Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശത്തിരുന്ന് വീടു പണിയുമ്പോൾ

luxury-house-mahe വിദേശത്തു ജോലി ചെയ്യുന്നവർ നാട്ടിൽ വീടു പണിയുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുന്നതു നല്ലതാണ്.

ഒരു വീടു പണിയുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വീടു പണിതവർക്കെല്ലാം അറിയാം. കൂടെ നിന്ന് പണിയിച്ചിട്ടു പോലും സമയത്തിനു പണിതീർക്കാൻ ബുദ്ധിമുട്ടാണ്. അപ്പോൾപ്പിന്നെ വിദേശത്തിരുന്നു വീടു പണിയുന്ന പ്രവാസികളുടെ കഷ്ടപ്പാട് എത്രമാത്രമാണെന്ന് ഓർത്തു നോക്കൂ. 

കബളിപ്പിക്കപ്പെടാനുള്ള സാധ്യത മാത്രമല്ല, പലപ്പോഴും വീട്ടുകാർ ഉദ്ദേശിക്കുന്നത് എന്താണെന്ന് നാട്ടിലുള്ള പണിക്കാർക്ക് മനസ്സിലാകുകയുമില്ല. ഒടുവിൽ പണി കഴിഞ്ഞ് വീടു കാണുമ്പോഴാവും മനസ്സിൽക്കണ്ട വീടല്ല പണിതതെന്ന സത്യം മനസ്സിലാകുന്നത്. ഇത്തരത്തിലുള്ള പല അബദ്ധങ്ങളും അൽപം ശ്രദ്ധിച്ചാൽ ഒഴിവാക്കാം. പ്രവാസികൾ വീടുപണിയുമ്പോൾ അറിഞ്ഞിരിക്കാൻ ചില കാര്യങ്ങൾ....

∙ വിദേശത്തിരുന്നു ചെയ്യാവുന്ന തയാറെടുപ്പുകൾ എല്ലാം നടത്തുക. അതായത് മാസികകളും ഇന്റർനെറ്റും പരതി വീടിനെക്കുറിച്ചുള്ള ധാരണയുണ്ടാക്കിയെടുക്കുക. ആർക്കിടെക്ടിനോടു പറയാനുള്ള കാര്യങ്ങൾ അക്കമിട്ട് എഴുതി വയ്ക്കുക. അടുത്ത പടി ഇഷ്ടപ്പെട്ട ആർക്കിടെക്ടിനെയോ എൻജിനീയറെയോ കണ്ടെത്തുകയാണ്. ഇന്റീരിയർ മാസികകളിൽ നിന്ന് ഓരോ ആർക്കിടെക്ടുമാരുടെയും ശൈലികൾ മനസ്സിലാക്കാം. അതുമല്ലെങ്കിൽ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സഹായത്തോടെ പരിചയവും വിശ്വാസ്യതയുമുള്ള ആളെ കണ്ടെത്താം. നാട്ടിലെത്താൻ കാത്തിരിക്കാതെ, അവിടെ നിന്നുതന്നെ അവരെ വിളിച്ചു സംസാരിക്കുക. നിങ്ങൾക്കിണങ്ങിയ ആർക്കിടെക്ട് ആണെന്നു തോന്നിയാല്‍ നാട്ടിലെത്തിയാലുടൻ കാണാൻ പാകത്തിന് കാര്യങ്ങൾ‍ തീരുമാനിക്കുക.

∙ നാട്ടിലെത്തിയാൽ ആർക്കിടെക്ടും കോൺട്രാക്ടറുമൊക്കെ ചെയ്തിട്ടുള്ള വീടുകൾ നേരിട്ടു പോയിക്കണ്ട് വീട്ടുകാരുമായി സംസാരിച്ച് ആളുടെ വിശ്വാസ്യത ഉറപ്പാക്കുക. അനുഭവസമ്പത്തും സാങ്കേതികത്തികവുമുള്ള ആളെ തിരഞ്ഞെടുക്കണം.

∙ അടിക്കടി അവധിക്കു വരാൻ പറ്റില്ല എങ്കിൽ ഫോണിലൂടെ തന്നെ ആശയങ്ങൾ കൈമാറി പ്ലാന്‍ വരയ്ക്കാൻ ഏൽപിക്കാം. അങ്ങനെ നാട്ടിലെത്തുമ്പോഴേക്ക് അന്തിമമായ പ്ലാൻ റെഡിയായാൽ പണി പെട്ടെന്നു തന്നെ തുടങ്ങാനാകാം.

∙ കിണർ കുഴിക്കുന്നതു പോലെയുള്ള കാര്യങ്ങളൊക്കെ നാട്ടിലെത്തുമ്പോഴേക്ക് ബന്ധുക്കൾ വഴി ചെയ്തു വയ്ക്കാം. ബന്ധുക്കൾ ഏർപ്പെടുത്തുന്ന ആളുകളെ നേരിട്ടു വിളിച്ചു സംസാരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നമ്മുടെ ആശയങ്ങൾ കൃത്യമായി കൈമാറാനും പണിക്കൂലിയെക്കുറിച്ചൊക്കെ കൃത്യമായ ധാരണ കിട്ടാനും ഇത് സഹായിക്കും. ബന്ധുക്കൾ, സുഹൃത്തുക്കൾ ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത് എന്നതാണ് ഓർക്കേണ്ട പ്രധാന കാര്യം.

