Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്ര ബജറ്റ്: പാർപ്പിട-നിർമാണമേഖലയുടെ പ്രതീക്ഷകൾ

x-default ഏറെ പ്രതീക്ഷയോടെയാണ് പാർപ്പിട-നിർമാണമേഖല കേന്ദ്ര ബജറ്റിനെ നോക്കിക്കാണുന്നത്. അധികനികുതിഭാരത്തിന് ഇളവ് നൽകുന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ കേന്ദ്രബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

സാമ്പത്തിക രംഗത്ത് സംഭവ ബഹുലമായിരുന്നു 2017. ജിഎസ്ടിയുടെ കടന്നുവരവും പണമിടപാടുകൾ ഡിജിറ്റൽ സങ്കേതങ്ങളിലേക്കു ചുവടുമാറിയതും ഉൾപ്പെടെയുള്ള മാറ്റങ്ങൾ പാർപ്പിട - നിർമാണ മേഖലയെയും ബാധിച്ചു. റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA) നിയമം നിർമാണമേഖലയിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം സിമന്റ്, കമ്പി, മെറ്റൽ തുടങ്ങിയവയുടെ വിലയിലെ വൻവർധന മൂലം നിർമാണ മേഖല വെല്ലുവിളികൾ നേരിടുകയുമാണ്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് പാർപ്പിട-നിർമാണമേഖല കേന്ദ്ര ബജറ്റിനെ നോക്കിക്കാണുന്നത്. അധികനികുതിഭാരത്തിന് ഇളവ് നൽകുന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ കേന്ദ്രബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ഭവന വായ്പ ആകർഷകമാകും... 

x-default

2022 ൽ ഏവർക്കും ഭവനം എന്നതു ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന അനുസരിച്ച് ബാങ്കുകൾ, ഭവന വായ്പ സ്ഥാപനങ്ങൾ എന്നിവകളിൽനിന്ന് വായ്പ എടുത്ത് കിടപ്പാടം സ്വന്തമാക്കാനുദ്ദേശിക്കുന്നവർക്കുള്ള പലിശ സബ്‌സിഡി സ്‌കീം 2017 ഡിസംബറോടെ സർക്കാർ അവസാനിപ്പിച്ചിട്ടില്ല. വരും വർഷങ്ങളിലും ഇത് തുടരാനുള്ള പ്രഖ്യാപങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കാം.

ലോ ഇൻകം ഗ്രൂപ്പ്, മിഡിൽ ഇൻകം ഗ്രൂപ്പ് 1, മിഡിൽ ഇൻകം ഗ്രൂപ്പ് 2 എന്നിങ്ങനെ വിവിധ സാമ്പത്തിക വിഭാഗത്തിൽപ്പെട്ടവർക്ക് ആറര ശതമാനം മുതൽ മൂന്ന് ശതമാനം വരെ സബ്‌സിഡി വായ്പ അക്കൗണ്ടിലേക്കു മുൻകൂട്ടി വരവുവച്ച് നൽകുന്നതിനാൽ തിരിച്ചടവ് തുകയിൽ ഗണ്യമായ കുറവുണ്ടാകും. ചെറുകിട ഭവന വായ്പകളുടെ ലഭ്യത കൂട്ടുന്നതിനും ചെലവ് തുകയുടെ ഉയർന്ന ശതമാനം വായ്പയായി അനുവദിക്കുന്നതിനും വേണ്ടുന്ന പരിഷ്‌ക്കാരങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കാം.

നിലവിൽ വാസയോഗ്യമായ വീടുകൾ ഇല്ലാത്തവർക്കു പുതുതായി വീട് വയ്ക്കാനും പൂർത്തീകരിച്ച വീടുകളോ ഫ്‌ളാറ്റുകളോ വാങ്ങാനും നൽകുന്ന സബ്‌സിഡിയോടു കൂടിയ ഭവന വായ്പ വിപുലപ്പെടുത്തുന്ന പ്രഖ്യാപനങ്ങളും കേന്ദ്ര ബജറ്റിൽ പ്രതീക്ഷിക്കാം.

റിയൽ എസ്റ്റേറ്റ് നിയമം; ഭേദഗതികൾ...  

x-default

ഫ്ലാറ്റുകൾ, വില്ലകൾ എന്നിങ്ങനെ റിയൽ എസ്റ്റേറ്റ് കമ്പനികളിൽനിന്ന് പാർപ്പിടം സ്വന്തമാക്കാൻ ശ്രമിക്കുന്നവർക്ക് പല പരിരക്ഷകളും ആശ്വാസവും നൽകുന്ന പുതിയ കേന്ദ്ര റിയൽ എസ്റ്റേറ്റ് നിയമം 2017ൽ നിലവിൽ വന്നു. സംസ്ഥാന റിയൽ എസ്റ്റേറ്റ് അതോറിറ്റിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള പ്രോജക്ടുകൾ മാത്രമേ ഇനി വിപണിയിൽ ഉണ്ടാകൂ എന്നത് ഈ രംഗത്ത് സുതാര്യത ഉറപ്പു വരുത്തും.

