Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടു പണി ‘പണിയായി’ മാറുകയാണോ?

vastu-in-building-home 20 ലക്ഷം രൂപ ചെലവിൽ ജൂൺ 31നു പണിതീർത്ത സമാന മാതൃകയിലുള്ള വീട് ഇന്നു പണിയണമെങ്കിൽ 25 ലക്ഷം രൂപയാകും.

ചരക്ക്, സേവന നികുതി നടപ്പായി 100 ദിവസം കഴിയുമ്പോൾ, താങ്ങാവുന്ന ചെലവിൽ വീട് എന്ന സ്വപ്നത്തിലേക്കുള്ള ദൂരം കൂടുകയാണ്. 20 ലക്ഷം രൂപ ചെലവിൽ ജൂൺ 31നു പണിതീർത്ത സമാന മാതൃകയിലുള്ള വീട് ഇന്നു പണിയണമെങ്കിൽ 25 ലക്ഷം രൂപയാകും. ജിഎസ്ടി നിരക്കിൽ രണ്ടാമതു വന്ന പരിഷ്കരണവും സിമന്റിന്റെ അടക്കമുള്ള നിർമാണ സാമഗ്രികളുടെ  നികുതിയിലുണ്ടായ നേരിയ ഇളവും വിപണിയിൽ പ്രതിഫലിച്ചിട്ടില്ല. വിലകൂടിയതുകൊണ്ടുതന്നെ നിർമാണ സാമഗ്രികളുടെ കച്ചവടത്തിൽ വലിയ കുറവുണ്ടായതായി കച്ചവടക്കാർ പറയുന്നു. നിർമാണ മേഖലയിലും മാന്ദ്യം പ്രകടമാണ്. ജിഎസ്ടി വന്നതോടെ തറ മുതൽ മേൽക്കൂര വരെയുള്ള സാധനങ്ങൾക്കു വില കൂടി.

x-default

ടൈൽസ്

സെറാമിക് ടൈലിനും മാർബിളിനും ഗ്രാനെറ്റിനും ഏറ്റവും ഉയർന്ന നികുതിയാണ് ഈടാക്കുന്നത്. 28 ശതമാനം. 29 ശതമാനമായിരുന്ന നികുതി ഒരു ശതമാനം കുറഞ്ഞെങ്കിലും ജൂലൈ ഒന്നു മുതൽ ടൈലിന്റെ വില കൂടി. 

സിമന്റ്

cement

31 ശതമാനമായിരുന്നു ജിഎസ്ടിക്കു മുൻപു സിമന്റിന്റെ നികുതി. ഇപ്പോൾ നികുതി 28 ശതമാനമായി കുറഞ്ഞു. എങ്കിലും ജൂലൈ ഒന്നു മുതൽ സിമന്റിന്റെ വിലയിൽ ഒരു രൂപ പോലും കുറഞ്ഞിട്ടില്ലെന്നു മാത്രമല്ല, വില കൂടുകയും ചെയ്തു. 400 രൂപയ്ക്ക് മുകളിലാണ് ഒരു ചാക്ക് സിമന്റിന്റെ വില. ശരാശരി വിലയിൽ 15 മുതൽ 20 രൂപ വരെ വർധനയുണ്ടായി. കച്ചവടം പകുതിയിലേറെ കുറഞ്ഞതോടെ ചില കച്ചവടക്കാർ സ്വന്തം നിലയക്കു വില കുറച്ചിട്ടുണ്ട്. ജിഎസ്ടിക്കു ശേഷം മൂന്നു ബില്ലുകളാണ് സിമന്റ് വാങ്ങുമ്പോഴുള്ളത്. സിമന്റ് വിലയുടെ 28 ശതമാനം ജിഎസ്ടിയുള്ള ഒരു ബില്ലിനു പുറമേ സൈറ്റിലേക്കു സിമന്റ് എത്തിക്കുന്നതിനുള്ള ട്രാൻസ്പോർടേഷൻ ബില്ലും പ്രത്യേകമുണ്ട്. ഇതിൽ അഞ്ചു ശതമാനമാണ് ജിഎസ്ടി. കൂടാതെ ചരക്ക് അൺലോഡിങ്ങിന് 18 ശതമാനം ജിഎസ്ടി ഉൾപ്പെട്ട മറ്റൊരു ബില്ലും. മുൻപു വില രേഖപ്പെടുത്തിയ ഒരു ബില്ല് മാത്രമാണുണ്ടായിരുന്നത്. ഇത്തരത്തിലാണു വില വർധിക്കുന്നത്.

കമ്പി

കമ്പിക്ക് 18 ശതമാനമാണ് ജിഎസ്ടി. വാറ്റ് ഉൾപ്പെടെ 19.5 ശതമാനമായിരുന്ന നികുതിയിൽ ഒന്നര ശതമാനം കുറവു വന്നു. എന്നാൽ, വില മൂന്നു മുതൽ പത്തു രൂപ വരെ കൂടുകയാണുണ്ടായത്. ജിഎസ്ടിക്കു മുൻപ് കിലോയ്ക്ക് 36–38 നിലവാരത്തിൽ നിന്ന കമ്പി വില 44 രൂപ വരെയായി ഉയർന്നിട്ടുണ്ട്.

തടി

വാറ്റ് ഉൾപ്പടെ 14.5 ശതമാനമായിരുന്നു മുൻപ് നികുതി. നികുതി 18 ശതമാനമായതോടെ വില കൂടി. 

കട്ടിള, കട്ട, ജനൽ

സിമന്റ് കൊണ്ടുള്ള കട്ടിള, ജനൽ, കട്ട എന്നിവയ്ക്കെല്ലാം നികുതിയ 28 ശതമാനമാണ്. എന്നാൽ, ചരക്കുസേവന നികുതി ഈടാക്കുമ്പോൾ വില കൂടുകയാണു ചെയ്തത്. നിർമാണ മേഖലയിൽ ഏറ്റവും അധികം ആവശ്യമായി വരുന്ന സിമന്റ് കട്ടയ്ക്ക് നികുതിയും കയറ്റിറക്കു കൂലിയും ഉൾപ്പടെ ഇപ്പോൾ 22 മുതൽ 26 രൂപ വരെ ചെലവുണ്ട്. 

പെയ്ന്റ്

paint-home-making-experiance

വാറ്റ് ഉൾപ്പെടെ 27 ശതമാനമായിരുന്നു മുൻപു നികുതി. ജിഎസ്ടിക്കു ശേഷം 28 ശതമാനമായി ഉയർന്നു. ഒരു ശതമാനം നികുതി കൂടിയതോടെ നേരിയ വർധന വിലയിലുണ്ട്.

പൈപ്പ്

18 ശതമാനമാണ് പൈപ്പിനും ജിഎസ്ടി. 48 രൂപയിൽ നിന്ന് 55 രൂപ വരെ കൂടിയിട്ടുണ്ട്.

ഷീറ്റ്

roofing-sheet-5

18 ശതമാനം ജിഎസ്ടി. കിലോ വില ജിഎസ്ടിക്കു ശേഷം 44 രൂപയിൽ നിന്ന് 52 വരെ ഉയർന്നു.

Read more on Home Decoration Magazine Malayalam Malayalam Home Magazine