∙ അവധിക്കു വരുമ്പോൾ മുൻഗണന വീടുപണിക്കാകണം. യാത്രകൾ കഴിവതും ഒഴിവാക്കി പണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ഇല്ലെങ്കിൽ വീടുപണി അവതാളത്തിലാകും.

∙ നാട്ടിലെ പുതിയ നിർമാണസാമഗ്രികളെക്കുറിച്ചും ഡിസൈൻ ട്രെൻഡുകളെക്കുറിച്ചുമൊക്കെ മനസ്സിലാക്കുക.

∙ പണം കൊടുക്കാനുള്ള മെഷീനായി മാറാതെ ഓരോ കാശും ചെലവാക്കുന്നത് എന്തിനാണെന്നു കൃത്യമായി അറിയണം.

∙ പ്രവാസികളാകുമ്പോൾ പൈസയുണ്ടല്ലോ എന്നു കരുതി ചൂഷണം ചെയ്യാനുള്ള പ്രവണതയുണ്ട്. ഇത്ര ബജറ്റിൽ ഒതുങ്ങുന്ന വീട് എന്നല്ല ഇന്നയിന്ന സൗകര്യങ്ങൾ ഉള്ള വീട് വേണം എന്നാണ് പലരും ആവശ്യപ്പെടുക. ഈ സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തുമ്പോൾ എത്ര ചെലവാകും എന്ന മനോഭാവമാണ് എല്ലാവരും മുതലെടുക്കുന്നത്. ശമ്പളം, ജോലി സ്ഥിരത, ജോലി നഷ്ടപ്പെട്ടാലും വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമേ ബജറ്റ് നിശ്ചയിക്കാനാവൂ. ഇപ്പോൾ കൈയിൽ പൈസയുള്ളതിനാൽ വലിയ വീട് വയ്ക്കാം എന്ന നയം ശരിയല്ല.

∙ എസ്റ്റിമേറ്റ് കണക്കാക്കുമ്പോൾ അതിൽ എന്തെല്ലാം ഉൾപ്പെടും എന്ന് കൃത്യമായി മനസ്സിലാക്കണം. പല യൂറോപ്യന്‍ രാജ്യങ്ങളിലും സാനിറ്ററിവെയർ, ഇലക്ട്രിക്കൽ ഫിറ്റിങ്സ് എന്നിവയുടെ ചെലവ് അടക്കമാണ് എസ്റ്റിമേറ്റ് തയാറാക്കുന്നത്. ഇവിടെ അങ്ങനെയല്ല എന്ന കാര്യം ഓർക്കണം.

∙ ഒന്നിനും ഒരു കുറവ് വരുത്തേണ്ട എന്നു കരുതി വീട്ടിലേക്കുള്ള മൊട്ടുസൂചി വരെ വിദേശത്തു നിന്ന് കൊണ്ടു വരുന്ന ചിലരുണ്ട്. എന്നാൽ വൈവിധ്യമുള്ളതും ഗുണനിലവാരമുള്ളതുമായ ഉൽപന്നങ്ങൾ നിറഞ്ഞ വിപണിയാണ് നമ്മുടേത്. അതു പലരും മനസ്സിലാക്കുന്നില്ല. പലപ്പോഴും വിദേശത്ത് വില കൂടുതലാകാൻ സാധ്യതയുണ്ട്. അതുമാത്രമല്ല സർവീസിങ് സംബന്ധിച്ച കാര്യങ്ങളിൽ പിന്നീട് ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ട്. ചില ഉൽപന്നങ്ങൾ ഫിറ്റ് ചെയ്യുമ്പോൾ അനുബന്ധ സാധനങ്ങളുടെ അളവിൽ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് വാങ്ങുമ്പോൾ ആർക്കിടെക്ടിന്റെയോ എൻജിനീയറുടെയോ ഉപദേശം തേടുക.

∙ വിദേശത്തുള്ള വീടു പോലെ തന്നെയുള്ള വീടു വേണമെന്ന് നിർബന്ധം പിടിക്കുന്നവരുമുണ്ട്. എന്നാൽ മരുഭൂമിയിലെയോ കൊടും തണുപ്പത്തെയോ പ്രത്യേകതകൾക്കനുസരിച്ച് ഉണ്ടാക്കിയ വീടുകൾ നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്കു യോജിക്കണമെന്നില്ല. വീടിരിക്കുന്ന സ്ഥലം, അതിന്റെ പ്രത്യേകതകള്‍, കാലാവസ്ഥ, വീട്ടുകാരുടെ ജീവിതശൈലി എന്നിവയ്ക്കനുസരിച്ച് വീട് പണിയുമ്പോഴേ അത് മികച്ചതാകൂ.

