കണ്ണാടിയിൽ ഉപയോഗിക്കാവുന്നതാണ്.
* ബേക്കിങ് സോഡയും വെളുത്ത വിനാഗിരിയും തുല്യ അളവിൽ ഇടകലർത്തി പേസ്റ്റ് തയ്യാറാക്കണം. ഈ പേസ്റ്റ് കണ്ണാടിക്ക് മുകളിലെ കറയിൽ തേച്ചുപിടിപ്പിച്ച ശേഷം ഏതാനും മിനിറ്റുകൾ കാത്തിരിക്കാം. പിന്നീട് ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചു നീക്കിയാൽ മതിയാകും.
* പറ്റിപ്പിടിച്ച കറകൾ നീക്കം ചെയ്യാൻ റേസർ ബ്ലേഡ് ഉപകാരപ്രദമാണ്. എന്നാൽ കണ്ണാടിക്ക് മുകളിൽ റേസർ ബ്ലേഡ് ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ പ്രതലത്തിൽ പോറലേറ്റ് ഭംഗി നഷ്ടപ്പെടും. കണ്ണാടിയിൽ കറയുള്ള ഭാഗത്ത് ആദ്യം അല്പം വെള്ളമോ റബ്ബിങ് ആൾക്കഹോളോ വെളുത്ത വിനാഗിരിയും ചെറു ചൂടുവെള്ളവും കലർത്തിയ ലായനിയോ തളിക്കാം. അതിനുശേഷം ബ്ലേഡ് എടുത്ത് ഏകദേശം 45 ഡിഗ്രി ചെരുവിൽ പിടിച്ച് കറയുള്ള ഭാഗത്ത് മൃദുവായി ഉരസണം. കറ ഇളകിയതായി കണ്ടാൽ ഉടൻതന്നെ ഉണങ്ങിയ മൈക്രോഫൈബർ തുണി ഉപയോഗിച്ച് തുടച്ചുനീക്കാം.