Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക്; മലയാളി മാറിയതിങ്ങനെ...

malayalee-home-transformation കേരളത്തിലെ വീടുകളുടെ നിർമിതിയിൽ ഉണ്ടായ വ്യത്യാസം അതിനുള്ളിൽ ജീവിക്കുന്നവരുടെ ചിന്തയിലും മാനസികാവസ്ഥയിലും വന്ന മാറ്റം കൂടിയാണ്.

വീട് കൂരയും ചുവരുമുള്ള വെറുമൊരു കെട്ടിടമല്ല, അതു പ്ലാസ്റ്റിക് ഷീറ്റുവച്ചു മറച്ചതാണെങ്കിലും മാർബിളിൽ കൊത്തിയതാണെങ്കിലും. ചിലപ്പോൾ തോന്നും വീട് കാണുകയും കേൾക്കുകയും ശ്വസിക്കുക പോലും ചെയ്യുന്നുണ്ടെന്ന്. അതുകൊണ്ടാണു സ്വന്തം വീട്ടിലേക്കുള്ള വഴികൾ ഗർഭപാത്രത്തിലേക്കുള്ള മടക്കംപോലെയാകുന്നത്. 

ഇപ്പറഞ്ഞതെല്ലാം വീടിന്റെ ഉയിര്. വിയർപ്പൊഴുക്കി മിച്ചംപിടിച്ചും കണ്ണീരൊഴുക്കി കടം വാങ്ങിയും ഒരായുസിന്റെ അധ്വാനംകൊണ്ടാണു നമ്മളിൽ ഭൂരിപക്ഷവും വീടിനൊരു ഉടൽ പണിയുന്നത്. ഒന്നിനൊന്നു വ്യത്യസ്തമാണ് ഓരോ വീട്ടുടലും, അതിൽ നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ആവശ്യങ്ങളും ഇത്തിരി പൊങ്ങച്ചവും പൊടിക്ക് കുശുമ്പുമൊക്കെ ഉൾച്ചേർന്നിട്ടുണ്ടാകും. അതെന്തായാലും കഴിഞ്ഞ കുറേക്കാലത്തിനിടയിൽ കേരളത്തിലെ വീടുകളുടെ നിർമിതിയിൽ ഉണ്ടായ വ്യത്യാസം അതിനുള്ളിൽ ജീവിക്കുന്നവരുടെ ചിന്തയിലും മാനസികാവസ്ഥയിലും വന്ന മാറ്റം കൂടിയാണ്.  

പഴയവീടുകളെടുക്കാം, നൂറും അതിലേറെയും വർഷം പഴക്കമുള്ള വീടുകളിൽ അവശേഷിക്കുന്നതിലേറെയും പണ്ടത്തെ പ്രതാപികളുടെ വീടുകളാണ്– എട്ടുകെട്ടും നാലുകെട്ടും അറയും നിരയുമൊക്കെയുള്ള തറവാടുകൾ.

veedu-kannampilly-tharavadu

വീട്ടിനുള്ളിലെ നടുമുറ്റങ്ങളായിരുന്നു ഇത്തരം വീടുകളുടെ ലിവിങ് സ്പേസ്. കൂട്ടുകുടുംബവ്യവസ്ഥിതിയിൽ അംഗബലം കൂടുമെന്നതിനാൽ ഏറെ മുറികളുണ്ടാവുക സ്വാഭാവികം. എന്നാൽ മുറികൾക്കു വലുപ്പം കുറവായിരുന്നു എന്നതു ശ്രദ്ധേയമാണ്. പലയിടത്തും ദമ്പതികൾക്കല്ലാതെ മറ്റാർക്കും സ്വന്തം മുറികളും ഉണ്ടാവാറില്ല. ഇന്നത്തേതുപോലെ സ്വകാര്യത, സ്വന്തം ഇടം തുടങ്ങിയ സങ്കൽപങ്ങൾക്ക് അന്നു വലിയ പ്രാധാന്യം ഇല്ലാത്തതാവാം കാരണം. സാധാരണക്കാർക്കു വീട് അന്തിക്കു തലചായ്ക്കാനുള്ള ഇടം മാത്രം. അതുകൊണ്ടുതന്നെ വലുപ്പത്തിലും മറ്റും ആർഭാടമില്ല. 

