ADVERTISEMENT

ഒരുകാലത്ത് വീട്ടിലേക്ക് കൂടുതൽ അതിഥികൾ എത്തിയാൽ അവർക്ക് ഇരിക്കാൻ വേണ്ടത്ര സൗകര്യം എങ്ങനെ ഒരുക്കുമെന്നത് മിക്ക സാധാരണക്കാരുടെയും വലിയ പ്രശ്നമായിരുന്നു. ആയിരങ്ങളും പതിനായിരങ്ങളും മുടക്കി ആകർഷകവും സുഖപ്രദവുമായി ഇരിപ്പിടങ്ങൾ ഒരുക്കാൻ സാധിക്കാത്തവർക്ക് മുന്നിലേക്ക് അൽപം പ്രൗഢിയോടെയായിരുന്നു പ്ലാസ്റ്റിക് കസേരകളുടെ കടന്നുവരവ്.

പഴക്കം ചെന്ന സ്റ്റൂളുകളും ബെഞ്ചുകളും പിൻവരാന്തകളിലേക്ക് മാറ്റി ഇരുകൈകളും താങ്ങിവച്ച് ഇരിക്കാവുന്ന പ്ലാസ്റ്റിക് കസേരകൾ അതിഥികൾക്കായി അഭിമാനത്തോടെ ഒരുക്കിവച്ചിരുന്ന കാലം. 'കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ ഇരിപ്പിടം' എന്ന ആശയത്തിൽ അവതരിപ്പിക്കപ്പെട്ട പ്ലാസ്റ്റിക് കസേരകൾ ചുരുങ്ങിയ കാലംകൊണ്ട് ലോകമാകെ കയ്യടക്കുകയായിരുന്നു. കോർണർ സോഫകളും ബീൻ ബാഗുകളും കുഷ്യൻ കസേരകളും എത്തുന്നതിന് മുൻപ് സ്കൂളുകളിലും ആശുപത്രികളിലും റസ്റ്ററന്റുകളിലും ഏതൊരു വരാന്തയിലും പുൽത്തകിടിയിലും ഇടം പിടിച്ചിരുന്ന ഈ ഭാരം കുറഞ്ഞ ഇരിപ്പിടങ്ങൾ ഒരു കാലഘട്ടത്തിന്റെ തന്നെ കഥ പറയും.

white-plastic-chairs
Image Generated through AI Assist

'ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട കസേര'  എന്ന പദവിയും ഈ പ്ലാസ്റ്റിക്ക് കസേരകൾക്ക് തന്നെയാണ്. കൂടുതലായും വെള്ള നിറത്തിൽ നിർമിക്കപ്പെട്ടിരുന്നതിനാൽ വെള്ളക്കസേരയെന്ന് വിളിപ്പേരുണ്ടെങ്കിലും ഇവ പൊതുവേ അറിയപ്പെടുന്നത് 'മോണോബ്ലോക്ക് ചെയർ' എന്ന പേരിലാണ്. ഒറ്റ പ്ലാസ്റ്റിക് കഷണത്തിൽ നിന്നും നിർമ്മിക്കപ്പെടുന്നു എന്നതിനാലാണ് ഈ പേര് ലഭിച്ചത്.

സാധാരണ കസേരകളുടെ നിർമാണത്തിൽ നിന്നും വ്യത്യസ്തമായി പോളിപ്രൊപ്പലിൻ എന്ന റെസീൻ നിശ്ചിത താപനിലയിലുള്ള മോൾഡിലേക്ക്  ഒഴിച്ചാണ് ഇവ തയാറാക്കുന്നത്. മിനിറ്റുകൾ കൊണ്ട് നിർമിച്ചെടുക്കുന്ന ഇവ ജനകീയമായതിന്റെ കാരണങ്ങൾ പലതാണ്.

വിലയാണ് അതിൽ ഒന്നാമത്. ഒരു കസേരയുടെ നിർമാണ ചെലവ് 300 രൂപയിൽ താഴെയാണ്. 1000 രൂപയ്ക്കടുത്ത് മാത്രമാണ് വിപണിവില. ഭാരക്കുറവാണ് രണ്ടാമത്തെ കാരണം. തടിയിൽ നിർമിച്ച ഇരിപ്പിടങ്ങളെ അപേക്ഷിച്ച് വീടിനകത്തും പുറത്തും എളുപ്പത്തിൽ എടുത്തു കൊണ്ട് പോകാനാവും. ഒന്നിലധികം കസേരകൾ ആവശ്യാനുസരണം ഒറ്റക്കസേരയുടെ സ്ഥാനത്ത് അടുക്കുകളായി വയ്ക്കാം എന്നതായിരുന്നു മറ്റൊരു മേന്മ. 

