Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി റെഡിമെയ്ഡ് വീടുകളും!...

pre-fab സായിപ്പിന്റെ നാടുകളിൽ നമ്മെപ്പോലെ കോൺക്രീറ്റ് വീടുകളല്ല, തടിയും പലകയും സ്റ്റീൽ തൂണുകളും കൊണ്ടുണ്ടാക്കുന്ന വീടുകളാണ്. എല്ലാം ഫാക്ടറിയിൽ ചെയ്ത് കൊണ്ടുവന്നിറക്കുകയാണ്.

വീടു വയ്ക്കുന്നതു കഷ്ടകാലത്താണെന്നു പറയാറുണ്ട്. പാറയും മണ്ണും കട്ടയും സിമന്റും കമ്പിയും കട്ടിളയും തറയോടും പെയിന്റും കയറ്റിറക്ക് ഗുസ്തികളും...കഷ്ടകാലം തന്നെ! ഈ പൊല്ലാപ്പൊന്നും കാണില്ല, ഭാവി വീടുകൾക്കും കെട്ടിടങ്ങൾക്കും. വീടാകെ ഫാക്ടറിയിൽ നിർമിച്ചു കൊണ്ടുവന്നു ഫിറ്റ് ചെയ്യുക.

ഫാക്ടറി അസംബ്ലി ലൈനിൽ ഷാസിക്കു മേൽ ഡോറും മറ്റു ഭാഗങ്ങളും കൂട്ടിയോജിപ്പിച്ചു വണ്ടിയുണ്ടാക്കുന്നതുപോലെയാണിതും. വീടിന്റെ വിവിധ ഭാഗങ്ങൾ ഫാക്ടറിയിൽ നിർമിക്കുന്നു. സായിപ്പിന്റെ നാടുകളിൽ നമ്മെപ്പോലെ കോൺക്രീറ്റ് വീടുകളല്ല, തടിയും പലകയും സ്റ്റീൽ തൂണുകളും കൊണ്ടുണ്ടാക്കുന്ന വീടുകളാണ്. അത്തരം വീടുകളുടെ പണി തുടങ്ങുമ്പോൾത്തന്നെ 60% തീർന്നിരിക്കും. എല്ലാം ഫാക്ടറിയിൽ ചെയ്ത് കൊണ്ടുവന്നിറക്കുകയാണ്. ടൈൽ ഒട്ടിക്കലും ബാത്റൂം ഫിറ്റിങ്സ് വയ്ക്കലും പെയിന്റടിയും മറ്റും മാത്രമേ ബാക്കി കാണൂ. കൊണ്ടു വന്ന സാധനങ്ങൾ നട്ടും ബോൾട്ടും ഇട്ട് കൂട്ടിയോജിപ്പിക്കലാണു പ്രധാന പണി. 

സ്വാഭാവികമായും വീടിന്റെ ഡിസൈൻ നേരത്തേ തീർന്നിരിക്കണം. ഓരോ ഭാഗത്തിന്റെയും നീളവും വീതിയുമെല്ലാം കൃത്യമായിരിക്കണം. ഇവിടുത്തെ വാസ്തുശിൽപികൾ അത്തരം ‘ഡീറ്റെയ്‌ലിങ്’ രീതികളിലേക്കു പോയിട്ടില്ല. ഉപയോഗിക്കുന്ന ഓരോ ആണിക്കും കണക്കുണ്ടായിരിക്കണം. ആണിയുടെ നീളവും പലകയുടെ വീതിയുമെല്ലാം വേണം. 

ലോകമാകെ ഇതിലേക്കു മാറുന്നതിനു കാരണം പണി ചെയ്യാൻ ആളെ കിട്ടാഞ്ഞതും കിട്ടുന്നവരുടെ കൂലി അമിതമായതും തന്നെ. അമേരിക്കയിൽ ഫാക്ടറിത്തൊഴിലാളിക്ക് മണിക്കൂറിന് 15 ഡോളർ മുതൽ 20 ഡോളർ വരെ (ഏകദേശം 960 രൂപ മുതൽ 1300 രൂപ വരെ) കൊടുക്കണം. എട്ടു മണിക്കൂറാവുമ്പോൾ ഒരാൾക്ക് ചെലവ് 7800 രൂപ മുതൽ 10400 രൂപ വരെ. വൻ നഗരങ്ങളിലെ കെട്ടിട നിർമാണത്തൊഴിലാളിക്ക് മണിക്കൂറിന് 50 ഡോളറും അതിലേറെയുമുണ്ടത്രേ. ഫാക്ടറിയിൽ നിർമിക്കുന്ന മോഡുലർ കെട്ടിടങ്ങളാവുമ്പോൾ ചെലവു കുറവും സമയലാഭവും. ഒരു വീടിന്റെ പണി തീരാൻ ഒന്നരമാസം മുതൽ രണ്ടു മാസം വരെ. നോക്കി നിൽക്കെ കെട്ടിടം പൊങ്ങും. 

ഇത്തരം പ്രീഫാബ്രിക്കേഷൻ കെട്ടിട നിർമാണം ഇവിടെങ്ങുമില്ലാത്ത ഏതോ ഫോറിൻ സംഗതിയൊന്നുമല്ല. ഗൾഫ് മലയാളി ലോകനിലവാരത്തിലുള്ള പ്രീഫാബ് പ്ളാന്റ് കൃഷ്ണഗിരിയിൽ സ്ഥാപിച്ചിട്ടുണ്ട്. അവിടെ നിന്നുള്ള പ്രീഫാബ് സാധനങ്ങൾ കൊണ്ട് കേരളത്തിൽ കെട്ടിടങ്ങളുടെ പണി നടക്കുന്നുമുണ്ട്. 

ഒടുവിലാൻ ∙ കെട്ടിടം നിർമിക്കാൻ ത്രീഡി പ്രിന്റിങ് എന്നൊരു പുതിയ ലൈൻ വരുന്നുണ്ട്. അത്യന്താധുനിക സാങ്കേതികവിദ്യയാകുന്നു. ചൈനയിൽ അങ്ങനെയൊരു കെട്ടിടം പണിതത്രെ. അവിടെ തൊഴിലാളികളെ പരമാവധി ഒഴിവാക്കാനുള്ള വിദ്യകൾക്കാണിപ്പോൾ മുൻതൂക്കം. 
Read more on Future House Prefab Technology