വീട്ടിലെത്താൻ നിങ്ങൾ കൊതിക്കും: ടെൻഷൻ, മൂഡ് ഓഫ് മാറും; ഡോപമിൻ ഡെക്കർ പരീക്ഷിക്കാം

Mail This Article
മനസ്സാകെ അസ്വസ്ഥമായി, സന്തോഷിക്കാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതിരിക്കുന്ന അവസരത്തിലും ചിലയിടങ്ങളിലേക്ക് കയറി ചെല്ലുമ്പോൾ നവോന്മേഷം നിറയുന്നതായി തോന്നാറില്ലേ? ഇടങ്ങൾ അലങ്കരിച്ചിരിക്കുന്നതിന്റെ പ്രത്യേകതയാവാം അത്. മനശാസ്ത്രവും സൗന്ദര്യാത്മകതയും ഒന്നിച്ചു ചേർത്തുകൊണ്ട് മനഃസന്തോഷം ഉണർത്തുന്ന തരത്തിൽ അകത്തളങ്ങൾ ഒരുക്കാം. ഭംഗി എന്നതിനപ്പുറം സന്തോഷം, സമാധാനം എന്നിവയ്ക്ക് കൂടി പ്രാധാന്യം നൽകുന്ന ഈ ഡിസൈനിങ് രീതിക്ക് 'ഡോപ്പമിൻ ഡെക്കർ' എന്നാണ് പേര്.
നവോന്മേഷം നൽകുന്ന നിറങ്ങൾ ഉൾപ്പെടുത്തുന്നതും അലങ്കാരവസ്തുക്കൾ ക്രമമായി അടുക്കുന്നതുമൊക്കെ ഡോപ്പമിൻ ഡെക്കറിൽ ഉൾപ്പെടുന്നു. ഈ ഡെക്കറേഷൻ ആശയം മനസ്സിലാക്കി കൃത്യമായി വീടൊരുക്കിയാൽ എപ്പോഴും പോസിറ്റീവ് അന്തരീക്ഷം ഉള്ളിൽ നിറഞ്ഞുനിൽക്കും. ചില ഡോപ്പമിൻ ഡെക്കർ ടിപ്സുകൾ നോക്കാം.
തെരഞ്ഞെടുക്കേണ്ട നിറങ്ങൾ
ആദ്യകാഴ്ചയിൽ ഉള്ളിൽ സന്തോഷം നിറയ്ക്കുന്ന നിറങ്ങളാണ് ഡോപ്പമിൻ ഡെക്കറിൽ പ്രധാനം. സൂര്യപ്രകാശവും ഊർജ്ജവുമായി ബന്ധപ്പെട്ടു നിൽക്കുന്ന മഞ്ഞ നിറം സന്തോഷത്തെ ഉത്തേജിപ്പിക്കുന്നതിന് അനുയോജ്യമാണ്. മുറിക്കുള്ളിൽ പ്രകാശം നിറയ്ക്കാൻ മിതമായ അളവിൽ ചുവരുകളിൽ മഞ്ഞനിറം ഉൾപ്പെടുത്താം. സന്തുലിതാവസ്ഥ നിലനിർത്താനും മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കാനും പച്ചനിറം ഉൾപ്പെടുത്താം. ഇൻഡോർ പ്ലാന്റുകൾ ഇതിന് ഉപയോഗപ്പെടുത്താം.
വ്യക്തിഗത ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകാം
വീടലങ്കരിക്കാൻ പൊതുവേ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും എല്ലാവരുടെയും വ്യക്തിഗത ഇഷ്ടങ്ങളുടെ പട്ടികയിൽ പെട്ടവ ആയിരിക്കണമെന്നില്ല. മുറിക്കുള്ളിലേക്ക് വന്നുകയറുമ്പോൾ മനസ്സിന് ഏറ്റവും സന്തോഷം നൽകുന്ന കാഴ്ചയോ അല്ലെങ്കിൽ ഒരു വസ്തുവോ ആണ് നിങ്ങളെ സ്വാഗതം ചെയ്യുന്നതെങ്കിൽ മനഃസന്തോഷം താനേ വന്നുനിറയും. ഉദാഹരണത്തിന് വ്യക്തിപരമായി നിങ്ങൾക്ക് ഏറ്റവും സന്തോഷം നൽകിയ ഒരു അനുഭവത്തെ ഓർമിപ്പിക്കുന്ന ചിത്രമോ കലാസൃഷ്ടിയോ അലങ്കാരത്തിൽ ഉൾപ്പെടുത്തിയാൽ വൈകാരികമായി ആ മുറിയോട് അടുപ്പം ഉണ്ടാകാൻ ഉപകരിക്കും. ഏറ്റവും പ്രിയപ്പെട്ടവർ നൽകിയ സമ്മാനങ്ങൾ, കുടുംബപരമായി കാത്തുസൂക്ഷിക്കുന്ന വസ്തുക്കൾ തുടങ്ങി നല്ല ഓർമകൾ നിറയ്ക്കുന്ന എന്തും എപ്പോഴും കാണത്തക്ക വിധത്തിൽ അലങ്കരിച്ചു വയ്ക്കാം.
