Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യക്കുപ്പികളില്‍ കലയുടെ ലഹരി ചേര്‍ത്ത് ലിജി

bottle-art കരകൗശലവസ്തുവാക്കി മാറ്റപ്പെട്ട മദ്യക്കുപ്പികളുമായി ലിജി

മദ്യം നിറഞ്ഞ കുപ്പികളല്ല..മദ്യം ഒഴിഞ്ഞ കുപ്പികളാണ് ലിജി ജെ. തോമസിനു ലഹരി. ഒഴി‍ഞ്ഞ മദ്യക്കുപ്പി ഏതു ബ്രാൻഡും ആകട്ടെ ലിജിയുടെ കയ്യിൽ കിട്ടിയാൽ നിമിഷങ്ങൾക്കകം അതൊരു കരകൗശലവസ്തുവായി മാറും. പഠനകാലത്ത് ആദ്യമായി ഒരു മദ്യക്കുപ്പിയിൽ നടത്തിയ പരീക്ഷണം വിജയിച്ചു. ചായം തേച്ച് മോടിപിടിപ്പിച്ച കുപ്പി ക്ലിക്കായി. ഇതിനു ശേഷമാണ് ഒഴിഞ്ഞ മദ്യക്കുപ്പികൾ ലിജിക്ക് ലഹരിയാകുന്നത്. 

മദ്യപാനത്തെ പാടെ എതിർക്കുന്ന ഈ പെൺകുട്ടി മദ്യക്കുപ്പികൾ കൊണ്ടു നിർമിക്കുന്ന കല ഒരു പ്രതിരോധമായാണ് കാണുന്നത്. ഉപയോഗമില്ലെന്നു കണ്ട് വലിച്ചെറിയുന്ന എന്തിലും കല ഒളിഞ്ഞിരിപ്പുണ്ടെന്ന സന്ദേശമാണ് ഈ മിടുക്കി സമൂഹത്തിനു നൽകുന്നത്. 

 ചായങ്ങൾ തേച്ചുമിനിക്കിയ കുപ്പികൾ ഇവരുടെ വീട്ടിൽ കണ്ട പലരും അത് സ്വന്തമാക്കാനാഗ്രഹിച്ചു. പക്ഷെ ഇതു സ്വന്തമാക്കണമെങ്കിൽ വിലകൂടിയ വിദേശ മദ്യങ്ങളെക്കാൾ പണം മുടക്കേണ്ടി വരും. എന്നാൽ‌ നാട്ടിൽ മാത്രമല്ല മറുനാടുകളിലും ഈ കുപ്പികൾക്ക് ആവശ്യക്കാർ ഏറെയാണ്. സമൂഹമാധ്യമങ്ങൾ വഴി ഇവ ലോകത്തിന്റെ പലഭാഗത്തേക്കും കയറ്റി അയക്കുന്നുണ്ട്. 

വിവിധ തരത്തിലുള്ള പെയിന്റുകൾ ഉപയോഗിച്ച് ചിത്രംവരച്ചും ചെറിയ എൽഇഡി ലൈറ്റുകൾ ഉപയോഗിച്ചുമാണ് കുപ്പിയെ കൗതുകവസ്തുവാക്കുന്നത്. ബിടെക് പഠനം പൂർത്തിയാക്കിയ ലിജി ഇപ്പോൾ ആസ്റ്റർ മിംസ് ആശുപത്രിയിൽ രാജ്യാന്തര വിഭാഗം ഇൻചാർജായി ജോലി ചെയ്യുകയാണ്. കോഴിക്കോട് ബീച്ചിൽ നടന്ന ഫ്ലീ മാർക്കറ്റിൽ ഇവരുടെ സ്റ്റാളിൽ നിന്ന് 40 കുപ്പികളാണ് ഒറ്റ ദിവസംകൊണ്ട് ചെലവായത്. പിന്നെ കൊച്ചിയിലും ഇത്തരത്തിലുള്ള പ്രദർശനത്തിൽ പങ്കെടുത്തു. സമയം ഉള്ളവർക്ക് ഇത്തരത്തിലുള്ള ചെറുകിട വ്യവസായം വരെ ആരംഭിക്കാമെന്നാണ് ലിജി പറയുന്നത്.

വെസ്റ്റ്ഹില്ലിലെ തൂംങ്കുഴി വീട്ടിൽ ജോഷി തോമസും ലൈല ജോഷിയുമാണ് രക്ഷിതാക്കൾ. ഇവർ പൂർണ പിന്തുണ നൽകി ഈ കലയെ പ്രോൽസാഹിപ്പിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം പേജ് lijz_