Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാചകപ്പുര പണിതവർക്ക‌ു പണി കഞ്ഞ‌ിക്കലത്തിൽ കിട്ടി

comedy-construction

അൽപസ്വൽപം എൻജിനീയറിങ് കൗതുകമുള്ളവർക്കായി ഇക്കഥ സമർപ്പിക്കുന്നു: മുയൽക്കൂടു നിർമിച്ചപ്പോൾ വലുതും ചെറുതുമായ രണ്ടു വാതിലുകൾ വേണമെന്നു ശഠിച്ച വിഖ്യാത ശാസ്ത്രജ്ഞന്റെ കഥ കേട്ടുകാണും. വലിയ വാതിൽ തള്ളമുയലിനും ചെറിയ വാതിൽ മുയൽക്കുട്ടികൾക്കുമെന്നായിരുന്നു, രണ്ടു വാതിലിന്റെ ആവശ്യമെന്തെന്നന്വേഷിച്ച ജോലിക്കാരനു കിട്ടിയ മറുപടി. വലിയ വാതിലിലൂടെ മുയൽക്കുഞ്ഞുങ്ങൾക്കും അകത്തു കടക്കാമല്ലോയെന്ന് അയാൾ പറഞ്ഞപ്പോഴാണു ശാസ്ത്രജ്ഞന് അമളി മനസ്സിലായത്. 

എന്നാൽ ഇക്കാലത്തും അത്തരം സംഭവങ്ങൾ. ഉണ്ടായേക്കാമെന്നു ബോധ്യപ്പെട്ടതു ദ്വീപു നിവാസികൾക്കാണ്. പ്രശ്നം വാതിൽതന്നെ. പക്ഷേ, മുയൽക്കൂടല്ല, സ്കൂളിന്റെ പാചകപ്പുരയാണെന്നു മാത്രം. പദ്ധതിയിട്ടതും ഉണ്ടാക്കിയതുമെല്ലാം മിടുമിടുക്കർ. പക്ഷേ, പണി കഴിഞ്ഞപ്പോൾ കഞ്ഞിക്കലം ഉള്ളിൽക്കടത്താൻ മേൽക്കൂര പൊളിക്കേണ്ടിവരുന്ന സ്ഥിതിയായെന്നു മാത്രം! 

പാചകപ്പുര നിർമിച്ചു പെയിന്റിങ്ങും നടത്തി ഉദ്ഘാടനത്തിനു തീയതിയും കുറിച്ചു കഴി‍ഞ്ഞപ്പോഴാണ് ഒരു കാര്യം വ്യക്തമാകുന്നത്. 

നൂറുകണക്കിനു കുട്ടികൾ ഉച്ചക്കഞ്ഞി കുടിക്കുന്ന സ്കൂളിലെ കഞ്ഞിക്കലത്തിന്റെ വാവട്ടത്തിനേക്കാൾ ചെറുതാണു പാചകപ്പുരയുടെ വാതിൽ! പത്രങ്ങളിൽ വാർത്തയും നവമാധ്യമങ്ങളിൽ പരിഹാസവും നിറ‍ഞ്ഞപ്പോൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന്റെ സാരഥി ന്യായീകരണവുമായെത്തി: 

‘‘വാതിലിനു കുഴപ്പമൊന്നുമില്ല, കഞ്ഞിക്കലം ചെരിച്ചു കടത്താം.’’ വക്കിനൊപ്പം തിളയ്ക്കുന്ന കഞ്ഞിയുമായി കലം ചെരിച്ചാൽ എന്തു സംഭവിക്കുമെന്ന ചോദ്യത്തിനു പക്ഷേ മറുപടിയുണ്ടായില്ല. 

ഉദ്ഘാടനം പിന്നെയും നീണ്ടു. ഇത്തവണ സ്കൂൾ തുറക്കുമ്പോഴെങ്കിലും കുട്ടികൾക്കു കഞ്ഞി കൊടുക്കണമെന്ന് ആഗ്രഹമുള്ള അധ്യാപകർ ഒടുവിൽ രംഗത്തിറങ്ങി. പഞ്ചായത്ത് എൻജിനീയർമാരോളം ബുദ്ധിയില്ലെങ്കിലും അവർ ഒരു വഴി കണ്ടെത്തി. പാചകപ്പുരയോടു ചേർന്നു മറ്റൊരു മുറി നിർമിച്ചു. അതിന് ആവശ്യത്തിനു വീതിയുള്ള വാതിൽ വച്ചു. അധ്യയനവർഷത്തിന്റെ ആദ്യദിനത്തിൽ വിദ്യാർഥികൾ ഉച്ചക്കഞ്ഞി കുടിക്കുകയും ചെയ്തു.