Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ വീട്ടിലേക്ക് കയറുംമുമ്പ് മരണം നിപ്പയുടെ രൂപത്തിലെത്തി

nipah-funeral സൂപ്പിക്കടയിലെ വീട്ടിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ ആപ്പറ്റ പുത്തനേടത്ത് വീടും സ്ഥലവും വാങ്ങിയത് അടുത്ത കാലത്താണ്. റബർതോട്ടത്തിനു നടുവിൽ പണി ഏകദേശം പൂർത്തിയായ നല്ലൊരു വീട്. അങ്ങോട്ടു താമസം മാറുന്നതിനു മുന്നോടിയായാണ് മക്കളും പിതാവും ഈ ലോകത്തോട് യാത്ര പറഞ്ഞത്...

ആ മാതാവിന് ഇനി ഏക ആശ്രയം ഒരു മകൻ മാത്രം. ആ മകനിനി ഏക ആശ്രയം മാതാവു മാത്രം. ഉപ്പയുടെ ശരീരം ഖബറിലേക്ക് യാത്രയായപ്പോൾ വിങ്ങിപ്പൊട്ടിയ മുത്തലിബിനെ ആശ്വസിപ്പിക്കാൻ കഴിയാതെ കണ്ടുനിന്നവർ വിങ്ങിപ്പൊട്ടി. അങ്ങകലെ പന്തിരിക്കര ആവടുക്കയിലെ സഹോദരന്റെ വീട്ടിലാണ് മുത്തലിബിന്റെ ഉമ്മ മറിയം ഉള്ളത്. 

നിപ്പയുടെ ആക്രമണത്തിൽ ഈ കുടുംബത്തിലെ മൂന്നുപേരാണ് യാത്രയായത്. പേരാമ്പ്ര സൂപ്പിക്കട വളച്ചുകെട്ടി വീട്ടിൽ മൂസയാണ് ഈ വീട്ടിൽ നിപ്പ തട്ടിയെടുത്ത അവസാന ജീവൻ. മേയ് അഞ്ചിന് മകൻ സാബിത്തും മേയ് 18ന് സാലിഹും മരണത്തിനു കീഴടങ്ങിയിരുന്നു.

ഉപ്പയും ഉമ്മയും നാല് ആൺമക്കളുമടങ്ങുന്ന കുടുംബം ഏറെ സന്തോഷത്തിലാണ് ജീവിച്ചുവന്നത്. ഇടിത്തീപോലെ ദുരന്തം ആദ്യമായി ഈ വീട്ടിലേക്ക് വിരുന്നെത്തിയത് അഞ്ചു വർഷം മുൻപ്. 2013ൽ നടന്ന വാഹനാപകടത്തിൽ മൂന്നാമത്തെ മകൻ സലീം മരിച്ചു. ആ ദുരന്തത്തിൽ മാനസികമായി തകർന്ന മറിയത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് മക്കളാണ്. 

സൂപ്പിക്കടയിലെ വീട്ടിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ ആപ്പറ്റ പുത്തനേടത്ത് വീടും സ്ഥലവും വാങ്ങിയത് അടുത്ത കാലത്താണ്. റബർതോട്ടത്തിനു നടുവിൽ പണി ഏകദേശം പൂർത്തിയായ നല്ലൊരു വീട്. അങ്ങോട്ടു താമസം മാറുന്നതിനു മുന്നോടിയായാണ് മൂസയും രണ്ടു മക്കളും ശുചീകരണ പ്രവർത്തനത്തിനിറങ്ങിയത്. കിണറ്റിലെ വവ്വാലുകൾ നിപ്പ വൈറസ് ഇവർക്ക് സമ്മാനിച്ചതോടെ മക്കളും പിതാവും ഈ ലോകത്തോട് യാത്ര പറഞ്ഞു. 

nipah-death-moosa-funeral നിപ്പ വൈറസ് ബാധിച്ചു മരിച്ച മൂസയുടെ മൃതദേഹം കോഴിക്കോട് കബർസ്ഥാനിൽ സുരക്ഷാവസ്ത്രങ്ങളണിഞ്ഞു കബറടക്കുന്നവർ...

പനിബാധിച്ച കുടുംബത്തെ ശുശ്രൂഷിക്കാനെത്തിയ മൂസയുടെ സഹോദരിയും മരണത്തിനു കീഴടങ്ങി. പന്തിരിക്കര ആവടുക്കയിൽ സഹോദരന്റെ വീട്ടിലാണ് മറിയവും മുത്തലിബും ഇപ്പോൾ. മൂസ മരിച്ചതറിഞ്ഞ് മുത്തലിബ് കോഴിക്കോട്ടേക്ക് രാവിലെ തിരിച്ചു. പക്ഷേ മൂസയുടേയോ മകന്റേയോ മുഖം അവസാനമായി ഒരു നോക്കു കാണാൻ ഇരുവർക്കും സാധിച്ചില്ല. അധികൃതർ സുരക്ഷാ കാരണങ്ങളാൽ 18 ന് മരിച്ച സാലിഹിന്റെയും ഇന്നലെ മരിച്ച മൂസയുടെയും മൃതദേഹം കോഴിക്കോട്ടു സംസ്കരിക്കുകയായിരുന്നു.

മരണവീടുകളിൽനിന്ന് വൈറസ് ബാധയേൽക്കാൻ സാധ്യയുണ്ടെന്ന പ്രചാരണം വന്നതോടെ പലരും ഇവരുടെ വീടിനടുത്തുനിന്ന് ഒഴിഞ്ഞു പോയി. ബന്ധുക്കൾ  അത്യാവശ്യ സഹായത്തിന് പോലും എത്താത്ത അവസ്ഥ.

കുടുംബത്തിന്റെ സ്വപ്നമായിരുന്ന ആപ്പറ്റയിലെ പുതിയ വീടിന്റെ വാതിലുകൾ അടഞ്ഞുകിടക്കുന്നു. ജീവിതവഴിയിൽ അവർ ഇനി ഒറ്റയ്ക്കാണ്.