Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കുടുംബം പെരുവഴിയിൽ; സുമനസ്സുകൾ സഹായിക്കുമോ?

charity-home ഒന്നര മാസമായി തകർന്നു കിടക്കുന്ന വീടിനു മുന്നിൽ ജോയി.

ഒന്നരമാസം മുൻപ് മരം വീണു തകർന്ന വീട് നന്നാക്കാനുള്ള വഴികളൊന്നും കാണാതെ രണ്ടു പെൺമക്കളും മാതാപിതാക്കളും അടങ്ങുന്ന കുടുംബം പെരുവഴിയിൽ. കോരിച്ചൊരിയുന്ന മഴയിൽ ചോർന്നൊലിക്കുന്ന വീട്ടിൽ വഴിമുട്ടി നിൽക്കുകയാണ് ഈ നിർധന കുടുംബം. 

മടുക്ക പൈങ്കൊമ്പ് മാങ്കുന്നേൽ ജോയിയുടെ വീടാണ് അപകടാവസ്ഥയിലും വാസയോഗ്യമല്ലാതായും തീർന്നത്. കഴിഞ്ഞ മേയ് 12നു വൈകിട്ട് നാലിനു മഴക്കെടുതിയുടെ ഭാഗമായി അയൽവാസിയുടെ പുരയിടത്തിൽ നിന്ന വലിയ മരം ജോയിയുടെ വീടിനു മുകളിലേക്കു വീഴുകയായിരുന്നു. മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു.

 ശുചിമുറി പൂർണമായി തകർന്നടിഞ്ഞു. അൻപതു വർഷത്തോളം പഴക്കമുള്ള ഈ രണ്ടുമുറി വീട് ഇതോടെ അപകടാവസ്ഥയിലായി. താമസിക്കാനാകാത്ത വിധം തകർന്നു.

പുനർനിർമാണം മാത്രം പരിഹാരം

മനോരമ വാർത്തയെ തുടർന്ന് പിറവം നഗരസഭാ കൗൺസിലർ ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച ‘സ്വപ്നഭവനം പദ്ധതി’ പ്രവർത്തകർ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനിൽ നിന്ന് ഇതുൾപ്പെടെ മൂന്നു വീടുകളുടെ അറ്റകുറ്റപ്പണികൾക്ക് തുക അനുവദിച്ചു.

എന്നാൽ ജോയിയുടെ വീട് അറ്റകുറ്റപ്പണി നടത്തുന്നത് അപകടകരമായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. കാലപ്പഴക്കമുള്ള ഇഷ്ടിക ഭിത്തി കൂടുതൽ അപകടകരമായി നിൽക്കുന്നതും  വെട്ടുകല്ലുകൊണ്ട് നിർമിച്ച ദുർബലമായ അടിത്തറയുമായിരുന്നു ഇതിനു കാരണം. വീട് പുനർനിർമിക്കുക മാത്രമാണ് പരിഹാരമെന്നു വന്നതോടെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനിൽ നിന്ന് അറ്റകുറ്റപ്പണിക്ക് ലഭിച്ച 25,000 രൂപയുടെ ചെക്ക് ജോയി തിരികെ ഏൽപ്പിക്കുകയും ചെയ്തു. 

രോഗവും തളർത്തുന്നു

∙ടാപ്പിങ് തൊഴിലാളിയായ ജോയി ഹൃദയധമനികളിലെ ബ്ലോക്ക് നിമിത്തം അടുത്തയിടെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാകേണ്ടി വന്നതോടെ പണിക്ക് പോകാനും കഴിയുന്നില്ല. മരുന്നിനും തുടർ ചികിൽസയ്ക്കുമായി മാസംതോറും 5000 രൂപയോളം വേണ്ടിവരും. ആകെയുള്ള നാലു സെന്റിലെ പൊളിഞ്ഞു വീഴാറായ വീട്ടിൽ പ്രായപൂർത്തിയായ രണ്ടു പെൺമക്കളുമായി വഴിമുട്ടിയ അവസ്ഥയിലാണ് ഈ ഗൃഹനാഥൻ. കനത്ത മഴയത്ത് ഈ വീട്ടിൽ കിടന്നുറങ്ങാനാവാത്തതിനാൽ അനിയന്റെ വീട്ടിലേക്ക് ഇവരെ താൽക്കാലികമായി മാറ്റിയിരിക്കുകയാണ്. 

സർക്കാർ സഹായം കിട്ടിയില്ല

∙തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾവഴി സർക്കാർ നടപ്പാക്കുന്ന ഭവനനിർമാണ പദ്ധതിയിലേക്കു മുൻപും അപേക്ഷകൾ നൽകിയിരുന്നെങ്കിലും അതും അനുവദിക്കപ്പെട്ടിരുന്നില്ല. ഭിത്തി തേച്ച വീടുണ്ട് എന്നതും ഇലഞ്ഞി പഞ്ചായത്തിൽ റേഷൻകാർഡില്ല എന്നതുമാണ് തടസ്സമായത്. കോട്ടയം ജില്ലയിലെ തറവാട്ടു വീട്ടിലെ റേഷൻ കാർഡിലാണു ജോയിയുടെയും കുടുംബത്തിന്റെയും പേരുകൾ ഉൾപ്പെട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.