plastic-chair-home
Image generated using AI Assist

1946 ൽ കനേഡിയൻ ഡിസൈനറായ ഡി സി സിംപ്സണാണ് ആദ്യമായി മോണോബ്ലോക്ക് കസേരകൾക്ക് രൂപം നൽകിയത്. എന്നാൽ അക്കാലത്ത് വൻതോതിലുള്ള ഉൽപാദനം സാധ്യമായിരുന്നില്ല. 1960 കൾ എത്തിയതോടെയാണ് ഈ തടസ്സങ്ങളെ മറികടന്ന് പ്ലാസ്റ്റിക് കസേരകൾ നിർമിക്കപ്പെട്ടു തുടങ്ങി. ഒറ്റ പ്ലാസ്റ്റിക് ബ്ലോക്ക് ഉപയോഗിച്ച് നിർമിക്കപ്പെടുന്ന ബോഫിംഗർ ചെയർ, പാൻ്റോൺ ചെയർ തുടങ്ങിയവയായിരുന്നു അക്കാലത്ത് നിർമിക്കപ്പെട്ടത്. എന്നാൽ ഇന്ന് കാണുന്ന തരത്തിൽ സാർവത്രികമായ രൂപകൽപനയിൽ പ്ലാസ്റ്റിക് കസേരകൾ പുറത്തിറങ്ങിയത് 1983ലായിരുന്നു.ഏതു കാലാവസ്ഥയ്ക്കും അനുയോജ്യവും സൗകര്യപ്രദവും വിലക്കുറവുമുള്ള കസേരകൾ കണ്ണടച്ചു തുറക്കു മുൻപ് ലോകത്തിന്റെ എല്ലാ കോണിലും ഇടംപിടിച്ചു. 

ഉപയോക്താക്കളുടെ സൗകര്യവും ആവശ്യങ്ങളും കൃത്യമായി മനസ്സിൽ കണ്ട് നിർമിക്കപ്പെട്ടു എന്നതിനാൽ തന്നെ ഇവ ജനപ്രിയമായി. ഒന്നോ രണ്ടോ അംഗങ്ങൾ മാത്രമുള്ള വീട്ടിലും ആയിരക്കണക്കിന് അതിഥികളെത്തുന്ന ചടങ്ങുകളിലും  പ്ലാസ്റ്റിക് കസേരകൾ ഒരേപോലെ ആധിപത്യം സ്ഥാപിച്ചു. എന്നാൽ എവിടെ തിരിഞ്ഞാലും പ്ലാസ്റ്റിക് കസേരകൾ കാണുന്ന അവസ്ഥ എത്തിയതോടെ ഇവയെ വെറുക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഉദാഹരണത്തിന് സ്വിറ്റ്സർലണ്ടിലെ ബസെൽ എന്ന നഗരം അതിന്റെ ഭംഗി നഷ്ടപ്പെടുന്നു എന്ന കാരണത്താൽ പ്ലാസ്റ്റിക് കസേരകൾ നിരോധിച്ചിരുന്നു. 

എല്ലായിടത്തും കണ്ടു തുടങ്ങിയതോടെ പുതുമ നഷ്ടപ്പെട്ടതാണ് പ്ലാസ്റ്റിക് കസേരകളിൽ നിന്നും ആളുകൾ അകന്നു തുടങ്ങിയതിന്റെ പ്രധാന കാരണം. പ്ലാസ്റ്റിക് മഹാവിപത്താണെന്ന് ലോകം തിരിച്ചറിഞ്ഞതോടെ പാരിസ്ഥിതിക ആഘാതം കണക്കിലെടുത്തും അവ പിന്തള്ളപ്പെട്ടു. സാങ്കേതിക മേഖലയുടെ വളർച്ചയോടെ കൂടുതൽ സൗകര്യപ്രദമായ ഓപ്ഷനുകൾ ലഭ്യമായി എന്നതും പ്ലാസ്റ്റിക് കസേരകളുടെ പ്രാധാന്യം കുറഞ്ഞതിന് കാരണമാണ്.  ഇന്നും പല വീടുകളുടെയും പിന്നാമ്പുറങ്ങളിൽ  നിറം മങ്ങിയ ഓർമകളുമായി പ്ലാസ്റ്റിക് കസേരകൾ പൊടിപിടിച്ചു കിടക്കുന്നത് കാണാം.

English Summary:

Plastic Chair- Most sold furniture in the world- Monoblock Chair History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com