ഭവന നിർമാണ മേഖലയിൽ കാര്യക്ഷമതയും ഉത്തരവാദിത്ത ബോധവും മുൻപരിചയവുമുള്ള കമ്പനികൾക്ക് മാത്രം പ്രവർത്തിക്കാനുള്ള സാഹചര്യമൊരുങ്ങുന്നതിനാൽ ഇടപാടുകാർക്ക് ധൈര്യ സമേതം ഡവലപ്പർമാരിൽനിന്നും ഏജന്റുമാരിൽനിന്നും ഫ്‌ളാറ്റുകളും വില്ലകളും വാങ്ങാനാകും. എന്നാൽ, വൻകിട നിർമാതാക്കളുടെ ഭാഗത്തുണ്ടായ ആശങ്ക പരിഹരിക്കുന്നതിനുളള നടപടികളും ബജറ്റിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, കൂടുതൽ നികുതി സമാഹരണത്തിനായി ഭൂമിയുടെ ന്യായവിലയിലും രജിസ്‌ട്രേഷൻ ചെലവുകളിലും കാലോചിതമായ മാറ്റങ്ങൾ ബജറ്റിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

നിർമാണമേഖലയ്ക്ക് കൈത്താങ്ങ്... 

budget-realestate

ജിഎസ്ടിയിലൂടെ ഉപഭോക്താക്കൾക്ക് പല നികുതികളുടെ ബാധ്യത ഒഴിവാകുമെന്നും നിർമാണസാമഗ്രികളുടെ വില കുറയുമെന്നും പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ നേരെ മറിച്ചാണ് സംഭവിച്ചത്. നികുതി ഘടയിലെ പരിഷ്കാരങ്ങളിലെ അപര്യാപത നികത്തുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കാം.

സിമന്റ്, കമ്പി, മെറ്റൽ തുടങ്ങിയവയുടെ വിലയിലെ വൻ വർധന മൂലം നിർമാണ മേഖല ഏതാണ്ട് സ്തംഭിച്ച അവസ്ഥയാണ്. ഒരു ചതുരശ്ര അടി നിർമാണത്തിന് ഒരു വർഷം മുൻപ് ഏറ്റവും കുറഞ്ഞത് 1800 രൂപ മതിയായിരുന്നുവെങ്കിൽ ഇപ്പോൾ വേണ്ടിവരുന്നതു 2100 രൂപയിലേറെ. സിമന്റ് വിലയിൽ മൂന്നു മാസത്തിനകമുണ്ടായ വർധന തന്നെ പായ്‌ക്കറ്റൊന്നിന് 53 രൂപയാണ്. ഒക്ടോബറിൽ 335 രൂപയായിരുന്നത് ഇപ്പോൾ 388 രൂപ. ഫാക്‌ടറികളിൽനിന്നു നേരിട്ടു സിമന്റ് വരുത്തുന്ന കെട്ടിട നിർമാതാക്കൾക്കു മാത്രം ബാധകമായ വിലയാണിത്. കടകളിൽനിന്നു സിമന്റ് വാങ്ങുന്നവർക്കുണ്ടാകുന്ന ബാധ്യത ഇതിലേറെയാണ്. 

എട്ടു മില്ലി മീറ്റർ കനമുള്ള കമ്പിക്കു 2017 ജനുവരിയിൽ കിലോഗ്രാമിന് 42 രൂപയായിരുന്നത് ഇപ്പോൾ 58 രൂപയിലെത്തിയിരിക്കുന്നു. വർധന 38 ശതമാനം. ക്വാറികളുടെ പ്രവർത്തനം ഏറെക്കുറെ നിലച്ച സാഹചര്യത്തിൽ മെറ്റൽ, എം സാൻഡ്, പി സാൻഡ് എന്ന് അറിയപ്പെടുന്ന പ്ലാസ്‌റ്ററിങ് സാൻഡ് തുടങ്ങിയവ കിട്ടാനില്ലാത്ത അവസ്‌ഥയാണ്. ലഭിക്കുന്നതിനാകട്ടെ ഭീമമായ വില നൽകേണ്ടിവരുന്നു. ഇറക്കുമതി ചെയ്യുന്ന മണലിനാകട്ടെ ആഭ്യന്തര വിപണിയിലെ വിലയുടെ ഇരട്ടി നൽകേണ്ടിവരുന്നു. സിമന്റ് ബ്ലോക്കുകളുടെ വിലയും ക്രമാതീതമായാണ് ഉയരുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം തടയാൻ ബജറ്റിൽ ഇടപെടലുകൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രത്നച്ചുരുക്കം

ഭവനവായ്പകൾ പുതുവർഷം കൂടുതൽ ആകർഷകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയാണ് 2022ൽ ഏവർക്കും ഭവനം എന്നതു ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന. ഇതിലൂടെ ബാങ്കുകൾ, ഭവന വായ്പ സ്ഥാപനങ്ങൾ എന്നിവകളിൽനിന്ന് വായ്പ എടുത്ത് കിടപ്പാടവും ഭൂമിയും സ്വന്തമാക്കാനുദ്ദേശിക്കുന്നവർക്കു കൂടുതൽ പലിശ സബ്‌സിഡി നൽകുന്നതിനുള്ള പദ്ധതികൾ ബജറ്റിൽ പ്രതീക്ഷിക്കാം. പാർപ്പിട-നിർമാണരംഗത്തെ മരവിപ്പ് മാറ്റുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും നിർമാണ സാമഗ്രികളുടെ ലഭ്യത വർധിപ്പിക്കുന്നതിനും കേന്ദ്രബജറ്റിൽ ഇളവുകളും ഇടപെടലുകളുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.