Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമയുണ്ടോ മൈസൂർ കല്യാണങ്ങൾ? ഇരകൾ ഇവിടെയുണ്ട്...

badariya-charity-home കാളികാവ്, ചോക്കാട്, കരുവാരക്കുണ്ട്, തുവൂർ പഞ്ചായത്തുകളിലുള്ള ഇരുൾ മൂടിയ ആയിരക്കണക്കിന് ജീവിതങ്ങൾക്ക് വെളിച്ചമേകുകയാണ് ബദരിയ.

ഒരു കാലത്ത് കേരളസമൂഹത്തിൽ വലിയ ചർച്ചയായ സാമൂഹിക പ്രശ്‌നമായിരുന്നു മൈസൂർ കല്യാണങ്ങൾ. ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും അത് തുടരുന്നുമുണ്ട്. നിലമ്പൂർ മലയോര ഗ്രാമങ്ങളിൽ പുര നിറഞ്ഞുനിൽക്കുന്ന പെൺകുട്ടികൾ വീട്ടുകാർക്ക് ബാധ്യതയായപ്പോൾ മൈസൂരിൽ നിന്നും വലിയ ഡിമാൻഡ് ഒന്നും ഉന്നയിക്കാതെ എത്തുന്ന കുടുംബങ്ങളിലേക്ക് കെട്ടിച്ചയയ്ക്കുകയായിരുന്നു തുടക്കം. പക്ഷേ ഒരുപാട് സ്വപ്നങ്ങളുമായി മൈസൂരിൽ എത്തപ്പെട്ട പെൺകുട്ടികളെ കാത്തിരുന്നത് ഒറ്റമുറി ലോഡ്ജുകളും ശോചനീയ സാഹചര്യങ്ങളും ചേരികളുമായിരുന്നു. അധികം കഴിയും മുൻപ് പലരും ഉപേക്ഷിക്കപ്പെട്ടു. കൈക്കുഞ്ഞുങ്ങളുമായി പലരും നിലമ്പൂരിലേക്ക് വണ്ടി കയറി. ബാധ്യതകൾ തീർത്തു എന്ന് വിശ്വസിച്ചു കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് ഇത് ഇരട്ടി ബാധ്യതയുമായി. 

kids-of-maisoor-wed-victims

മൈസൂർ കല്യാണങ്ങൾക്ക് ഇരയാക്കപ്പെട്ട സഹോദരിമാർക്കും കുട്ടികൾക്കുമുള്ള പുനരധിവാസ കേന്ദ്രമാണ് ഫാത്തിമ ലാൻഡ്. ഇരയായവരുടെ 100 പെൺകുട്ടികളെയും 100 ആൺകുട്ടികളെയും ദത്തെടുത്ത് പുനരധിവാസ പ്രവർത്തങ്ങൾ നിർവഹിക്കുന്നു. സ്വന്തം വീട് പോലെ അവരിവിടെ കഴിയുന്നു. ഇവരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് അടിസ്ഥാനസൗകര്യങ്ങൾ നൽകുന്നതിനോടൊപ്പം ഇവർക്ക് തൊഴിലിൽ പരിശീലനം നൽകി സ്വയംപര്യാപ്തരാക്കാനുള്ള പ്രവർത്തങ്ങളും നടത്തുന്നു. 

ration-for-poor

മാളിയേക്കൽ സുലൈമാൻ സഖാഫി എന്ന വ്യക്തിയാണ് ബദരിയ എന്ന ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് തുടക്കമിട്ടത്. ഒപ്പം സുമനസ്സുകളും കൈകോർത്തു. ഇന്ന് ബദരിയയുടെ സേവങ്ങൾ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് തണലാകുന്നു. ദാരിദ്ര്യവും പട്ടിണിയും മൂലം പാർശ്വവത്കരിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനു ഒരു വീട് എന്ന സ്വപനത്തിൽ നിന്നാണ് കാളികാവിലെ 25 ഏക്കറിൽ ബദരിയയുടെ തണൽവീട് ഉയർന്നത്.

