Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളർ സൈക്കോളജി- അറിയേണ്ട കാര്യങ്ങൾ

കളർ സൈക്കോളജി അറിഞ്ഞിരിക്കുന്നത് ഇന്റീരിയർ മനോഹരമാക്കുവാൻ സഹായിക്കും. കാരണം, ക്ലയന്റിനെ മനസ്സിലാക്കാൻ സഹായിക്കുക എന്നതിലാണ് ഡിസൈനറുടെ വിജയം. ഡിസൈനർമാരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിഞ്ഞ് ഡിസൈൻ ചെയ്യാൻ കളർ സൈക്കോളജി സഹായിക്കുന്നു. ഇന്റീരിയർ ഡിസൈനർക്ക് ഒരു വ്യക്തിയുടെ അഭിരുചികൾ തിരിച്ചറിയാൻ കളർ സൈക്കോളജി വഴി സാധിക്കും. ചില ആളുകൾക്ക് ആശയങ്ങളുണ്ടെങ്കിലും അത് ഡിസൈനറോടു പറഞ്ഞു ഫലിപ്പിക്കാൻ സാധിച്ചെന്നു വരില്ല. ഇത്തരം സാഹചര്യങ്ങളിൽ‍ വീട്ടുകാരുടെ ഇഷ്ടത്തിനൊത്ത് ഡിസൈൻ ചെയ്യാൻ കളർ സൈക്കോളജി സഹായിക്കും.

ചൂടും തണുപ്പുമുളള നിറങ്ങൾ

paint-brush

ശരീരതാപനില പോലെ നിറങ്ങൾക്കും. താപനിലയുണ്ട്. ‘വാം കളർ’ എന്നത് ചൂടു കൂടുതലുളള നിറങ്ങളും ‘കൂൾ കളർ’ എന്നത് ചൂടു കുറവുളള നിറങ്ങളുമാണ്.

വാം കളറുളള മുറികളിൽ ആളുകൾ കൂടുതൽ ഊർജസ്വലരായിരിക്കും. വാം കളറുകളായ ചുവപ്പ്. ഓറഞ്ച്, ചുവപ്പ് – ഓറഞ്ച്, മഞ്ഞ–ഓറഞ്ച് എന്നിവ മണ്ണിന്റെ നിറങ്ങൾ (എർത്തി കളർ) എന്നും അറിയപ്പെടുന്നു. ഇവ ഉപയോഗിക്കുമ്പോൾ അകത്തളങ്ങളിലെ ചൂട് കൂടാൻ സാധ്യതയുളളതുകൊണ്ട് ശ്രദ്ധയോടെ വേണം തിരഞ്ഞെടുക്കാൻ.

പടിഞ്ഞാറു ഭാഗത്തുളള മുറികളിൽ വൈകുന്നേരം വരെ സൂര്യപ്രകാശം ലഭിക്കുന്നതുകൊണ്ട് വാം കളർ ഒഴിവാക്കുന്നതാണ് നല്ലത്. കിഴക്കു ഭാഗത്തുളള മുറികളുടെ ഭിത്തി ചൂടാകാനുളള സാധ്യത കുറവായതുകൊണ്ട് വാം കളർ ഉപയോഗിക്കുന്നതു നന്നായിരിക്കും. മുറിയുടെ താപനില കൂട്ടാനും സൂര്യപ്രകാശം കിട്ടാത്തതിന്റെ പ്രശ്നം ഒരു പരിധി വരെ കുറയ്ക്കാനും ഇതു സഹായിക്കും.

ren-interior

കൂൾ നിറങ്ങളായ നീല, പച്ച, നീല– പച്ച, മഞ്ഞ– പച്ച എന്നിവ ആകാശത്തിന്റെയും കടലിന്റെയും പ്രകൃതിയുടെയും കൂൾ ഇഫക്ടിനെയാണ് പ്രതിനിധീകരിക്കുന്നത്. പടിഞ്ഞാറു ഭാഗത്തുളള മുറികളുടെ ചുവരുകൾ ദീർഘനേരം സൂര്യ രശ്മി പതിക്കുന്നതുകൊണ്ട് ചൂടായിത്തന്നെ ഇരിക്കും. അതുകൊണ്ട് ഈ മുറികളിൽ കൂൾ നിറങ്ങൾ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത് ചൂട് ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും. തെക്ക് പടിഞ്ഞാറ്് ഭാഗത്തും ഇതേ സ്ഥിതി ആയതുകൊണ്ട് അവിടെയും കൂൾ നിറങ്ങളാണ് ഉത്തമം. വടക്ക്– കിഴക്ക് ഭാഗത്തുളള മുറികളിൽ ഏതു നിറമായാലും ഉപയോഗിക്കാം. കാരണം. അധികം ചൂടോ തണുപ്പോ ഏൽക്കാത്ത ഭാഗമാണിത്. മുറിയുടെ വലുപ്പം കൂട്ടികാണിക്കാനും കൂൾ നിറങ്ങൾ സഹായിക്കുന്നു.

