അകത്തളത്തിൽ അഴകു വിരിക്കാം; കിടക്കയ്ക്കും ബെഡ് ഷീറ്റുകൾക്കും പറയാനുണ്ട് കഥകളേറെ

Mail This Article
കിടക്ക ഉറങ്ങാനുള്ളതല്ലേ. അതിനെന്തിനു സൗന്ദര്യം എന്നു കരുതിയിരുന്നവരായിരുന്നു നമ്മൾ. എന്നാൽ, പുതിയ കാലത്ത് കംഫർട്ടിന് പ്രാധാന്യം കൂടുതൽ നൽകിയതോടെ കിടക്കൾക്കും പ്രധാന്യമേറി. കിടപ്പുമുറിയുടെ ഫർണിഷിങ്ങിൽ ഏറ്റവും പ്രധാന ഇനം കിടക്കവിരികളാണ്. നിറം, പ്രിന്റ്, മെറ്റീരിയൽ ഇവയിലെല്ലാം വൈവിധ്യങ്ങളുടെ കലവറയാണ് ബെഡ് ഷീറ്റുകൾ. കിടക്കയുടെ മുകളിൽ വിരിക്കാൻ ബെഡ് ഷീറ്റ് കൂടാതെ ബെഡ് സ്‌പ്രെഡ്, കംഫർട്ടർ, ഫ്ലാനൽ, ബെഡ് പ്രൊട്ടക്‌ടർ, ക്വിൽറ്റ് തുടങ്ങിയ നിരവധി ഉൽപന്നങ്ങളുണ്ട്.
കിടക്കയുടെ മുകളിൽ ആദ്യം ഇടേണ്ടത് ബെഡ് കവറിങ് ആണ്. വെള്ളം, കറ, ക്ഷുദ്രജീവികളടെ ആക്രമണം ഇവയിൽ നിന്നെല്ലാം കിടക്കയെ സംരക്ഷിക്കലാണ് ഇതിന്റെ ധർമം. ഇത് കോട്ടൺ, ഫൈബർ മെറ്റീരിയലുകൾ കൊണ്ടു നിർമിക്കുന്നവയാണ്. കിടക്കയുടെ വലുപ്പത്തിൽ നാലു വശത്തും തയ്‌ച്ചുകിട്ടുന്ന ഈ കവറിലേക്ക് കിടക്ക ഇറക്കുകയാണ് ചെയ്യുന്നത്. കിടക്ക ഇറക്കി സിബ് ഇട്ട് അടച്ചുവയ്‌ക്കാം. ബെഡ് കവറുകളും ഇന്ന് ധാരാളമായി ലഭ്യമാണ്.

ബെഡ് ഷീറ്റുകൾക്ക് കോട്ടൺ
ബെഡ് കവറിങ്ങിനു മുകളിലാണ് ബെഡ് ഷീറ്റ് വരിക്കേണ്ടത്. ബെഡ്‌ഷീറ്റു സിംഗിൾ, ഡബിൾ, മീഡിയം, കിങ്, ക്വീൻ എന്നു തുടങ്ങി പല വലുപ്പങ്ങളിൽ ലഭിക്കും. കോട്ടൺ, സാറ്റിൻ, സിൽക്ക്, ലിനൻ എന്നിങ്ങനെ കിടക്കവിരികളിൽ ഒരുപാട് മെറ്റീരിയലുകളുണ്ട്. കോട്ടണാണ് ബെഡ്‌ഷീറ്റിന് ഏറ്റവും യോജിച്ചതത്. കോട്ടണിൽ തന്നെ ഹാൻഡ്‌ലൂം കോട്ടൺ, പോളിയെസ്‌റ്റർ മിക്‌സുള്ള കോട്ടൺ, നിലവാരം കൂടിയ കോട്ടൺ എന്നിങ്ങനെ പല വിധത്തിലുണ്ട്. പണം പ്രശ്നമല്ലെങ്കിൽ ലിനനും ഉപയോഗിക്കാം.

