Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടുവയ്ക്കാൻ ചെലവേറി; നിർമാണച്ചെലവിലുണ്ടായ വർധന 20–25%!

vastu-in-building-home സ്വന്തം വീടെന്ന സ്വപ്നം താലോലിക്കുന്ന ബഹുഭൂരിപക്ഷം പേർക്കും വർധനയുടെ ഭാരം താങ്ങുക എളുപ്പമാകില്ല.

കുറച്ചു സമ്പാദ്യം, അതിന്റെ പല മടങ്ങു ബാങ്ക് വായ്പ! ഒടുവിൽ, കെട്ടുതാലി വരെ വിറ്റൊരു പാർപ്പിടം നിർമിക്കുന്ന ശരാശരി പൗരനു ബാധ്യതയുടെ മേൽക്കൂരയൊരുക്കുകയാണു ജിഎസ്ടി. ജൂലൈ ഒന്നിനു ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പായ ശേഷം നിർമാണച്ചെലവിലുണ്ടായ വർധന 20–25%. സ്വന്തം വീടെന്ന സ്വപ്നം താലോലിക്കുന്ന ബഹുഭൂരിപക്ഷം പേർക്കും വർധനയുടെ ഭാരം താങ്ങുക എളുപ്പമാകില്ല. 

x-default

നികുതി സമ്പ്രദായം ലളിതമാക്കിയെന്നും പല ഉത്പന്നങ്ങൾക്കും നികുതി കുറച്ചുവെന്നും രേഖകൾ അവകാശപ്പെടുമ്പോൾ യാഥാർഥ്യം പക്ഷേ, വ്യത്യസ്തം. നിർമാണ മേഖലയിലെ പല ഉത്പന്നങ്ങൾക്കും നികുതിയിൽ നേരിയ കുറവുണ്ട്. പക്ഷേ, ആനുപാതികമായ വിലക്കുറവു വിപണിയിൽ ലഭിക്കുന്നത് അപൂർവമായി മാത്രം. ജിഎസ്ടി വഴിയുണ്ടായ നികുതി ആനുകൂല്യം പല കമ്പനികളും ഉപയോക്താക്കളിലേക്കു കൈമാറാൻ മടിക്കുന്നതാണു പ്രധാന പ്രശ്നം. നികുതി ഇളവിന് ആനുപാതികമായി പരമാവധി ചില്ലറ വിലയിൽ (എംആർപി) കുറവു വരുത്തിയ ഉത്പാദകർ വളരെക്കുറവ്. മറ്റു പലരും വില വർധിപ്പിക്കുകയാണു ചെയ്തത്. ഫലത്തിൽ, നികുതി കുറഞ്ഞിട്ടും വിപണി വില ആകാശത്തു തന്നെ. 

∙ സിമന്റ് വില ‘ഉറച്ചു’ തന്നെ

house-construction

ജിഎസ്ടിക്കു മുൻപു 31 ശതമാനമായിരുന്നു സിമന്റിന്റെ നികുതി. ഇപ്പോഴത് 28 ശതമാനമായി കുറഞ്ഞു. എന്നിട്ടും, വിലയിൽ പ്രകടമായ കുറവില്ല. മാത്രമല്ല, ഒരു ചാക്ക് സിമന്റിനു ശരാശരി 15 - 20 രൂപ വർധിച്ചുവെന്നാണു കെട്ടിട നിർമാതാക്കളും നിർമാണ കരാറുകാരും പരാതിപ്പെടുന്നത്. അതേസമയം, വലിയ തോതിൽ വില വ്യത്യാസമുണ്ടായിട്ടില്ലെന്നാണു വ്യാപാരികളുടെ വാദം. തമിഴ്നാട് സർക്കാർ വൻകിട സിമന്റ് ഉത്പാദകരിൽ നിന്നു സിമന്റ് വാങ്ങി 190 രൂപ നിരക്കിൽ പൊതുവിപണിയിൽ ലഭ്യമാക്കുന്നുണ്ട്. സമാനമായ പദ്ധതി കേരള സർക്കാരിനും നടപ്പാക്കാൻ കഴിയുമെന്നാണു നിർമാണ മേഖലയുടെ വിലയിരുത്തൽ. സർക്കാർ മനസ്സുവയ്ക്കണമെന്നു മാത്രം. 

∙ സിമന്റ് കട്ടയ്ക്കു നികുതി 10 രൂപ

നിർമാണ മേഖലയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സിമന്റ് കട്ട ഒരെണ്ണത്തിന് ഏകദേശം 10 രൂപയാണു നികുതി. ഒരു കട്ട കയറ്റിറക്കു കൂലി ഉൾപ്പെടെ നിർമാണ സ്ഥലത്തെത്തിക്കാൻ 24 – 26 രൂപ വേണ്ടിവരും. പ്രാദേശികമായി വില വ്യത്യാസങ്ങളുണ്ടാകും. ഗ്രാനൈറ്റിന് 28 ശതമാനമാണു നികുതി. ചെറുനിർമിതികളിൽപ്പോലും സാധാരണമായ ഗ്രാനൈറ്റിനു 28% നികുതി കൂടുതലാണെന്നു നിർമാണ മേഖല ചൂണ്ടിക്കാട്ടുന്നു. ടൈലിന് ഒരു ശതമാനം നികുതി കുറഞ്ഞു. മുൻപ് 29 ശതമാനമായിരുന്നു നികുതി. നികുതിക്ക് ആനുപാതികമായി വിലയിലും നേരിയ കുറവുണ്ടായി. 19.5 ശതമാനം നികുതിയുണ്ടായിരുന്ന കമ്പിക്ക് ഒന്നര ശതമാനം നികുതി കുറഞ്ഞുവെങ്കിലും വിലയിൽ കുറവുണ്ടായിട്ടില്ല. 

∙ പഴയ വില, പുതിയ വില

ജിഎസ്ടി നടപ്പാകുന്നതിന് മുൻപുണ്ടായിരുന്ന എംആർപിയും നിലവിലെ എംആർപിയും കടകളിൽ പ്രദർശിപ്പിക്കാൻ സംവിധാനമുണ്ടാക്കണമെന്നാണ് ഉപയോക്താക്കളുടെ നിർദേശം. താരതമ്യം ചെയ്യാനും നികുതി ഇളവിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്നറിയാനും ഇതുപകരിക്കും.

Read more on GST Homeloan വീടുപണി