ഇതാണ് വൈറലായ ആ വീട്; പോകാം സ്വപ്നക്കൂടിനുള്ളിലേക്ക്!

സ്വന്തമായി അധ്വാനിച്ച് വീട് പണിത വിദ്യാർഥിയുടെ കഥ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. അനന്തു വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

മലയാള മനോരമ സൺ‌ഡേ സപ്ലിമെന്റിൽ വന്ന സ്വപ്നക്കൂട് എന്ന ഫീച്ചറിന് വലിയ പ്രതികരണമാണ് ലഭിച്ചത്. അതിന്റെ തുടർച്ചയെന്നോണം അനന്തു തന്റെ വീട്ടുവിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

കുടുംബം... 

ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങരയാണ് എന്റെ നാട്. അച്ഛൻ ശശി കുമാർ, അമ്മ ലത, ചേട്ടൻ അഖിൽ എന്നിവരാണ് കുടുംബം. സൗദിയിൽ സ്വകാര്യ കമ്പനിയിൽ പാക്കിങ് തൊഴിലാളിയായിരുന്നു അച്ഛൻ. വെരിക്കോസ് വെയിനിന്റെയും സന്ധിവാതത്തിന്റെയും ബുദ്ധിമുട്ടുകൾ മൂലം പത്തുവർഷം മുൻപു തിരികെയെത്തി. പിന്നെ കൂടുതൽ ദിവസങ്ങളും ആശുപത്രിയിലായിരുന്നു. ഒരു ഫോട്ടോസ്റ്റാറ്റ് – ഡിടിപി കടയിലായിരുന്നു അമ്മ ലതയുടെ ജോലി. ചേട്ടൻ അഖിൽ എംബിഎ പഠനം പൂർത്തിയാക്കി. ഇപ്പോൾ ചെറിയ ശമ്പളമുള്ള ഒരു ജോലിയുണ്ട്. കൂടാതെ നെറ്റ് പരിശീലനവും നടത്തുന്നു. ഇടിഞ്ഞു വീഴാറായ ഒരു രണ്ടുമുറി വീട്ടിലായിരുന്നു ഓർമ വച്ച കാലം മുതൽ ഞങ്ങൾ താമസിച്ചിരുന്നത്. 

അധ്വാനം തുടങ്ങുന്നു...

പൊളിഞ്ഞുവീഴാറായ പഴയ വീടിന്റെ അവസ്ഥയറിഞ്ഞ ജനപ്രതിനിധികൾ പ്രധാൻമന്ത്രി ആവാസ് യോജന വഴി വീട് അനുവദിച്ചു. ആദ്യഗഡുവായി ലഭിച്ച 25,000 രൂപ ഉപയോഗിച്ച് ഒരു മുറിക്കും അടുക്കളയ്ക്കും അടിസ്ഥാനം കെട്ടി. പദ്ധതി വഴി പണിയുന്ന വീട് 600 ചതുരശ്ര അടിയിൽ കൂടരുതെന്ന നിബന്ധനയുണ്ട്. മാത്രമല്ല പല ഗഡുക്കളായി മാത്രമേ പണം ലഭിക്കുകയുള്ളൂ എന്നതുകൊണ്ട് പണി നീണ്ടുപോയി. ഞങ്ങൾക്കാകട്ടെ വാടക കൊടുത്ത് താമസിക്കുന്നത് അധികബാധ്യതയുമാകും. 