∙ ഇനി ഒരു കൂട്ടരുണ്ട്, ഗൃഹാതുരതയുടെ അസുഖമുള്ളവർ, ഇക്കൂട്ടർക്ക് നീളൻ വരാന്തയും തൂണുകളും നാലുകെട്ടും പടിപ്പുരയുമൊക്കെ ഇല്ലെങ്കിൽ സമാധാനമാകില്ല. എന്നാൽ ഗൃഹാതുരതയ്ക്കായി ഇത്തരം സാധനങ്ങള്‍ കുത്തിനിറയ്ക്കുമ്പോൾ അത് വീടിന്റെ സ്വാഭാവികതയെ ബാധിക്കും. അടച്ചിടുന്ന വീടാണെങ്കിൽ മഴ പെയ്യുന്ന നടുമുറ്റമൊക്കെ പണിയായി മാറാം. പാരമ്പര്യശൈലിക്കൊപ്പം ഇന്റീരിയറിൽ വിദേശ സാമഗ്രികളും ഫിനിഷുകളും കൂടിയാകുമ്പോൾ കുളമാകും.

∙ ഗൾഫുകാരന്റെ വീട് മോശമാക്കാൻ പറ്റുമോ എന്ന ചിന്താഗതിയോടെ വീടുപണിക്കിറങ്ങരുത്. പൊങ്ങച്ചക്കൂടാരമായി മാറരുത് വീടുകൾ. അനാവശ്യമായ അലങ്കാരങ്ങള്‍ വീടിന്റെ ഭംഗി കുറയ്ക്കും; പോക്കറ്റും കാലിയാക്കും.

∙ വീട് അടച്ചിടാൻ ഉദ്ദേശിക്കുന്നുവെങ്കിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടുത്തുക. അത്യാവശ്യത്തിനുള്ള ഫർണിച്ചറും സാധനങ്ങളും മാത്രം വാങ്ങിയിടുക. അപ്പോൾപ്പിന്നെ പേടിക്കേണ്ട.

Be Well Planned

∙ ഒന്നോ രണ്ടോ മാസത്തെ അവധിക്കു വരുമ്പോൾ ചെയ്തു തീർക്കാൻ നൂറുകൂട്ടം കാര്യങ്ങളുണ്ടാകും. ആർക്കിടെക്ടിനെയോ എൻജിനീയറെയോ കണ്ടെത്തണം, പ്ലാനും എസ്റ്റിമേറ്റും തയാറാക്കണം, നിർമാണാനുമതികൾ വാങ്ങണം... അങ്ങനെ ഒട്ടേറെ കടമ്പകൾ. ആദ്യവരവിൽ തന്നെ ഇതെല്ലാം ചെയ്ത് വീടുപണിക്കു തുടക്കവും കുറിച്ചു പോകാമെന്നു കരുതരുത്.

Less Maintenance

∙ വിദേശത്തെ താമസത്തിനിടയിൽ ശീലിച്ച പല കാര്യങ്ങളും വീട്ടിലുൾപ്പെടുത്താൻ ശ്രദ്ധിക്കുന്നവരുണ്ട്. സിമ്മിങ് പൂൾ, ബാത് ടബ്, സങ്കീർണമായ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഉൽപന്നങ്ങൾ എന്നിവയൊക്കെ വീട്ടിലും വേണമെന്ന് വാശി പിടിക്കരുത്. വീട് അടച്ചിട്ട് തിരിച്ചുപോകുന്നവരാണ് മിക്കവരും. ഉപയോഗിക്കാതെയിരുന്നാൽ പല ഉൽപന്നങ്ങളും കേടാകും. അടച്ചിടാൻ ഉദ്ദേശിക്കുന്നുവെങ്കിൽ മെയ്ന്റനൻസ് കുറഞ്ഞതും കേടാകാൻ സാധ്യത കുറവുള്ളതുമായ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുക. സ്ഥിരതാമസമാകുമ്പോൾ ബാക്കി സൗകര്യങ്ങൾ ഉൾപ്പെടുത്താം.

Whatsaap Group

∙ ആർക്കിടെക്ട്, കോൺട്രാക്ടര്‍, പെയിന്റർ, പ്ലംബർ, ഇലക്ട്രീഷൻ തുടങ്ങി എല്ലാവരെയും ചേർത്ത് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുക. ഇതിലൂടെയാകട്ടെ ആശയവിനിമയം. ഓരോ ദിവസത്തെയും പണികൾ വിശകലനം ചെയ്യാം. സംശയമുള്ള ഇടങ്ങളുടെയും മെറ്റീരിയലിന്റെയുമൊക്കെ പടങ്ങള്‍ അപ്പോൾ തന്നെ കണ്ട് അഭിപ്രായമറിയിക്കാം. മാത്രമല്ല, നമ്മൾ പറയുന്ന കാര്യങ്ങൾക്ക് തെളിവുണ്ടായിരിക്കുകയും ചെയ്യും. എന്തെങ്കിലും അബദ്ധങ്ങള്‍ സംഭവിച്ചാൽ പണിക്കാർക്ക് കൈമലർത്താൻ പറ്റുകയില്ല.