Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയത്ത് ഇവരുടെ കണ്ണീർ കാണാതെ പോകരുതേ

rain-havoc പ്രമാടം തെങ്ങുംകാവ് പുതുവേലിൽ ശാന്തകുമാർഘോഷും കുടുംബവും വീടിനു മുൻപിൽ.

മാനത്ത് മഴയുടെ ആരംഭമെത്തുമ്പോൾ ഇൗ കുടുംബത്തിൽ ഭീതിയുടെ  ഇടിമുഴക്കെത്തും. അടച്ചുറപ്പില്ലാത്ത  ഒറ്റമുറിക്കുള്ളിൽ പൂർണ ഗർഭിണി ഉൾപ്പെടെ ഒൻപതു പേർ. ചോർന്നൊലിക്കുന്ന കൂരയ്ക്കുള്ളിൽ പ്രമാടം പഞ്ചായത്ത് ആറാം വാർഡിൽപ്പെട്ട പുതുവേലിൽ ശാന്തകുമാർ ഘോഷും കുടുംബവുമാണ്  ദുരിതങ്ങളുമായി ജീവിതം തള്ളി നീക്കുന്നത്.

ഒരാഴ്ച പിന്നിടുമ്പോൾ ഈ ദുരിത താവളത്തിൽ വേണം നവജാത ശിശുവും അന്തിയുറങ്ങാൻ. ശാന്തകുമാറിന്റെ മരുമകൾ രേഷ്മയാണ് മാസം തികഞ്ഞു നിൽക്കുന്നത്. 

ഇവർക്ക് പുറമെ ശാന്തകുമാറിന്റെ  ഭാര്യ കൃഷ്ണകുമാരി, മക്കളായ ശോഭന, സോണിയ, സോജി, കൊച്ചുമക്കളായ ജോബിൻ, സബിൻ, കൃഷ്ണകുമാരിയുടെ മാതാവ് ചെല്ലമ്മ എന്നിവരാണ് ഈ കൂരയ്ക്കുള്ളിൽ കഴിയുന്നത്. 

കൂലിപ്പണി ചെയ്താണ് 54 കാരനായ ശാന്തകുമാർ കുടുംബം പുലർത്തി വന്നത്. ശരീരത്തിന് തളർച്ച് ബാധിച്ചതിനാൽ ജോലി ചെയ്യാനും പറ്റുന്നില്ല. മകൻ സോജിയുടെ വരുമാനമാണ് ഏക ആശ്രയം.

ശാന്തകുമാർ ഘോഷിന് സ്വന്തമായി 17 സെന്റ് വസ്തുവുണ്ട്. ആർക്കും വീതിച്ചു നൽകിയിട്ടില്ല. കൂരയോട് ചേർന്ന് ഇവർ വീട് നിർമിക്കാനായി തറകെട്ടിയിട്ട് ഒരു വർഷമായി. പൂർത്തീകരിക്കാൻ ഇവർക്ക് കഴിയുന്നില്ല. ലൈഫ് പദ്ധതിയിലേക്ക് അപേക്ഷിച്ചെങ്കിലും അതും നൂലാമാലകളിൽ കുടുങ്ങി കിടക്കുകയാണ്. നിലവിലെ കൂരയുടെ ടാർപൊളിൻ കീറി വെള്ളം അകത്തേക്ക് വീഴുകയാണ്. നിന്നു തിരിയാൻ ഇടമില്ലാത്ത ഈ വിട്ടിൽ ഒൻപതു പേർ കഴിയുന്ന കാഴ്ച ആരുടെയും കരളലിയിക്കുന്നതാണ്. 

വീട്ടിലേക്ക് എത്തിപ്പെടാനും നല്ലൊരു വഴിയില്ല. തോടിന്റെ വശത്തെ കൽക്കെട്ട് കടന്നു വേണം ഇവിടേക്ക് എത്താൻ. മഴക്കാലത്ത് തോട്ടിൽ ജലനിരപ്പ് ഉയർന്നാൽ പ്രശ്നം തന്നെ. വീട്ടിൽ വൈദ്യുതിയും അന്യം. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചമാണ് ആശ്രയം. നല്ലൊരു ശുചിമുറിയോ കിണറോ ഇല്ല.