badariya-home

മലപ്പുറം ജില്ലയിൽ കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് ഒരു മലമ്പ്രദേശത്താണ്. ആനയും വന്യമൃഗങ്ങളുമൊക്കെ ഇറങ്ങുന്ന സ്ഥലം. കാളികാവ് പഞ്ചായത്തിലെ ഈ കോളനിയിൽ ദുരിതം മാത്രമേയുള്ളൂ. നാലു സെന്റ് വീതം സർക്കാരിൽ നിന്നും പതിച്ചു കിട്ടിയെങ്കിലും ഉടമസ്ഥാവകാശ രേഖകൾ ഇനിയും ലഭിച്ചിട്ടില്ല. ഇവിടെ നിരവധി കൂരകൾ കാണാം.

poor-home

വീടുകൾ എന്ന് പറയാൻ കഴിയില്ല. കവുങ്ങും ഓലയും മേഞ്ഞ ചെറുകുടിലുകൾ. ഒരു കസേരയോ കട്ടിലോ പോലുമില്ല. വഴിവക്കിൽ നിന്നും കടമെടുത്ത ഫ്ളക്സ് ബോർഡുകൾ നിലത്തു വിരിച്ചിരിക്കുന്നു. നല്ല മഴ പെയ്താൽ വെള്ളം കുടിലിന്റെ നിലത്തുകൂടെ ഒഴുകാൻ തുടങ്ങും. കാട്ടിൽ നിന്നും വിഷമുള്ള പാമ്പുകളും ഇവിടേക്ക് ഇഴഞ്ഞെത്താറുണ്ട്. ഇവിടെയുള്ളവരെയും തണൽവീട്ടിൽ പുനരധിവസിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്.

colony-houses

വിശപ്പാണ് ഏറ്റവും വലിയ സത്യം എന്ന് വൈക്കം മുഹമ്മദ് ബഷീർ തന്റെ കൃതികളിലൂടെ പറഞ്ഞിട്ടുണ്ട്. വിശപ്പിനു ജാതിയോ മതമോ ഇല്ല. മാനവവികസനസൂചികയിൽ കേരളം ലോകരാജ്യങ്ങൾക്കൊപ്പമെങ്കിലും മലയോര പ്രദേശങ്ങളിൽ ദാരിദ്ര്യവും പട്ടിണിയും ഇന്നും ഒരു യാഥാർഥ്യമാണ്. പത്തു വർഷമായി ബദരിയയുടെ റേഷൻ പദ്ധതി തുടങ്ങിയിട്ട്. ജാതിമത ഭേദമെന്യ ആയിരക്കണക്കിന് കുടുംബങ്ങൾ ഇതിന്റെ ഗുണഭോക്താക്കളാകുന്നു.  

victims

വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ, പുനരധിവാസം തുടങ്ങിയ മേഖലകളിലാണ് ബദരിയയുടെ ഈ സംരംഭം ശ്രദ്ധ ചെലുത്തുന്നത്. കാളികാവ്, ചോക്കാട്, കരുവാരക്കുണ്ട്, തുവൂർ പഞ്ചായത്തുകളിലുള്ള ഇരുൾ മൂടിയ ആയിരക്കണക്കിന് ജീവിതങ്ങൾക്ക് വെളിച്ചമേകുകയാണ് ബദരിയ. ഇനിയുള്ള തലമുറകളിലെ പെൺകുട്ടികൾ എങ്കിലും മൈസൂർ കല്യാണം പോലെയുള്ള വിവാഹത്തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാനുള്ള ജാഗ്രത പുലർത്തുക എന്ന സന്ദേശവും ബദരിയ മുന്നോട്ടു വയ്ക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്- E V Abdurahman

Mob- 960515555

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.