ഇന്ത്യക്കാർക്ക് ചൂടു താങ്ങാനാവുന്നില്ല: കഴിഞ്ഞ വർഷം വിറ്റത് 14 ദശലക്ഷം എസികൾ: മതിയാകാതെ വരുമെന്ന് പഠനം

Mail This Article
രാജ്യത്ത് ചൂടിന്റെ കാഠിന്യം ഓരോവർഷവും വർധിക്കുകയാണ്. ഒരുകാലത്ത് ആഡംബരത്തിന്റെ പ്രതീകമായിരുന്ന എസി ഇപ്പോൾ സാധാരണക്കാരുടെ വീട്ടിലെ സാധാരണ ഗൃഹോപകരണമായി മാറി. ചൂട് സഹിക്കാൻ കഴിയാതെ, ലോൺ എടുത്തും ഇഎംഐ വഴിയും എസി വാങ്ങുന്നവരുടെ എണ്ണത്തിൽ വൻവർധനയാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. കഴിഞ്ഞവർഷം ഇന്ത്യയിൽ 14 ദശലക്ഷം എസികൾ വിറ്റുപോയെന്നാണ് കണക്ക്.
ഇന്ത്യയുടെ പല പ്രദേശങ്ങളിലും താപനില 50 ഡിഗ്രിയോട് അടുക്കുന്ന സാഹചര്യമുണ്ട്. സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തിൽ പോലും എസി വാങ്ങാതെ തരമില്ലാത്ത അവസ്ഥ. സമീപഭാവിയിൽ എസി സ്ഥാപിച്ച ഇന്ത്യൻ വീടുകളുടെ എണ്ണം ഒൻപത് മടങ്ങായി വർധിക്കുമെന്നും പ്രവചനങ്ങളുണ്ട്. കോടിക്കണക്കിന് ജനങ്ങൾക്ക് തൊഴിൽ സ്ഥലത്തും വീടിനുള്ളിലും സ്വസ്ഥമായിരിക്കാൻ ഇതിലൂടെ അവസരമൊരുങ്ങുമെങ്കിലും വൈദ്യുതി ഉപഭോഗം വർധിക്കാനും വായുവിന്റെ ഗുണനിലവാരം കുറയാനും ഇത് കാരണമാകും.
ഇന്ത്യൻ വീടുകളുടെ കണക്കെടുത്താൽ ഏഴു ശതമാനം വീടുകളിൽ മാത്രമേ നിലവിൽ എസിയുള്ളൂ. എന്നാൽ എസി വിൽപനയുടെ കാര്യത്തിൽ വളർച്ച കൈവരിക്കുന്ന വിപണികളിൽ മുൻനിരയിൽ ഇന്ത്യ ഇടം നേടിക്കഴിഞ്ഞു.
അന്തരീക്ഷ താപനില റെക്കോർഡ് ചെയ്യപ്പെടാൻ തുടങ്ങിയ കാലം മുതൽ ഇങ്ങോട്ടുള്ള കണക്കെടുത്താൽ ഇന്ത്യയിൽ ഏറ്റവും ചൂടേറിയ വർഷമായിരുന്നു 2024 എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. അതായത് സ്വർണ്ണം അടക്കമുള്ള മറ്റ് നിക്ഷേപങ്ങൾക്ക് മാറ്റിവച്ച പണം മുടക്കി എസി വാങ്ങാൻ ആളുകൾ നിർബന്ധിതരായതിൽ അദ്‌ഭുതപ്പെടാനില്ല. ഇനി വരുന്ന വർഷങ്ങളിലും അന്തരീക്ഷ താപനില വർധിക്കും എന്നതിനാൽ എസി ഉപഭോഗത്തിൽ കുറവ് വരാനുള്ള സാധ്യതയുമില്ല.

അകത്തളങ്ങൾ തണുപ്പിക്കുന്ന എസികൾ തെരുവുകളിൽ ചൂട് വർധിക്കാൻ ഇടയാക്കും എന്നതാണ് മറ്റൊരു വൈരുദ്ധ്യം. എസി യൂണിറ്റുകൾക്കുള്ളിലെ താപം ഉൽപാദിപ്പിക്കുന്ന മോട്ടറുകൾ നഗരപ്രദേശങ്ങളിലെ താപനില ഒരു ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ വർധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടനയും യുഎൻ ഹാബിറ്റാറ്റും അടക്കമുള്ളവ ചൂണ്ടിക്കാട്ടുന്നു.
ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്. 2050ൽ ഇന്ത്യയുടെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്‍റെ നാലിലൊന്നും എസി ഉപഭോഗം മൂലമായിരിക്കും. ഇന്ത്യയുടെ ആകെ വൈദ്യുതി ആവശ്യകതയിൽ പകുതിയും എസികൾക്കുവേണ്ടി ഉപയോഗിക്കുന്ന സാഹചര്യവുമുണ്ടാകും.

ഊർജ്ജക്ഷമതയുള്ള എസി യൂണിറ്റുകളെ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നതിലൂടെ മാത്രമേ ഈ സാഹചര്യങ്ങൾക്ക് ഒരുപരിധിവരെ തടയിടാൻ സാധിക്കു. ഊർജ്ജ സംരക്ഷണ ഇൻവെർട്ടർ അടങ്ങിയ എസികൾ ഇപ്പോൾ വിപണിയിൽ ആധിപത്യം പുലർത്തുന്നു എന്നതും, ഡിഫോൾട്ട് താപനില 24 ഡിഗ്രിയായി കമ്പനികൾ സെറ്റ് ചെയ്യുന്നതും, ഊർജ്ജ റേറ്റിങ്ങുകൾ നിർബന്ധമാക്കുന്നതും പ്രതീക്ഷകൾക്ക് വക നൽകുന്നുണ്ട്.
2027 നുള്ളിൽ രാജ്യത്തെ എസി വിപണിക്ക് 19 ശതമാനം വർധന ഉണ്ടാകുമെന്നാണ് കണക്ക്. നിലവിൽ 27,500 കോടി രൂപയാണ് രാജ്യത്തെ എസി വിപണിയുടെ മൂല്യം.