Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെസ്സിയും നെയ്മറും ഇനി ഇവർക്ക് തണലേകും!

messi-neymar ഉപയോഗം കഴിഞ്ഞ ഫ്ലെക്സ് ബോർഡുകൾകൊണ്ട് നിർധനരുടെ വീടു മേഞ്ഞു നൽകാൻ കാലടി ആദിശങ്കര എൻജി. വിദ്യാർഥികൾ

കാലടി ആദിശങ്കര എൻജിനീയറിങ് കോളജിലെ എൻഎസ്എസ് ടെക്നിക്കൽ സെൽ വിദ്യാർഥികൾ ഉപയോഗം കഴിഞ്ഞ ഫ്ലക്സ് ബോർഡ് ഉപയോഗിച്ചു പെരുമ്പാവൂരിൽ നിർധന കുടുംബത്തിന്റെ  ചോർന്നൊലിക്കുന്ന വീടിന്റെ മേൽക്കൂര മേയുന്നു.

ലോക കപ്പ് ഫുട്ബോളിന്റെ ആവേശത്തിൽ എങ്ങും നിറഞ്ഞ ഫ്ലെക്സ് ബോർഡുകൾ ഈയാഴ്ച ലോക കപ്പ് മൽസരങ്ങൾ കഴിയുമ്പോൾ ശാപമായി തീരുമോയെന്നോർത്തു  വിഷമിക്കേണ്ട.  ഉപയോഗം കഴിഞ്ഞ ഫ്ലെക്സ് ബോർഡുകൾ പുനരുപയോഗിക്കുകയാണു കാലടി ആദിശങ്കര എൻജിനീയറിങ് കോളജിലെ എൻഎസ്എസ് ടെക്നിക്കൽ സെൽ വിദ്യാർഥികൾ. 

   ഫ്ലെക്സ് ബോർഡ് ഉപയോഗിച്ചു നിർധനരുടെ ചോർന്നൊലിക്കുന്ന വീടുകൾ മേഞ്ഞു നൽകുകയാണ് ഇവർ. പെരുമ്പാവൂർ, കലൂർ എന്നിവിടങ്ങളിൽ രണ്ടു വീടുകളുടെ ചോർച്ച ഫ്ലെക്സ് ബോർഡ് ഉപയോഗിച്ചു പൂർണമായി പരിഹരിച്ചു. പെരുമ്പാവൂർ ഭാഗത്തു ചോർന്നൊലിക്കുന്ന പത്തോളം വീടുകൾ വിദ്യാർഥികൾ കണ്ടെത്തിയിട്ടുണ്ട്. അവർക്ക് ഇത്തരത്തിൽ വീടു മേഞ്ഞു കൊടുക്കാനുള്ള ശ്രമത്തിലാണു വിദ്യാർഥികൾ. വിവിധ സ്ഥലങ്ങളിൽനിന്നു ഫ്ലെക്സ് ബോർഡുകൾ ശേഖരിച്ചുവരുന്നു. 

flex-for-roofing

പല ക്ലബ്ബുകളും പരസ്യ സ്ഥാപനങ്ങളും വിദ്യാർഥികൾക്കു സഹായവുമായി എത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ വിദ്യാർഥികൾക്കായി നടപ്പാക്കിയിരിക്കുന്ന സ്വഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പിന്റെ ഭാഗമായി വിദ്യാർഥികൾ ആരോഗ്യ വകുപ്പുമായി സഹകരിച്ചു വിവിധ പഞ്ചായത്തുകളിലെ വീടുകൾ സന്ദർശിച്ചിരുന്നു. ശുചിത്വ ബോധവൽക്കരണം, ആരോഗ്യ സർവേ, പൂന്തോട്ട നിർമാണം, സ്കൂൾ വിദ്യാർഥികൾക്കും ബോധവൽക്കരണം, മാലിന്യ സംസ്കരണം, സർക്കാർ സ്ഥാപനങ്ങളുടെ പരിസര ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. 

   ഇതിനിടയിലാണു ചോർന്നൊലിക്കുന്ന വീടുകൾ വിദ്യാർഥികളുടെ ശ്രദ്ധയിൽപെട്ടത്. ആവശ്യം കഴിയുന്ന ഫ്ലെക്സ് ബോർഡുകൾ ഉപയോഗിച്ചു വീടുകൾ മേഞ്ഞു ചോർച്ച മാറ്റാമെന്ന ആശയം ഉയർന്നത് അങ്ങനെ. നാടു നീളെ നിറഞ്ഞ ഫ്ലെ‌ക്സ് ബോർഡുകൾ സേവന പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചാൽ അതു  ഒട്ടേറെ നിർധന കുടുംബങ്ങൾക്കു സഹായകമാകുകയും ഫ്ലെക്സ് ബോർഡുകൾ മൂലമുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾക്കു പരിഹാരമാകുകയും ചെയ്യുമെന്നു വിദ്യാർഥികൾ വിലയിരുത്തുന്നു. 

സമൂഹ മാധ്യമങ്ങളിലൂടെ ഈ ആശയം മുന്നോട്ടുവച്ചപ്പോൾ ആവേശകരമായ പ്രതികരണമാണു ലഭിച്ചത്.  വിഷയം അവതരിപ്പിച്ചപ്പോൾ കോളജ് മാനേജ്മെന്റും പ്രിൻസിപ്പൽ ഡോ.എം.എ. ദുരൈ രംഗസ്വാമിയും വിദ്യാർഥികൾക്കു പൂർണ പിന്തുണ നൽകി. കോളജിലെ എൻഎസ്എസ് വൊളന്റിയർ സെക്രട്ടറി സി.വി. അഭിമന്യു, എൻഎസ്എസ് ടെക്നിക്കൽ സെൽ ഫീൽഡ് ഓഫിസർ ബ്ലെസൻ പോൾ, എം. ഗൗരി എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കർമനിരതരായിരിക്കുകയാണ്. അതതു പ്രദേശത്തെ സാമൂഹിക പ്രവർത്തകരും സംഘടനകളും സഹായ സഹകരണം നൽകുമെന്നാണു വിദ്യാർഥികൾ പ്രതീക്ഷിക്കുന്നത്. ഫോൺ: 9947180761.