കളർ കാർഡ്

കളർ കാർഡിൽ നിന്ന് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. കളർ കാർഡിൽ കാണുന്ന നിറം വളരെ ചെറിയ ഇടത്താണ്. എന്നാൽ അതേ നിറം വീടിന്റെ വലിയ ഏരിയയിൽ വരുമ്പോൾ നിറം മാറാൻ ഇടയുണ്ട്. അതുകൊണ്ട് ഇഷ്ടപ്പെട്ട നിറത്തിന്റെ തൊട്ടടുത്ത ഷേഡ് വേണം തിരഞ്ഞെടുക്കാൻ. അല്ലെങ്കിൽ അടിച്ചു കഴിയുമ്പോൾ ലൈറ്റ് ഷേഡ് ആയിപ്പോകും. പുട്ടിയിടാത്ത ഭിത്തിയാണെങ്കിൽ സിമന്റിന്റെ ആഗിരണശേഷി കൂടുതലായതിനാൽ ഇഷ്ട നിറത്തിന്റെ അടുത്തതിന്റെ അടുത്ത ഷേഡ് എടുക്കണം.

Yellow

പ്രസരിപ്പു തരുന്ന മഞ്ഞയുമുണ്ട്. അലോസരമുണ്ടാക്കുന്ന മഞ്ഞ നിറവുമുണ്ട്. അടുക്കളയ്ക്കും കുട്ടികളുടെ മുറിക്കും ചേരും. മ‍ഞ്ഞ നിറമുളളള ഫർണിച്ചർ കൗതുകമുണർത്തും. മഞ്ഞയും വെളളയും രസകരമായ നിറക്കൂട്ടാണ്. അത് ഇന്റീരിയറിന് ചെറുപ്പത്തിന്റെ പ്രസരിപ്പു പകരും. ശ്രദ്ധയാകർഷിക്കാൻ കടുംമഞ്ഞ നിറത്തിന് പ്രത്യേക കഴിവുണ്ട്.

Brown

പ്രകൃതിദത്തമായ നിറമായതിനാൽ ഒരു ‘ക്ലാസ്സിക് നിറമാണ് ബ്രൗൺ അഥവാ തവിട്ടു നിറം എന്നു പറയാം. സുരക്ഷിതത്വം പകരുന്ന നിറമാണ്. തടിയും മണ്ണുമെല്ലാം ബ്രൗണിന്റെ വകഭേദങ്ങളാണല്ലോ. ഒരേ സമയം ആഢ്യത്വവും ആധുനികവുമാണ് തവിട്ടു നിറം. ഏത് സ്റ്റൈൽ വീടിനും ചേരും. ഒരിക്കലും ട്രെൻഡ് പോകുമെന്ന് പേടിക്കുകയും വേണ്ട.

Pink

വളരെ അടുപ്പവും മാധുര്യവുമേറിയതാണ് പിങ്ക് നിറമണിഞ്ഞ ഇന്റീരിയർ. കുട്ടികളുടെ മുറിക്ക് നന്നായി ചേരും. കൃത്യമായ ഷേഡ് കൊടുത്താൽ ആശ്വാസദായകമായ നിറമാണ് പിങ്ക്. സ്റ്റൈലിഷ് ആയ ഇന്റീരിയർ ലഭിക്കും. ചില ഭാഗങ്ങളും സാധനങ്ങളും എടുത്തുകാണിക്കാൻ വളരെ മനോഹരമായി ഉപയോഗിക്കാവുന്നതാണ് പിങ്കിന്റെ പല പല ഷേഡുകൾ.

നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ

paint-colors

വീടിനു നിറങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കൃത്യമായ പ്ലാനിങ് ആവശ്യമാണ്. എക്സ്റ്റീരിയർ, ഇന്റീരിയർ നിറങ്ങളുടെ കാര്യത്തിൽ ഈ ശ്രദ്ധ ആവശ്യമാണ്. എക്സ്റ്റീരിയറിന്റെ നിറം, കളർ സ്കീം, തറ, ആക്സസറീസ്, ഫർണിഷിങ് തുടങ്ങി ഓരോന്നും ചിട്ടയോടെ പ്ലാൻ ചെയ്യണം. സിറ്റ് ഔട്ട്, ലിവിങ്, ഊണുമുറി, കിടപ്പുമുറി, അടുക്കള, ടോയ് ലറ്റുകൾ പ്ലാനിങ് കൂടുതൽ എളുപ്പമാകും.