വലുതായാലും ചെറുതായാലും, ചുറ്റുവട്ടത്തുനിന്നു ശേഖരിക്കുന്നവയാകും നിർമാണസാമഗ്രികളിലേറെയും.  ഇക്കാരണത്താൽ, വടക്കൻകേരളത്തിൽ ചെങ്കൽവീടുകളായിരുന്നു സാധാരണമെങ്കിൽ തെക്കോട്ടുള്ളവർ കൂടുതലും തടി ഉപയോഗിച്ചുപോന്നു. അതുകൊണ്ടുതന്നെ വീട്  കാലാവസ്ഥയോടും പരിസരത്തോടും ഇണങ്ങിനിന്നു. വീട്ടിൽ കാറ്റും വെളിച്ചവും കടക്കുന്നതിനും ചൂട് നിയന്ത്രിക്കുന്നതിനും  നടുമുറ്റം എന്ന ഓപൺ സ്പേസുകൾ അവസരമൊരുക്കി. ഓടിട്ട, ചെറിയ വീടുകളിൽപോലും മച്ചുണ്ടായിരുന്നു. 

echikanam-tharavad

നാലഞ്ചു ദശാബ്ദങ്ങൾക്കു മുൻപാണു സാമ്പ്രദായക രീതികളിൽനിന്നു തീർത്തും വിഭിന്നമായ വീടുകൾ കേരളത്തിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. അതിൽ പ്രധാനം കോൺക്രീറ്റ് വീടുകളുടെ വരവായിരുന്നു. ചണ്ഡീഗഡ് സിറ്റിയുടെ രൂപകൽപനയിലാണ് ഇന്ത്യയിൽ ആദ്യം കോൺക്രീറ്റ് നിർമിതികൾ പ്രത്യക്ഷപ്പെട്ടത്. 

അതുപിന്നെ പരക്കെ പ്രചാരം നേടുകയായിരുന്നു. ഉത്തരേന്ത്യയിലും വിദേശ നാടുകളിലും ജോലി തേടി പോയ മലയാളികളാണു നാട്ടിൽ വാർക്കവീടുകൾ പരിചയപ്പെടുത്തുന്നത്. അധികം വൈകാതെ വാർക്കവീടിനേ കെട്ടുറപ്പുള്ളൂ എന്ന ധാരണ നമ്മുടെയുള്ളിൽ സിമന്റിട്ടതുപോലെ ഉറച്ചു. ഓടും ഓലയുംകൊണ്ടു നിർമിച്ച വീടുകളിൽ തലമുറകളോളം ജീവിച്ചവരാണു നമ്മൾ എന്ന കാര്യം എളുപ്പം മറന്നു. 

thadikkaran-tharavadu-1

കോൺക്രീറ്റിൽ തീർത്ത, തറയിൽ മൊസൈക്കിട്ട വലിയ ഇരുനില വീടുകൾ എഴുപതുകളിലും എൺപതുകളിലും സമ്പന്നതയുടെ പ്രതീകമായിരുന്നു. അത്തരം വീടുകൾ ഇന്നു ഫാഷനല്ലെങ്കിലും വലുപ്പത്തിന്റെയും കാലാവസ്ഥയ്ക്ക് ഒട്ടുമേ യോജിക്കാത്ത കോൺക്രീറ്റിന്റെയും കാര്യത്തിൽ ഇനിയും മലയാളി വിട്ടുവീഴ്ചയ്ക്കു തയാറായിട്ടില്ല.

അതേസമയം, മറ്റെല്ലാ മേഖലകളിലുമെന്നപോലെ വീടു നിർമാണത്തിലും പഴമയിലേക്കുള്ള മടക്കം പ്രകടമാണെന്നതാണു വസ്തുത. എന്നാൽ പഴയ ഡിസൈനുകളിൽ പ്രത്യക്ഷപ്പെടുന്ന പല വീടുകളും നമ്മുടെ സാഹചര്യങ്ങൾക്കു യോജിക്കുന്നതാണോ? തീർത്തും പാശ്ചാത്യ രീതിയിൽ നിർമിക്കുന്ന വീടുകളും ഇന്നു കുറവല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.