എങ്ങനെയെങ്കിലും പണി പെട്ടെന്ന് തീർക്കണം എന്ന ആഗ്രഹം മാത്രമായിരുന്നു മനസ്സിൽ. മാത്രമല്ല കുറച്ചുകൂടിവലിയ വീട് എന്ന സ്വപ്നം മനസ്സിൽ ബാക്കി കിടന്നു. ആ സമയത്ത് ഞാൻ എൻട്രൻസ് ക്‌ളാസുകൾ എടുക്കാൻ തുടങ്ങിയിരുന്നു. അതിലൂടെ പണം ലഭിച്ചു തുടങ്ങിയപ്പോൾ സ്വന്തമായി കുറച്ചു കൂടി വലിയ വീടു വയ്ക്കാമെന്ന ആത്മവിശ്വാസമായി. പക്ഷേ ധനസഹായത്തിനായി ആധാരം പണയം വച്ചിരുന്നത് വേറെ ലോൺ എടുക്കാൻ തടസമായി. അങ്ങനെ പ്രത്യേക അനുവാദം വാങ്ങി, സർക്കാർ ധനസഹായം പലിശസഹിതം തിരിച്ചടച്ചു. കെഎസ്എഫ്ഇയിൽ സ്ഥലം പണയപ്പെടുത്തി ആറു ലക്ഷം രൂപ ഭവനവായ്പയെടുത്തു. വീടിന്റെ ആദ്യഘട്ട നിർമാണം തുടങ്ങി. അത്യാവശ്യം ചിട്ടി പിടിച്ച കാശും സ്ഥിരനിക്ഷേപമായി സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. 

ക്‌ളാസിൽ ഇരുന്നു വരച്ച പ്ലാൻ...

സ്‌കൂളിൽ പഠിച്ചിരുന്ന സമയത്ത് എൻജിനീയറോ ചാർട്ടേഡ് അക്കൗണ്ടന്റോ ആകണമെന്നായിരുന്നു മോഹം. അത്യാവശ്യം വരയ്ക്കുമായിരുന്നു. ഫ്ലോർ പ്ലാൻ എഡിറ്റർ എന്ന ആപ്പ് വഴിയാണ് പ്ലാൻ വരച്ചത്. പിന്നീട് അതിന്റെ 3D എലിവേഷനും തയാറാക്കി. വീടുപണി മനസ്സിൽ കയറിയത് മുതൽ ഓൺലൈൻ മാഗസിനുകളും സൈറ്റുകളും സന്ദർശിച്ച് പ്ലാനുകളും മറ്റും താരതമ്യം ചെയ്തു പഠിച്ചു. ക്‌ളാസ് റൂമിൽ ഇരുന്നാണ് പലപ്പോഴും പ്ലാൻ വരയ്ക്കുന്നതിന്റെ ആശയങ്ങൾ സ്വരൂപിച്ചത്. സുഹൃത്തുക്കളുടെ അഭിപ്രായങ്ങളും സഹായകരമായി.

വീട്ടുവിശേഷങ്ങൾ... 

കഴിഞ്ഞ അഞ്ചുവർഷത്തെ സ്വപ്നമാണ് ഈ വീട്. ഏകദേശം 600 ദിവസങ്ങൾ കൊണ്ട് വീടുപണി പൂർത്തിയായി. സമകാലിക ശൈലിയിലാണ് ഡിസൈൻ. 1900 ചതുരശ്രയടിയുള്ള വീട്ടിൽ പോർച്ച്, സിറ്റ്ഔട്ട്, രണ്ടു ലിവിങ് റൂം, അറ്റാച്ച്ഡ് ബാത്റൂമുകളോട് കൂടിയ മൂന്ന് കിടപ്പുമുറികൾ, അടുക്കള എന്നിവയാണുള്ളത്. പുറംഭിത്തികളിൽ ഭംഗിക്ക് ക്ലാഡിങ് ടൈലുകൾ വിരിച്ചു. 