പുറത്തെ നിറങ്ങളുമായി അകത്തെ നിറങ്ങൾ ചേർന്നു പോകുന്നുണ്ടോ എന്നും നോക്കണം. ഓരോ മുറികളും തമ്മിൽ വ്യത്യാസം ഉണ്ടാവാം. എന്നാൽ എല്ലാം തമ്മിൽ പൊതുവായ ചേർച്ച വേണം. മുറിയുടെ നിറങ്ങൾ പ്ലാൻ ചെയ്യുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട ഒരുപാടു ഘടകങ്ങളുണ്ട്.

മുറിയുടെ വലുപ്പവും ആകൃതിയും : ഇളം നിറങ്ങൾ ചെറിയ മുറികളെ വലുതാക്കി തോന്നിപ്പിക്കുന്നതിനും ‘വാം കളർ’ അഥവാ കടും നിറങ്ങൾ മുറികളെ ചെറുതാക്കി കാണിക്കാനും സഹായിക്കുന്നു. നിർമാണ സമയത്ത് ചുവരുകളിൽ എന്തെങ്കിലും അപാകതകൾ ഉണ്ടായാൽ വാം അഥവാ കടുംനിറങ്ങൾ ഉപയോഗിച്ചാൽ ഒരു പരിധിവരെ മറയ്ക്കാൻ സാധിക്കും. ഇതേ സമയം ഇളം നിറങ്ങൾ ആണെങ്കിൽ ഈ അപകാത കൂടുതൽ തെളിഞ്ഞ് കാണുകയും ചെയ്യുന്നു.

ഒരു ചുവരിന്റെ നീളം കൂട്ടുന്നതിനും കുറയ്ക്കുന്നതിനും നിറത്തിന് സാധിക്കും. നീളം കൂട്ടുന്നതിന് കടും നിറങ്ങളും അവയുടെ കോംബിനേഷനും ഉപകരിക്കും. ഇങ്ങനെ ദീർഘചതുരാകൃതിയുളള ഒരു മുറിയെ സമചതുരമാക്കുന്നതിനും തിരിച്ചും നിറങ്ങൾ സഹായിക്കും.

മുറിയിലെ പ്രവർത്തനങ്ങൾ : മുറിയിലെ പ്രവർത്തനങ്ങളെ ഹൈലൈറ്റ് ചെയ്യുന്ന നിറങ്ങൾ നൽകണം. ഉദാഹരണത്തിന് കിഡ്സ് റൂമിന്റെ നിറവും ഗെസ്റ്റ് റൂമിന്റെ നിറവും വ്യത്യസ്തമായിരിക്കും. അതിനാൽ വ്യക്തികളുടെ പ്രായവും അഭിരുചിയും വ്യക്തിത്വവും അനുസരിച്ചുവേണം നിറങ്ങൾ ചിട്ടപ്പെടുത്താൻ. മുറികളിൽ നമ്മൾ ചെലവഴിക്കുന്ന സമയവും നിറങ്ങളുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നു. സാധാരണയായി പകൽ കോമൺ സ്പേസുകളിലും രാത്രിയിൽ സ്വകാര്യ ഇടങ്ങളിലുമായിരിക്കും. സമയം കൂടുതൽ ചെലവിടുക. അതുകൊണ്ട് ഈ ഇടങ്ങളിൽ സൂര്യ പ്രകാശത്തിന്റെ ലഭ്യതയും നമ്മൾ ചെലവിടുന്ന സമയവും അനുസരിച്ചു വേണം നിറങ്ങൾ തിരഞ്ഞെടുക്കാൻ.

മുറിയുടെ ശൈലി: പരമ്പരാഗതം, ആധുനികം, കന്റെംപ്രറി, ഫ്രഞ്ച്, മൊറോക്കൻ തുടങ്ങി പല ശൈലിയിൽ മുറികൾ ക്രമീകരിക്കാം. എക്സ്റ്റീരിയർ ശൈലിയും ഇന്റീരിയർ ശൈലിയും ചേർന്നു പോകാൻ ശ്രദ്ധിക്കണം. ഉദാഹരണത്തിന് പരമ്പരാഗത ശൈലിയിലുളള എക്സ്റ്റീരിയറിന് കന്റെംപ്രറി ഇന്റീരിയർ യോജിക്കില്ല.