ചെലവ് കുറഞ്ഞ വീട്; എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം!

അസംസ്കൃത വസ്തുക്കളുടെ വില കുതിച്ചുയരുന്ന സന്ദർഭത്തിൽ ‘ലോ കോസ്റ്റ്’ ഒരു സുന്ദരമായ ദിവാസ്വപ്നം മാത്രമാണെന്ന് പറയേണ്ടിവരും. പിന്നെയെന്താണ് ഈ മേഖലയിൽ നമുക്കു ചെയ്യുവാനുള്ളത്?

ലോകോസ്റ്റ് വീടെന്ന തെറ്റിദ്ധാരണയുമായി സ്വപ്നസൗധം പണിയാനൊരുങ്ങുന്നവർ കുറവല്ല. നിസ്സംശയം പറയാം, ആ സങ്കൽപം യാഥാർത്ഥ്യത്തിൽ നിന്നും ഏറെ അകലെയാണ്. ക്വാളിറ്റി കുറച്ച് കോസ്റ്റ് കുറയ്ക്കുവാനോ, ആവശ്യമായ സംവിധാനങ്ങൾ വീടിനകത്ത് ബോധപൂർവ്വം ഒഴിവാക്കുവാനോ കഴിയില്ലല്ലോ? 400 രൂപ വരുന്ന ഒരു ചാക്ക് സിമന്റ് 300 നോ 325 നോ ആരെങ്കിലും കൊണ്ടുവന്നു തരുമോ? ആയിരവും ആയിരത്തി അഞ്ഞൂറുമുള്ള ശരാശരികൂലി സ്വമേധയാ ഉപേക്ഷിച്ച് അഞ്ഞൂറോ, എഴുനൂറ്റൻപതോ രൂപയ്ക്ക് പണിയെടുക്കുവാൻ കാർപെന്ററോ മേസണോ തയ്യാറാകുമോ? അസംസ്കൃത വസ്തുക്കളുടെ വില കുതിച്ചുയരുന്ന സന്ദർഭത്തിൽ ‘ലോ കോസ്റ്റ്’ ഒരു സുന്ദരമായ ദിവാസ്വപ്നം മാത്രമാണെന്ന് പറയേണ്ടിവരും.

പിന്നെയെന്താണ് ഈ മേഖലയിൽ നമുക്കു ചെയ്യുവാനുള്ളത്? അവിടെയാണ് കോസ്റ്റ് ഇഫക്റ്റീവ് ആയി ചിലവുകളെ സംവിധാനം ചെയ്യുന്നതിന്റെ മാധുര്യം നാം നുകരുവാൻ പോകുന്നത്. പക്ഷേ ആർഭാടങ്ങള്‍ തീർത്തും ഒഴിവാക്കണം.

കോസ്റ്റ് ഇഫക്റ്റീവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും മറ്റൊന്നല്ല. ‘റീസൈക്ക്ളിങ്’ അഥവാ 'പുനരുപയോഗം' ആണ് ഇതിന്റെ ഒരു ഘട്ടം. നല്ല നല്ല മരങ്ങൾ യഥേഷ്ടം ഉണ്ടായിരുന്ന കാലത്ത് അവകൊണ്ടു പണിത ജനവാതിലുകൾ കാര്യമായ കേടുപാടുകൾ കൂടാതെ മാർക്കറ്റിൽ ലഭ്യമാണ്. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും ആന്ധ്രയിലും നിന്ന് ഇവ വന്നെത്തുന്നുണ്ട്. ചെറുതായൊന്നു മിനുക്കി പോളിഷ് ചെയ്ത് അങ്ങനെത്തന്നെയോ നിലവിലെ രീതിക്ക് വിപരീതമായോ സ്ഥാപിക്കാം. ജനൽ പാളികളുടേയും മരയഴികളുടേയും സ്ഥാനത്തിൽ മാറ്റം വരുമെന്നു മാത്രം.

