മണിക്കൂറുകൾക്കുള്ളിൽ വീട് മൊത്തം അടിച്ചുവാരിത്തുടച്ചു വൃത്തിയാക്കും: എന്താണ് കേരളത്തിൽ ഹിറ്റായ ഡീപ് ക്ലീനിങ് സർവീസ്?

Mail This Article
എല്ലാ ദിവസവും അടിച്ചുവാരി നനച്ചുതുടച്ചിരുന്ന വീടായാൽ പോലും കണ്ണെത്താത്തിടത്തും കയ്യെത്താത്തിടത്തും അഴുക്കു കൂടും. ഇന്നത്തെ സാഹചര്യത്തിൽ കുടുംബത്തിലുള്ളവർ ജോലിയും സ്കൂളുമൊക്കെയായി പുറത്തായിരിക്കും. വൈകിട്ടുവന്ന ആകെ കിട്ടുന്ന സമയത്ത് അത്യാവശ്യം വൃത്തിയാക്കൽ നടക്കും. അല്ലാതെ വീടു പരിപാലനത്തിനായി മാറ്റി വയ്ക്കാൻ സമയമില്ല.
എന്നാൽ വീടിനും കൃത്യമായ കാലയളവിൽ കൃത്യമായ വൃത്തിയാക്കൽ ആവശ്യമാണ്. അതു വളരെ പ്രഫഷനലായി ചെയ്തു തരുന്ന ഡീപ് ക്ലീനിങ് സർവീസുകള്‍ ഇന്നുണ്ട്. ചതുരശ്രയടിക്ക് അഞ്ചുരൂപ മുടക്കി വീട് ഡീപ് ക്ലീൻ ചെയ്യാം.
എന്താണ് ഡീപ് ക്ലീനിങ് സർവീസ്
എത്ര വൃത്തിയാക്കിയാലും അഴുക്കുമാറാത്ത മൂലകൾ, കബോർഡിന്റെ ഉൾവശങ്ങൾ, ഫ്രിഡ്ജ്, വാഷിങ് മെഷിൻ എന്നിവ വയ്ക്കുന്ന ഇടങ്ങൾ, സൺഷേഡിലെ പൂപ്പൽ. കയ്യെത്താത്തിടത്തെ മാറാലകൾ, സോഫാ സെറ്റുകൾ എന്നുവേണ്ട വീടിന്റെ മുക്കും മൂലയും ഇവർ വൃത്തിയാക്കും. ഹൈപവർ വാക്വം ക്ലീനറുകൾ, തുടയ്ക്കാനുള്ള ഉപകരണങ്ങൾ, ഡ്രയർ എന്നിങ്ങനെ വൃത്തിയാക്കാൻ വേണ്ട സാമഗ്രികളുമായി അവര്‍ വരും. അഞ്ചോ ആറോ പേരടങ്ങുന്ന ഒരു ടീം വന്ന് ഒറ്റ ദിവസം കൊണ്ടു വീടു മിനുക്കും.
വൃത്തിയാക്കേണ്ട ഏരിയ. വീടിന്റെ വലുപ്പം ഏതെല്ലാം രീതിയിലുള്ള ശുചീകരണമാണ് വേണ്ടത് എന്നതെല്ലാം അടിസ്ഥാനമാക്കിയായിരിക്കും ഡീപ് ക്ലീനിങ് സർവീസിന്റെ സമയവും ചെലവും സാധാരണരീതിയിൽ 1200 ചതുരശ്ര അടി വലുപ്പം വരുന്ന വീട് വൃത്തിയാക്കാൻ നാലുമണിക്കൂർ മതി. ഫ്ലോർ വാഷ്, വാൾ വാഷ്, കിച്ചൻ ക്ലീനിങ്, കബോർഡ് ക്ലിയറൻസ്, വേസ്റ്റ് മാനേജ്മെന്റ്, റൂഫ് ക്ലീനിങ്, ഔട്ഡോർ വാൾ ക്ലീനിങ് തുടങ്ങി എല്ലാവിധ സർവീസുകളും ഉൾപ്പെടുന്ന പാക്കേജുകൾ ലഭ്യമാണ്.

മാറാല, പൊടി, തറയിലും ഭിത്തിയിലും മറ്റ് ഗൃഹഭാഗങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ, കറകൾ എന്നിവയെ പൂർണമായും മാറ്റിയെടുക്കാം. ആവശ്യമെങ്കിൽ ബാത്റൂമുകളിൽ ആസിഡ് വാഷും ചെയ്യിക്കാം.
വീടിന്റെ അകത്തളം, ജനലുകൾ, വാതിലുകൾ, കബോർഡുകൾ, റൂഫ്, ഫാനുകൾ, ഫർണിച്ചർ എന്നിവ ഹൈ പവർ വാക്വം ക്ലീനർ കൊണ്ട് വൃത്തിയാക്കും. ജനലുകൾ, വാതിലുകൾ, ഗൃഹോപകരണങ്ങൾ എന്നിവയെല്ലാം കഴുകിത്തുടച്ച് ഉണക്കും. വീട്ടിലെ ഫർണിച്ചർ റീഅറേഞ്ച് ചെയ്ത് നൽകുന്ന രീതിയിലുള്ള സർവീസുകൾ വരെ ലഭ്യമാണ്. പരമാവധി 12 മണിക്കൂറിനുള്ളിൽ വീട് പുത്തനാക്കാം.
വീടിന്റെ പൊതുവായ വൃത്തിയാക്കലിനു പുറമെ, സോഫ, കിടക്ക, കാർപറ്റ് എന്നിവയുടെ ക്ലീനിങ്ങും കീടാണുനശീകരണവും സെപ്റ്റിക് ടാങ്ക് വൃത്തിയാക്കലും സർവീസിന്റെ ഭാഗമായി ലഭിക്കും. വീട്ടുകാരുടെ ആവശ്യപ്രകാരം സർവീസുകൾ കസ്റ്റമൈസ് ചെയ്തെടുക്കാവുന്നതാണ്. കേരളത്തിലെ എല്ലാം നഗരങ്ങളിലും ഡീപ് ക്ലീനിങ് സർവീസുകൾ ലഭ്യമാണ്.
എസി, ഫാൻ, മറ്റു ഗൃഹോപകരണങ്ങൾ എന്നിവയുെട റിപ്പയറിങ് സർവീസ് നടത്തുന്ന ഏജൻസികളും ഉണ്ട്. വർഷത്തിലൊരിക്കലെങ്കിലും വീടിനൊരു മേക്കോവർ എന്ന നിലയ്ക്ക് ഡീപ് ക്ലീനിങ് സർവീസുകളെ ആശ്രയിക്കാവുന്നതാണ്.