പ്രിന്റഡും പ്ലെയ്‌നും ബെഡ്‌ഷീറ്റുകൾ ലഭിക്കും. പ്ലെയിൻ ഷീറ്റും പ്രിന്റഡ് പില്ലോയും, നടുഭാഗം പ്രിന്റഡും വശങ്ങൾ പ്ലെയിനും തുടങ്ങി ഭാവനയ്‌ക്കനുസരിച്ച് ഡിസൈൻ ചെയ്യാം. സാധാരണ ഫ്ലാറ്റ് ബെഡ് ഷീറ്റ് കൂടാതെ കിടക്കയുടെ വശങ്ങളിൽ ഇലാസ്‌റ്റിക് ഉപയോഗിച്ച് ഉറപ്പിക്കാവുന്ന ഫിറ്റഡ് ബെഡ്‌ഷീറ്റുകളും വിപണിയിൽ ലഭിക്കും. ഉപയോഗിക്കാനും വിരിക്കാനുമുള്ള എളുപ്പമാണ് ഫിറ്റഡ് ഷീറ്റിന്റെ പ്രത്യേകത.
ഭംഗിക്ക് ബെഡ് സ്‌പ്രെഡ്
പകൽ സമയത്ത് ബെഡ് ഷീറ്റ് വൃത്തികേടാകുന്നത് തടയാനാണ് ബെഡ്‌സ്‌പ്രെഡ് ഉപയോഗിക്കുന്നത്. സാറ്റിൻ വിരികൾ ബെഡ്‌സ്‌പ്രെഡ് ആയാണ് കൂടുതലും ഉപയോഗിക്കുന്നത്. സാറ്റിനു പുറമേ ബെഡ് സ്‌പ്രെഡ് ആയി മികച്ച കോട്ടൺ, സിൽക്ക്, ലിനൻ ഷീറ്റുകളും വിപണിയിലുണ്ട്. വർക്ക് ചെയ്‌ത സ്‌പ്രെഡുകളാണ് ഈ വിഭാഗത്തിൽ ശ്രദ്ധേയമായിട്ടുള്ളത്. എംബ്രോയ്‌ഡറി, ഫ്രിൽ വർക്ക് എന്നിവ ബെഡ് സ്‌പ്രെഡിന്റെ മാറ്റുകൂട്ടും. ബെഡ് ഷീറ്റ്, സ്‌പ്രെഡ്, കവറിങ്, പില്ലോ കവർ, കുഷൻ കവർ എന്നിവയെല്ലാം ഒറ്റ സെറ്റായും വിപണിയിലിറങ്ങുന്നുണ്ട്.
ഷീറ്റ് ഈടുനിൽക്കാൻ
1. ബെഡ് ഷീറ്റ് മെറ്റീരിയൽ ഏതായാലും കഴുകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. നിറമിളകാനുള്ള പ്രവണത ചില കിടക്കവിരികൾ കാണിക്കാറുണ്ട്. വാങ്ങുമ്പോൾ തന്നെ ശ്രദ്ധിച്ചാൽ വലിയൊരു പരിധിവരെ ഇത്തരം ഷീറ്റുകളെ മാറ്റിനിർത്താനാകും. ചുവപ്പ്, മജന്ത തുടങ്ങിയ കടും നിറങ്ങൾ ഷീറ്റിലുണ്ടെങ്കിൽ അവയിൽ ചെറുതായൊന്നു തിരുമ്മിനോക്കുക. ഉപ്പു പൊടി അടർന്നു വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം നിറമിളകും.
2. കോട്ടണിന്റെ ഗുണമേന്മ അറിയാനും വഴികളുണ്ട്. ഒരു സ്‌ക്വയർ ഇഞ്ച് സ്‌ഥലത്ത് ഏത്ര നൂലിഴകളുണ്ട് എന്നു നോക്കിയാണ് ഗുണമളക്കുന്നത്. ഒരു സ്‌ക്വയർ ഇഞ്ചിൽ 200 നൂലിഴകളെങ്കിലുമുണ്ടെങ്കിൽ നല്ല കോട്ടണാണെന്നുറപ്പിക്കാം.
3. ബെഡ് ഷീറ്റ് ഡ്രയറിൽ ഉണക്കുമ്പോൾ പകുതി ഉണങ്ങിയാൽ എടുത്തുവെയിലിൽ ഇടുന്നതാണ് നല്ലത്. ഷീറ്റ് ചുളുങ്ങുന്നതിന്റെ അളവു കുറയ്‌ക്കാം.

4. കുറച്ച് ഡിറ്റർജന്റ് ഉപയോഗിച്ച് ജെന്റിൽ വാഷ് ചെയ്യുക. തുണികൾ നേരത്തെ കുതിർത്തു വയ്‌ക്കാം. വെള്ള ഷീറ്റുകൾ ഒരുമിച്ചും നിറമുള്ളവ ഒരുമിച്ചും വേണം കഴുകാൻ.
5 പില്ലോ കവർ ബെഡ്‌ഷീറ്റിനെ അപേക്ഷിച്ചു പെട്ടെന്നു കേടാകും. അതുകൊണ്ട് രണ്ടോ മൂന്നോ അധികം പില്ലോ കവർ വാങ്ങി സൂക്ഷിക്കാം.
കിടക്കവിരിക്കാൻ പഠിക്കാം
ബെഡ്‌ഷീറ്റ് വരിക്കുന്നത് ഒരു കലയാണ്. കിടക്കവിരിക്കുന്നതിനും ക്ലാസിക് മോഡേൺ രീതികളുണ്ട്. ബെഡ്‌ഷീറ്റ് ബെഡിനടിയിലേക്കു മടക്കിവയ്‌ക്കുന്നതിന് ‘ടക്ക് ഇൻ’ ചെയ്യുക എന്നു പറയം. ബെഡിൽ തലയണവച്ച് മുകളിൽ ഷീറ്റ് വിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഷീറ്റ് നാലു വശത്തേക്കും തൂങ്ങി നിൽക്കുന്നണ്ടായിരിക്കും. ഇതിൽ കട്ടിലിന്റെ മുകളിലും താഴെയുമുള്ള ഭാഗം ചുളിവുവരാതെ കിടക്കയുടെ അടിയിലേക്കു കയറ്റണം. ഷീറ്റ് തലയണയുടെ അടിഭാഗത്തേക്ക് അൽപം കയറ്റി ആകൃതിവരുത്തുന്നതോടെ ക്ലാസിക് ശൈലിയിലെ ‘ടക്ക് ഇൻ‘ പൂർത്തിയായി. മോഡേൺ ശൈലിയിൽ വശങ്ങൾ കൂടി ബെഡിനടിയിലേക്കു കയറ്റും. മൂലകൾ ത്രികോണാകൃതിയിൽ മടക്കിയാണ് വശങ്ങൾ മടക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട ധാരാളം വിഡിയോകൾ ഇന്ന് ലഭ്യമാണ്.