ജനൽ പാളികൾ ഒരിയ്ക്കലും തുറക്കാനാവാത്ത ആധുനികങ്ങളായ കൂറ്റൻ ഒറ്റപ്പാളി ജനാലകളുടെ വിങ്ങലിൽ നിന്നും അടിയിലെ വരി അടഞ്ഞുകിടന്നാലും മുകളിലെ പാളികൾ തുറന്ന് ധാരാളം കാറ്റും വെളിച്ചവും അകത്തേക്ക് പ്രവഹിപ്പിക്കുന്ന നാലുകള്ളി – ആറുകള്ളി ജനാലകൾ ചിലവു കുറയ്ക്കുമെന്നു മാത്രമല്ല ഈടും ഉറപ്പും സൗകര്യവും പതിന്മടങ്ങ് നൽകുകയും ചെയ്യും. രണ്ടു ലക്ഷം രൂപയ്ക്ക് ഒരു വീടിനു വേണ്ട മുഴുവൻ ജനവാതിലുകളും തൂണുകളും അലങ്കാരങ്ങളും (അതും തേക്കിൽ പണിതവ) പാലക്കാടൻ ഭാഗങ്ങളിൽ ലഭ്യമാണെന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഇരുനൂറിലധികം വർഷങ്ങളുടെ പഴക്കമുള്ള ഇവ ഇന്നും ഒരു പരുക്കുമേൽക്കാതെ നമുക്ക് ലഭ്യമാകുന്നു. മൂന്നോ നാലോ വർഷത്തിനകം അറ്റകുറ്റപ്പണി നടത്തേണ്ടി വരുന്ന പുതിയ ജനവാതിലുകളുടെ നടപ്പുകാലഘട്ടത്തിൽ നിന്നുവേണം നാമിത് പരിശോധിക്കേണ്ടത്.

അതുപോലെ കെട്ടിട നിർമ്മാണ സാമഗ്രികളായ ചെങ്കല്ലോ, ഇഷ്ടികയോ, ഹോളോ ബ്രിക്സോ, സിമന്റ് കട്ടകളോ സൈറ്റിനടുത്ത് ലഭിക്കുമെങ്കിൽ അതിനാണ് മുൻഗണന കൊടുക്കേണ്ടത്. അയൽക്കാരൻ കിലോമീറ്ററുകൾക്കപ്പുറത്തുള്ള വലിയൊരു സംവിധാനം തേടിപ്പോയതുകൊണ്ട് അത് അനുകരണീയമാക്കേണ്ട ആവശ്യമില്ലല്ലോ? നാം ഉദ്ദേശിക്കുന്ന ഗുണഗണങ്ങളുള്ള കട്ടകൾ സൈറ്റിലെത്തുന്നുണ്ടോ എന്നു മാത്രമല്ലേ നിരീക്ഷിക്കേണ്ടതുള്ളൂ? വീടിന്റെ അസ്ഥിവാരവും ചുമരുകളും ചുരുങ്ങിയ ചിലവിൽ പടുത്തുയർത്തുവാൻ ഇതിലും നല്ല വഴി മറ്റെന്തുണ്ട്?

നിലത്തു വിരിക്കുന്ന ടൈലുകളാണ് മെറ്റീരിയൽ കോസ്റ്റിനെ നിയന്ത്രിക്കുന്ന മറ്റൊരു ഘടകം. ചിലവഴിക്കുവാൻ യഥേഷ്ടം പണമുള്ളയാൾ ഇരുനൂറ്റമ്പതും, മുന്നൂറും അതിലധികവും വിലവരുന്ന ടൈലുകൾ ഉപയോഗിക്കുന്നതു കണ്ട് ‘ഒരു അവസ്ഥ’യ്ക്കുവേണ്ടി എടുത്തുചാടി ചക്രശ്വാസം വലിയ്ക്കുന്ന സാധാരണക്കാരനും നമുക്കു ചുറ്റുമുണ്ട്.

20 – 25 രൂപ വില വരുന്ന ഗുജറാത്തി ടൈലുകൾ, 40 – 50 രൂപയ്ക്കിടയിലുള്ള സെറാമിക് ടൈലുകൾ എന്നിവ മാർക്കറ്റിൽ സുലഭമാണെന്നിരിക്കേ അവയിലെന്തു ദോഷമാരോപിച്ചാണ് പലരും 350 ലേക്ക് ചാടുന്നത്? ഈടിലും ഉറപ്പിലും ഭംഗിയിലും സാങ്കേതികമായ ഒരു കുറ്റവും കുറവും വിലകുറഞ്ഞ ഈ സാധാരണ ടൈലുകൾക്കില്ല എന്നു നാം മനസ്സിലാക്കണം. ഒരു വീട് പൂർണ്ണമായും നിലം പണിതുവരുമ്പോൾ ഒരു ലക്ഷത്തിലേറെ രൂപയാണ് നമുക്കവിടെ ലാഭിക്കാനാകുക.

