അബദ്ധത്തിൽ ഗെയ്സർ ഓൺ ചെയ്തു വച്ചത് 4 മാസം! ചിരിയുണർത്തി യുവാവിന്റെ സമൂഹമാധ്യമ പോസ്റ്റ്

Mail This Article
തനിച്ച് വീട്ടിൽ പുതിയതായി താമസിച്ചു തുടങ്ങുന്ന ബാച്ചിലേഴ്സിന് പാചകവും ക്ലീനിങ്ങും മുതലിങ്ങോട്ട് പല കാര്യങ്ങളിലും അബദ്ധങ്ങൾ സംഭവിക്കുന്നത് സാധാരണയാണ്. അത്തരത്തിൽ തനിക്കും സുഹൃത്തിനും സംഭവിച്ച അബദ്ധത്തിന്റെ കഥയാണ് ആദിത്യ ദാസ് എന്ന വ്യക്തി ഇപ്പോൾ എക്സിലൂടെ പങ്കുവച്ചിരിക്കുന്നത്. ബെംഗളൂരുവിൽ വാടകഫ്ലാറ്റിലെ ഗെയ്സർ അബദ്ധത്തിൽ നാലുമാസമാണ് ഇവർ ഓൺ ചെയ്തുവച്ചത്.
ബെംഗളൂരുവിൽ ജോലിചെയ്യുന്ന ഇരുവരും കഴിഞ്ഞ ഒക്ടോബറിൽ അവരവരുടെ നാട്ടിലേക്ക് പോയിരുന്നു. പിന്നീടുള്ള നാലു മാസക്കാലവും ഇരുവരും നാട്ടിലാണ് കഴിഞ്ഞത്. എന്നാൽ വീടു പൂട്ടി പോകുന്നതിനു മുൻപായി ഗെയ്സ്ർ ഓഫ് ചെയ്യുന്ന കാര്യം ആദിത്യയുടെ സുഹൃത്ത് മറന്നുപോയി. ഒടുവിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് തിരികെ ഫ്ലാറ്റിൽ എത്തിയപ്പോഴാണ് സംഭവിച്ച അബദ്ധം ആദിത്യയുടെ ശ്രദ്ധയിൽപ്പെട്ടത്.
ഇക്കാര്യം ഉടൻതന്നെ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ഇത്രയും വലിയ അബദ്ധം സംഭവിച്ച സ്ഥിതിക്ക് ഇവരുടെ ഈ കാലയളവിലെ വൈദ്യുതി ബിൽ എത്രയാണെന്ന് അറിയാനാണ് ഭൂരിഭാഗം ആളുകളും താൽപര്യം പ്രകടിപ്പിച്ചത്. എന്നാൽ ഇതുവരെ വൈദ്യുതി ബിൽ കയ്യിൽ കിട്ടിയിട്ടില്ല എന്നും മിക്കവാറും ബിൽ അടച്ചു തീർക്കാനായി ലോൺ എടുക്കേണ്ട സാഹചര്യം പോലും ഉണ്ടായേക്കാം എന്നും ആദിത്യ പ്രതികരിക്കുന്നുമുണ്ട്.
ആദിത്യയുടെ പോസ്റ്റിന്റെ കമന്റ് ബോക്സ് ഗെയ്സറുകളുടെ ഉപയോഗത്തെപ്പറ്റിയുള്ള ഗൗരവതരമായ ചർച്ചകൾക്ക് വേദിയായി. അവ എങ്ങനെ പ്രവർത്തിപ്പിക്കണമെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും എല്ലാം ആളുകൾ വിവരിക്കുന്നുണ്ട്. പുതിയ മോഡൽ വാട്ടർ ഹീറ്ററുകളുടെ ഹീറ്റ് സെൻസർ സംവിധാനത്തിന്റെ മേന്മകളെ കുറിച്ചാണ് പലരും വിശദീകരിക്കുന്നത്. വെള്ളം നിശ്ചിത ചൂടിൽ എത്തുമ്പോൾ അവ തനിയെ ഓഫ് ആകാറുണ്ട്. ഇത്തരം വാട്ടർ ഹീറ്ററുകൾ ആദിത്യയെയും സുഹൃത്തിനെയും പോലെയുള്ള ധാരാളം ആളുകൾക്ക് പ്രയോജനപ്രദമാകും എന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.
ഇവരുടെ ഗെയ്സർ ഇപ്പോഴും പ്രവർത്തനക്ഷമമാണോ എന്ന സംശയമാണ് മറ്റുചിലർക്കുള്ളത്. മിക്കവാറും ഗെയ്സർ മാറ്റി വാങ്ങേണ്ട സാഹചര്യം ഉണ്ടാകുമെന്നും ഇവർ ഓർമിപ്പിക്കുന്നു. അതേസമയം വാട്ടർ ഹീറ്ററുകൾ ആവശ്യം കഴിഞ്ഞാൽ തനിയെ കട്ട് ഓഫ് ആകുമെന്നും വൈദ്യുതി അധികമായി പാഴാവില്ലെന്നും ചിലർ വിശദീകരിക്കുന്നുണ്ട്. ഗെയ്സർ ഓഫ് ചെയ്യുന്ന രീതി ഇന്ത്യയിലാണ് അധികമായി കാണുന്നതെന്നും പാശ്ചാത്യ രാജ്യങ്ങളിൽ കാലങ്ങളോളം അവ ഓൺ ചെയ്ത നിലയിൽ തന്നെ തുടരുകയാണ് പതിവെന്നും ഒരാൾ പ്രതികരിക്കുന്നുണ്ട്.