Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ വീട് വീണു , ഹൃദയത്തിലേക്ക്...

destroyed-house വലിയതുറയിൽ കടലെടുത്തുകൊണ്ടിരുന്ന വീടിന്റെ ചിത്രം സാഹസികമായി പകർത്തിയ മലയാള മനോരമ സീനിയർ ഫൊട്ടോഗ്രഫർ റിങ്കുരാജ് മട്ടാഞ്ചേരിയിൽ ആ അനുഭവം പങ്കുവയ്ക്കുന്നു

വേരുകൾ പറിച്ചെറിയപ്പെട്ട് അടുത്ത നിമിഷം നിലംപൊത്താൻ തുടങ്ങുന്ന ഒരു മരം പോലെയാണ് എനിക്ക് ആ നിമിഷം തോന്നിയത്. കടലെടുത്തുകൊണ്ടിരിക്കുന്ന ഒരു വീട്. കരുണയില്ലാതെ ആർത്തലയ്ക്കുന്ന തിരമാലകൾക്കും അന്തരീക്ഷത്തിനും  നടുവിൽ ആലംബമില്ലാതെ ഏതു നിമിഷവും  നിലംപൊത്താറായ അവസ്ഥയിലാണു രണ്ടു മുറികളും വരാന്തയുമുള്ള ആ കൊച്ചുവീട്. വീശിയടിക്കുന്ന തിരമാലകളിൽ നിന്നും ആ വീടിന്റെ അടിത്തറ അൽപനേരത്തേങ്കിലും താങ്ങിനിർത്താൻ എന്തെങ്കിലുമൊന്നു കിട്ടിയിരുന്നെങ്കിലെന്നു  ഞാനാശിച്ചു. 

rough-sea-home

അടുത്ത നിമിഷത്തിൽ ക്യാമറയുമായി വീടിനകത്തേക്കു പോകണമെന്നു മനസ്സു പറഞ്ഞു. കാലു മുന്നോട്ടുവച്ചതും അരുതേ എന്ന മുറവിളികളുയർന്നു. തങ്ങളുടെ വീട് കടലെടുക്കുന്ന കാഴ്ച മരവിച്ച മനസ്സോടെ കണ്ടുനിന്നിരുന്ന മുത്തപ്പനും മകൾ ഷാലിമാറും അലറി കരഞ്ഞുകൊണ്ട് എന്നെ വിലക്കി. കാലിനു സ്വാധീനക്കുറവുള്ളയാളാണു മുത്തപ്പൻ. കാലു വയ്യാത്തതുകൊണ്ടു പണിയെടുക്കാനാവില്ല. ഷാലിമാർ ഗർഭിണിയാണ്. വീടു കടലെടുത്താൽ ഇവരെന്തു ചെയ്യും എന്നൊരുനിമിഷം ചിന്തിച്ചു. അവർക്കു പ്രിയപ്പെട്ടതെന്തെങ്കിലും ആ  വീടിനകത്തു കാണുമോ? അപകടമാണെന്നു പ്രദേശവാസിയായ ടോണി ഒലിവറും സൂചിപ്പിച്ചു. എതിർപ്പുകൾ അവഗണിച്ചുകൊണ്ടു വീടിനകത്തേക്ക് ഓടിക്കയറി. വീടുവച്ചിട്ട് അധികകാലമായിട്ടില്ല. നിലത്തെ ടൈൽസുകളെല്ലാം തകർന്നു തരിപ്പണമായിരിക്കുന്നു. ഓരോ തിരയിലും ഭിത്തിയിൽ ഓരോ വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നു. അടുത്ത തിര ആഞ്ഞടിക്കുമ്പോൾ അതു വലുതാകുന്നു.   വിണ്ടുകീറുന്ന തറയുടെ ചിത്രമെടുത്തു. 

rough-sea-enter-home

അടുത്ത നിമിഷം മേൽക്കൂരയിൽ നിന്നും ഒരു കഷണം കോൺഗ്രീറ്റ് എന്റെ തോളത്തു വന്നുപതിച്ചു. പുറത്തുനിന്ന റിപ്പോർട്ടർ ജിക്കു വർഗീസിന്റെ അപകടമുന്നറിയിപ്പ് ആ നിമിഷം ഫോണിലെത്തി.  തിരയെ തോൽപ്പിക്കാനെന്ന വണ്ണം പേടിപ്പെടുത്തുന്ന ശബ്ദത്തോടെ മേൽക്കൂര അടുത്തനിമിഷം  അടർന്നു താഴെ വീണു. ബോംബു വന്നു വീണതു പോലെ. കണ്ണുകളെ മൂടി എല്ലായിടത്തും പൊടി പടർന്നു. 

rough-sea-house

ഇനി ഏറെനേരം നിൽക്കാനാവില്ല. ശുചിമുറിയും അടുക്കളയും ഒഴിച്ചു വീടിന്റെ ബാക്കിയെല്ലാം കടലെടുത്തുകഴിഞ്ഞു. അവശേഷിക്കുന്ന വിലപ്പെട്ട നിമിഷങ്ങൾ പാഴാക്കിയില്ല. തെരുതെരെ ചിത്രങ്ങളെടുത്തശേഷം ജീവനും കയ്യിൽപിടിച്ച് പുറത്തേക്കു ചാടിയിറങ്ങി.  

രണ്ടുമാസം മുൻപ് മുത്തപ്പന്റെ ഈ വീടിന്റെ വരാന്തയിൽ നിന്നു ഞാൻ കടൽക്ഷോഭത്തിന്റെ ചിത്രങ്ങളെടുത്തതാണ്. അതിനു രണ്ടു മാസത്തിനിപ്പുറം മുത്തപ്പന്റെയും ഷാലിമാറിന്റെയും സ്വപ്നങ്ങളും പ്രതീക്ഷകളും തിരതല്ലിയിരുന്ന ഈ വീട് ഇല്ലാതായിരിക്കുന്നു. ഇല്ലാതായ വീടിനു മുത്തപ്പൻ ബാങ്കിനു പണമടയ്ക്കണം. 

തൊട്ടുമുമ്പു കടൽ കൊണ്ടുപോയ ആ വീടിന്റെ ചിത്രം എന്റെ ക്യാമറയിലുണ്ട്. വീടിരുന്ന ശൂന്യതയിലേക്കു നിസ്സഹായനായി കണ്ണുകൾ പായിക്കുന്ന അവർക്കു മുന്നിൽ ആ ജഡചിത്രം ഞാൻ പുറത്തെടുത്തതേയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.