അയൽവക്കത്തെ കോടീശ്വരൻ അമ്പതിനായിരം രൂപയുടെ ക്ലോസറ്റ് വെച്ചതുകണ്ട് ക്വാളിറ്റിയിൽ ഒരു കുറവുമില്ലാത്ത 1500 രൂപയുടെ ബ്രാൻഡഡ് ക്ലോസറ്റിനെ തഴയുന്നത് ബുദ്ധിയാണോ? ആന പിണ്ടിയിടുന്നതുകണ്ട് മുയൽ അതുപോലെയാവാൻ ശ്രമിക്കുന്നത് സ്വന്തം എക്കണോമിയെ ബാധിക്കും.

ലൈറ്റ് ഫിറ്റിങ്ങുകളും കോസ്റ്റിനെ ബാധിക്കുന്നുണ്ട്. ആധുനികമായ ഒരു ഭ്രമളിമ ഇപ്പോൾ ചൈനീസ് ഉൽപന്നങ്ങൾക്കാണല്ലോ? രണ്ടോ മൂന്നോ വർഷം ആയുസ്സു മാത്രമുള്ള ഇവകളെ വീടിനകത്ത് കയറ്റുക പോലും ചെയ്യരുതെന്ന് കർശനമായി പറയുന്ന ആർക്കിടെക്ടുകൾ ഇന്നു കൂടി വരികയാണ്. കേടുവന്നാൽ വലിച്ചെറിയുവാന്‍ പോലുമാകാതെ, ഇ–വേസ്റ്റ് നിക്ഷേപകേന്ദ്രങ്ങൾ വീടിനകത്തു തന്നെ സ്ഥാപിക്കേണ്ട ഗതികേടിലേക്കിവ കൊണ്ടുചെന്നെത്തിക്കും.

ചൈനീസ് ഉൽപന്നങ്ങളുടെ ഓരോ ബാച്ചും വ്യത്യസ്തങ്ങളാണ്. ഒരുവട്ടം നിർമിച്ചത് പിന്നീടൊരിക്കലും കയറ്റിവിടില്ല, സ്പെയറുകൾ കിട്ടില്ല, യൂസ് ആൻഡ് ത്രോ ആണിവരുടെ തന്ത്രം – ഇത് എപ്പോഴും ഓർമ്മ വയ്ക്കുന്നത് നന്നായിരിക്കും. നാനൂറോ അഞ്ഞൂറോ രൂപയ്ക്ക് നല്ല നല്ല ലൈറ്റ് ഫിറ്റിങ്ങുകൾ വടക്കേഇന്ത്യയിലെ മൊറാദാബാദ്, ഡൽഹി പോലുള്ള ഇടങ്ങളിൽ നിന്നും നമുക്ക് കിട്ടാനുണ്ടല്ലോ. ദീർഘകാലം നിലനിൽക്കുമെന്നതും സ്പെയേഴ്സ് സുലഭമാണെന്നതും അവയുടെ നിരാകരിക്കാനാവാത്ത സവിശേഷതകൾ തന്നെയാണ്.

റീസൈക്കിൾ ചെയ്ത് ഫർണിച്ചറുകൾ കൂടി തിരഞ്ഞെടുക്കുവാനായാൽ ഒരു ആന്റിക് ഫീലിങ് മാത്രമല്ല, മരപ്പണിയെടുപ്പിച്ച് മുടിയാതെ, സർവ്വഗുണങ്ങളും ഒത്തിണങ്ങിയ ഇരിപ്പിടങ്ങളും ഷെൽഫുകളും വീട്ടിനകത്ത് വിന്യസിക്കുവാൻ കഴിയുമെന്നതും ഗൗരവമായിത്തന്നെ ചിന്തിക്കേണ്ടതാണ്. വീടുപണിയ്ക്കൊരുങ്ങുമ്പോൾ, സ്വന്തം കൊക്കിലൊതുങ്ങാത്ത പരിചയക്കാരുടെ വീടുകൾ കണ്ടു നടക്കുവാനല്ല, കോസ്റ്റ് ഇഫക്റ്റീവായി സാമഗ്രികൾ തിരഞ്ഞെടുക്കുവാനാണ് യാത്രകൾ ഉപയോഗിക്കേണ്ടത്.