പ്രകൃതിയുടെ മാജിക്
പ്രകൃതിയെ കൂടി അകത്തളത്തിലെ അലങ്കാരങ്ങളുടെ ഭാഗമാക്കുന്നത് നവോന്മേഷം പകരാൻ സഹായിക്കും. ഏതൊരു ഇടത്തിലും പുതുമ നിറയ്ക്കാൻ സസ്യങ്ങൾക്ക് പ്രത്യേക കഴിവുണ്ട്. അതിനാൽ പ്ലാസ്റ്റിക് സസ്യങ്ങൾക്ക് പകരം യഥാർഥ സസ്യങ്ങൾ അലങ്കാരത്തിൽ ഉൾപ്പെടുത്താം. സ്വാഭാവിക വെളിച്ചം ഉള്ളിൽ ലഭിക്കാൻ സാധിക്കുന്ന വിധത്തിൽ വേണം ഓരോ മുറിയുടെയും ഡിസൈനിങ്. സ്വാഭാവികവെളിച്ചം നന്നായി ലഭിക്കുന്ന ഇടങ്ങളിൽ ഫർണിച്ചറുകൾ ക്രമീകരിക്കുക. ശുദ്ധവായു അകത്തു നിറയുന്ന വിധത്തിൽ ജനാലകൾ തുറന്നിടാനും ശ്രദ്ധിക്കണം.
സുഗന്ധവും സന്തോഷവും
മുറിക്കുള്ളിലെ ഗന്ധത്തിനും നിങ്ങളുടെ സന്തോഷത്തെ സ്വാധീനിക്കാൻ സാധിക്കും. സെന്റഡ് മെഴുകുതിരികൾ, അവശ്യ എണ്ണകൾ, പില്ലോ സ്പ്രേ പോലെയുള്ളവ ഇതിനായി ഉപയോഗിക്കാം. നാരങ്ങയുടെ ഗന്ധമാണ് മുറിക്കുള്ളിൽ ഉൾപ്പെടുത്തുന്നതെങ്കിൽ പുത്തനുണർവ്വ് നൽകാൻ അത് സഹായിക്കും. ലാവൻഡറാവട്ടെ മനസ്സമാധാനം നിറയ്ക്കാൻ ഏറ്റവും അനുയോജ്യമാണ്. റോസാപ്പൂവിന്റെ ഗന്ധത്തിന് സുഖപ്രദമായ അന്തരീക്ഷത്തിന്റെ അനുഭൂതി സൃഷ്ടിക്കാൻ സാധിക്കും. ഇത്തരത്തിൽ നിങ്ങളുടെ മാനസികനിലയെ ഏറ്റവും നന്നായി സ്വാധീനിക്കാൻ കഴിയുന്ന ഗന്ധം അകത്തളത്തിൽ ഉൾപ്പെടുത്താം.
വീട് ചലനാത്മകമാക്കാം
നിശ്ചലമായി തുടരുന്ന മുറികൾ അത്ര സുഖകരമായിരിക്കില്ല. അതിനാൽ മുറികളിൽ ചലിക്കുന്ന വസ്തുക്കൾ അലങ്കാരത്തിനായി ഉപയോഗിക്കാം. വിൻഡ് ഷൈമുകൾ, ന്യൂട്ടൺസ് ക്രാഡിൽ, ലാവ ലാമ്പുകൾ, ടേബിൾ ടോപ്പ് വാട്ടർ ഫൗണ്ടെയ്നുകൾ പോലെയുള്ളവ തിരഞ്ഞെടുക്കാവുന്നതാണ്. ഈ വസ്തുക്കളിൽ നിന്നും ഉണ്ടാകുന്ന ചെറു ശബ്ദങ്ങൾ തലച്ചോറിനെ ഉത്തേജിപ്പിക്കും. വിൻഡ് ഷൈമുകളിൽ നിന്നും വാട്ടർ ഫൗണ്ടെയ്നിൽ നിന്നുമൊക്കെ ഉണ്ടാവുന്ന സ്വാഭാവികത നിറഞ്ഞ ചെറുശബ്ദങ്ങൾക്ക് സമ്മർദ്ദം ഉണ്ടാക്കുന്ന ഹോർമോണുകളെ നിയന്ത്രിക്കാൻ സാധിക്കും. അത്തരത്തിൽ ഏകാഗ്രത, ശാന്തത, സന്തോഷം എന്നിവയെല്ലാം നേടാനുമാകും.