നാലര ലക്ഷത്തിന് ഉഗ്രൻ വീട്! പ്ലാനും എസ്റ്റിമേറ്റും സഹിതം

രണ്ട് കിടപ്പുമുറി, ഹാൾ, അടുക്കള, വർക്ഏരിയ, അത്യാവശ്യ സൗകര്യങ്ങളെല്ലാമുളള വീടിന് ചെലവ് നാലര ലക്ഷം മാത്രം

പാലുകാച്ചൽ കഴിഞ്ഞിട്ട് ഒരു മാസമായെങ്കിലും തലശേരി മൂഴിക്കരയിലെ ‘നാലര ലക്ഷത്തിന്റെ വീട്’ കാണാനെത്തുന്നവരുടെ തിരക്ക് കുറഞ്ഞിട്ടില്ല. വീടുമുഴുവൻ നടന്നുകണ്ട ശേഷം എല്ലാവരും ചോദിക്കുന്നത് ഒരേ ചോദ്യം.

‘ഈ വീടിന് വീടിന് നാലര ലക്ഷമേ ചെലവായുള്ളോ...? വിശ്വസിക്കാൻ കഴിയുന്നില്ല.’ അടിത്തറ മുതൽ മേൽക്കൂര വരെ ഒരോന്നിനും ചെലവായതിന്റെ ഇനം തിരിച്ചുളള കണക്ക് കാണുമ്പോഴാണ് ആളുകളുടെ ഈ സംശയം മാറിക്കിട്ടുന്നത്.

സാധ്യതകളുടെ നീലാകാശം

സിറ്റ് ഒൗട്ട്, ഹാൾ, രണ്ട് കിടപ്പുമുറികൾ, അടുക്കള, വർക്ഏരിയ... ഒരു കുടുംബത്തിന് വേണ്ട സൗകര്യങ്ങളെല്ലാമുണ്ട് നാലര ലക്ഷത്തിന്റെ വീട്ടിൽ. പക്ഷേ, അതിനപ്പുറം വീടുകാണാനെത്തുന്നവരുടെയെല്ലാം മനസ്സ് നിറയ്ക്കുന്നത് മറ്റൊന്നാണ്.

‘വീടിനുള്ളിൽ എത്തുമ്പോൾ അനുഭവപ്പെടുന്ന സുഖം; സന്തോഷം’. ചെലവു കുറഞ്ഞ രീതിയിൽ നിർമ്മിച്ച വീടാണിതെന്ന് തോന്നിപ്പിക്കുന്ന അടയാളങ്ങളൊന്നും ഇവിടെ കാണാനില്ല. സ്പേസ് ക്വാളിറ്റി, അകത്തളത്തിന്റെ ഭംഗി, ഉപയോഗിച്ചിരിക്കുന്ന നിർമ്മാണവസ്തുക്കളുടെ ഗുണനിലവാരം ഇവയിലൊന്നും യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് 550 ‌ചതുരശ്രയടി വലുപ്പമുളള വീടൊരുക്കിയിരിക്കുന്നത്.

‘‘ചെലവ് കുറഞ്ഞ വീടുകളെപ്പറ്റി നമ്മുടെ മനസ്സിൽ ചില പൊതുധാരണകളുണ്ട്. അത് തിരുത്തിക്കുറിക്കാനുളള ശ്രമമാണ് ഈ വീട്. ഇവിടെ ചെലവിന് മാത്രമാണ് കുറവ്. മികവിന് യാതൊരു കുറവും വരുത്തിയിട്ടില്ല.’’ വീട് രൂപകൽപന ചെയ്ത ആർകിടെക്ട് പി.പി വിവേകും എം.നിഷാനും പറയുന്നു.

വീടിന്റെ പ്ലാൻ, ഇനം തിരിച്ചുളള ചെലവ് എന്നിവ ആവശ്യക്കാര്‍ക്കെല്ലാം നൽകാൻ ഇവർ ഒരുക്കമാണ്. തലശ്ശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കിവീസ് ക്ലബ് ആണ് വീട് നിർമ്മിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം നൽകിയത്. മലബാർ ഇൻഫ്രാ സ്ട്രക്ചറിലെ പ്രകാശൻ ചാമേരിയുടെ നേതൃത്വത്തിലായിരുന്നു നിർമാണം.

അവാർഡിന്റെ തിളക്കം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ആർക്കിടെക്ട്സ് കേരള ചാപ്റ്ററിന്റെ പരിസ്ഥിതി സൗഹാർദ നിർമിതിക്കുളള ഗോൾഡ് ലീഫ് അവാർഡ് ഈ വീടിനായിരുന്നു. ചരിവുളള പ്ലോട്ട് അതേപോലെ നിലനിർത്തിയുളള രൂപകൽപനയും ബഹുവിധ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടും വിധമുളള സ്ഥലവിനിയോഗവുമെല്ലാം ജൂറിയുടെ പ്രശംസ നേടി.

20 കിലോമീറ്റർ ചുറ്റുപാടിനുളളിൽ നിന്ന് ലഭിക്കുന്ന നിർമാണവസ്തുക്കൾ ഉപയോഗിച്ചായിരുന്നു വീടുനിർമാണം. അടിത്തറയ്ക്കും ചുവരിനും വെട്ടുകല്ലാണ് ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റിന്റെ ഉപയോഗം പരമാവധി കുറച്ചു. ജനാലകളും ജാളികളും നൽകി ക്രോസ് വെന്റിലേഷൻ ഉറപ്പുവരുത്തിയിരിക്കുന്നതിനാൽ പകൽ ലൈറ്റിടേണ്ട കാര്യമില്ല. നിർമാണത്തിന്റെ മാത്രമല്ല, പിന്നീടുളള നടത്തിപ്പു ചെലവുകളുടെ കാര്യത്തിലും പണം പാഴാക്കാത്ത നയമാണ് നാലര ലക്ഷത്തിന്റെ വീടിന്.

ചെലവ് ഇങ്ങനെ

സിവിൽ വർക് (അടിത്തറ, ഭിത്തി, പ്ലാസ്റ്ററിങ് നിർമാണവസ്തുക്കളും പണിക്കൂലിയും)– 1,69,749.00

വാതിൽ, ജനൽ – 23,354.00

ഫ്ലോറിങ് – 18,157.00

പെയിന്റിങ് – 22,351.00

സ്റ്റീൽ ട്രസും ഒാടും – 1,37,625.00

പ്ലമിങ് – 12,000.00

ഇലക്ട്രിക്കൽ – 10,000.00

പലവക – (ഫർണിച്ചർ, പ്ലോട്ട് വൃത്തിയാക്കൽ, കിണർ വൃത്തിയാക്കൽ എന്നിവയുൾപ്പെടെ) – 56,000.00

ആകെ – 4,50,000.00

Read more- 4.5 Lakh House Plan ചെലവ് കുറഞ്ഞ വീട്