ഫ്രിജിൽ കറയും ദുർഗന്ധവുമുണ്ടോ? വിനാഗിരി മാത്രം മതി; അനായാസം വൃത്തിയാക്കാം

Mail This Article
അടുക്കള വൃത്തിയാക്കലിൽ ഏറ്റവും കൂടുതൽ സമയം വേണ്ടിവരുന്നത് ഫ്രിജ് വൃത്തിയാക്കുന്നതിനാണ്. ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന ഇടമായതിനാൽ ഫ്രിജ് അടിക്കടി വൃത്തിയാക്കേണ്ടത് പ്രധാനമാണ്. അധിക ഈർപ്പം തങ്ങിനിൽക്കാതെ, എന്നാൽ ദുർഗന്ധങ്ങളും എണ്ണക്കറകളുമെല്ലാം അപ്പാടെ അകറ്റി ഫ്രിജ് വൃത്തിയാക്കുന്നത് അത്ര എളുപ്പമല്ല. എന്നാൽ വിനാഗിരി വീട്ടിലുണ്ടെങ്കിൽ ഫ്രിജ് ഈസിയായി വൃത്തിയാക്കാം. അതെങ്ങനെയെന്ന് നോക്കാം.
ഫ്രിജിന്റെ പുറം വൃത്തിയാക്കാൻ
വെളുത്ത വിനാഗിരിയും വെള്ളവും തുല്യ അളവിൽ എടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ നിറയ്ക്കണം. ദുർഗന്ധം അകറ്റാനും അഴുക്ക് എളുപ്പത്തിൽ നീക്കം ചെയ്യാനും അണുക്കളെ കൊല്ലാനുമുള്ള ശക്തി വെളുത്ത വിനാഗിരിക്കുണ്ട്. ഇതിനുപകരം ആപ്പിൾ സിഡെർ വിനാഗിരിയും ഉപയോഗിക്കാം.
സ്പ്രേ ബോട്ടിലിൽ ലായനി നിറച്ച ശേഷം ഫ്രിജിന്റെ പുറംഭാഗത്ത് ഒന്നോ രണ്ടോ തവണ സ്പ്രേ ചെയ്യാം. ഡോർ ഹാൻഡിലുകൾ, അരികുകൾ, സീലുകൾ എന്നിവ വിട്ടുപോകരുത്. അഴുക്ക് നന്നായി ഇളകാൻ 10 മുതൽ 15 മിനിറ്റ് കാത്തിരിക്കണം. ശേഷം വൃത്തിയുള്ള തുണിയെടുത്ത് നന്നായി തുടച്ചു കൊടുക്കാം. അഴുക്കോ കറകളോ അവശേഷിക്കുന്നുണ്ടെങ്കിൽ അൽപം ലായനി കൂടി സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.

സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ച ഫ്രിജാണെങ്കിൽ അവയിലെ ഗ്രെയ്നിന്റെ അതേ ദിശയിലേക്കുതന്നെ തുടയ്ക്കാൻ ശ്രദ്ധിക്കുക. ഇത്തരം ഫ്രിജുകൾ വൃത്തിയാക്കിയ ശേഷം ഒരു പോളിഷ്ഡ് എഫക്ട് കിട്ടുന്നതിനായി മൈക്രോ ഫൈബർ തുണിയെടുത്ത് അതിലേക്ക് ഒന്നോ രണ്ടോ തുള്ളി ഒലിവെണ്ണ ഒഴിക്കാം. ഇത് ഉപയോഗിച്ച് ഒരിക്കൽ കൂടി പുറംഭാഗം തുടച്ചാൽ സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രിജ് പുതുപുത്തൻ പോലെ തോന്നിപ്പിക്കും.
വൃത്തിയുള്ള മൈക്രോ ഫൈബർ ക്ലോത്ത് ഉപയോഗിച്ച് സ്പ്രേ ചെയ്ത ലായനി തുടച്ചുനീക്കാവുന്നതാണ്. തുണി എത്തിപ്പെടാത്ത മൂലകളിൽ സോഫ്റ്റ് ബ്രിസിലുകളുള്ള ബ്രഷ് ഉപയോഗിക്കാം. തുടയ്ക്കുമ്പോൾ മുകൾഭാഗത്ത് നിന്നും ആരംഭിക്കുക. വൃത്തിയാക്കലിനിടെ അഴുക്ക് കലർന്ന വെള്ളം താഴേക്ക് വീണ് തുടച്ച ഭാഗം വീണ്ടും വൃത്തിയാക്കേണ്ട സാഹചര്യം ഇതിലൂടെ ഒഴിവാക്കാം. ഷെൽഫുകളും ഡ്രോയറുകളും വൃത്തിയാക്കാനായി ചൂടുവെള്ളവും സോപ്പ് ലായനിയും ഉപയോഗിക്കാം. എന്നാൽ ഇവയിലെ ഗ്ലാസുകളിൽ നിന്നും തണുപ്പ് പൂർണമായി അകന്നു എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ചൂടുവെള്ളം ഉപയോഗിക്കാവൂ. അല്ലാത്തപക്ഷം ഗ്ലാസിൽ പൊട്ടൽ വീഴാൻ സാധ്യത ഏറെയാണ്. ഈ ഭാഗങ്ങളെല്ലാം കഴുകിയശേഷം ഉണങ്ങിയ തുണികൊണ്ട് തുടച്ച് കാറ്റുകൊണ്ട് പൂർണമായി ഉണങ്ങാൻ അനുവദിക്കുക. പിന്നീട് ഓരോ ഭാഗങ്ങളായി തിരികെ ഫ്രിജിൽ വയ്ക്കാവുന്നതാണ്.
ഒരു ബൗളിൽ അൽപം വിനാഗിരി എടുത്ത് ഫ്രിജിനുള്ളിൽ തുറന്ന നിലയിൽ സൂക്ഷിക്കുക. ഇത് ഫ്രിജിനുള്ളിലെ ദുർഗന്ധം അകറ്റും. രണ്ടോ മൂന്നോ ദിവസത്തെ ഇടവേളയിൽ ബൗളിലെ വിനാഗിരി കളഞ്ഞശേഷം പുതിയതായി ഒഴിച്ചുവയ്ക്കണം.
ഫ്രീസർ വൃത്തിയാക്കാൻ
ഫ്രിജ് അൺപ്ലഗ് ചെയ്ത ശേഷം വൃത്തിയാക്കാൻ തുടങ്ങുക. ഫ്രീസറിൽ കട്ടിയായി അവശേഷിക്കുന്ന ഐസ് അലിഞ്ഞുപോകാൻ ഇത് സഹായിക്കും. ശേഷം ഒരു സ്പ്രേ ബോട്ടിൽ എടുത്ത് അതിൽ ചൂടുവെള്ളവും വിനാഗിരിയും ഒരേ അളവിൽ കലർത്തുക. ഫ്രീസറിൻ്റെ ഇന്റീരിയറിൻ്റെ മുകളിലും താഴെയും വശങ്ങളിലും ഈ ലായനി സ്പ്രേ ചെയ്യാം. കട്ടിയുള്ള കറകൾ നീങ്ങുന്നതിനായി വിനാഗിരി ലായനി അൽപസമയം തുടരാൻ അനുവദിക്കണം.