കയറ്റിറക്കുൾപ്പെടെ മിക്ക ജോലികളും വീട്ടുകാർ തന്നെ ചെയ്തു. ചില സുഹൃത്തുക്കളും സഹായിച്ചു. വീടുപണി പഠനത്തെ ബാധിക്കുമെന്ന സ്ഥിതിയായപ്പോഴാണ് എൻട്രൻസ് ക്ലാസിലെ ശിഷ്യനായ മനുവിന്റെ അച്ഛൻ, കോൺട്രാക്ടറായ മഹേശ്വരൻ സഹായിക്കാമെന്നേറ്റത്. പിന്നീടു ജോലികൾക്കെല്ലാം മേൽനോട്ടംവഹിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ ബംഗാളി പണിക്കാർ ഉൾപ്പെടെ വീടിനു വേണ്ടി അധ്വാനിച്ചു. അദ്ദേഹത്തിന്റെ സഹകരണം കൊണ്ട് കൂടിയാണ് ചെലവ് കുറച്ച് വീട് പണിയാൻ സാധിച്ചത്. പല ഘട്ടങ്ങളായാണ് വീട് പണിതത്. ആദ്യം പിറകിൽ രണ്ടു മുറി പണിതു. അവിടേക്ക് കുടുംബം താമസം മാറിയാണ് മുന്നിലേക്കുള്ള ഭാഗങ്ങൾ പണിതത്. മറ്റൊരു വീട്ടിൽ വാടകയ്ക്ക് താമസിക്കേണ്ട ചെലവ് അങ്ങനെ ലാഭിച്ചു.

ചെലവ് ചുരുക്കിയത്...

  • ഷോ വാളുകൾ മാത്രമേ പുട്ടി അടിച്ചിട്ടുള്ളൂ. ബാക്കി ഭിത്തികളിൽ പ്രൈമർ അടിച്ചു.
  • കുറഞ്ഞ വിലയുടെ ടൈലുകളാണ് നിലത്തു വിരിച്ചത്.
  • സ്റ്റീലിനു പകരം സ്ക്വയർ ട്യൂബ് പോലെയുള്ള വസ്തുക്കളാണ് ഗോവണിയുടെ കൈവരികൾക്ക്  ഉപയോഗിച്ചത്.
  • കയറ്റിറക്കു പണികൾ എല്ലാം ഞങ്ങൾ തന്നെയാണ് ചെയ്തത്.
  • കോൺട്രാക്ടറുടെ സഹായസഹകരണങ്ങൾ. 

സ്വപ്നങ്ങൾ...

ആദ്യം എം ബി ബി എസ് നല്ല രീതിയിൽ പൂർത്തിയാക്കണം. പിന്നെ ഉപരിപഠനം ചെയ്യണം. ചേട്ടനൊരു നല്ല ജോലി ലഭിച്ചാൽ പിന്നെ എന്റെ പഠനം എളുപ്പമാകും. ബന്ധുക്കൾ ആവശ്യസമയത്ത് സഹായിച്ചിരുന്നു. അത് ഞാനിപ്പോൾ തിരിച്ചടച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു മൂന്ന് വർഷങ്ങൾക്കുള്ളിൽ കടങ്ങൾ എല്ലാം വീട്ടണം. കഷ്ടപ്പെട്ട് പണിത വീട്ടിൽ അധികദിവസം താമസിക്കാൻ കഴിഞ്ഞിട്ടില്ല. എൻട്രൻസ് കോച്ചിങ് സെന്ററിന്റെ വാർഡനായി ജോലി ചെയ്യുന്നുണ്ട്. രാത്രി അവിടെയാണുറക്കം. രാവിലെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ച് ആദ്യം ക്ലാസെടുക്കാൻ പോകും, പിന്നെ മെഡിക്കൽ കോളജിലേക്കും. അവധിക്കാലത്ത് വീട്ടിൽ കുറച്ചുദിവസങ്ങൾ സന്തോഷമായി കിടന്നുറങ്ങണം. ഇതുവരെ പല വഴികളിലൂടെ എല്ലാം നടന്നില്ലേ, ഇനിയും അതുപോലെ എല്ലാം നടന്നോളും... അനന്തു പറഞ്ഞു നിർത്തി.

ചുരുക്കത്തിൽ അധ്വാനത്തിനും ശുഭാപ്തി വിശ്വാസത്തിനും പകരം വയ്ക്കാൻ മറ്റൊന്നുമില്ല എന്ന് തെളിയിക്കുകയാണ് അനന്തു എസ് കുമാർ എന്ന ഈ ചെറുപ്പക്കാരൻ.