Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സ്വപ്നക്കൂട് ഒരുക്കുമ്പോൾ

traditional-house-calicut മനുഷ്യന്റെ വ്യക്തിത്വം എന്നതു പോലെതന്നെ, വീടു നിർമിക്കുന്ന സ്ഥലത്തിനും അതിന്റേതായ ‘പഴ്സനാലിറ്റി’യുണ്ട്.

ലോകത്ത് എവിടെയൊക്കെ പറന്നുനടന്നാലും ഇങ്ങുതാഴെ സ്വന്തം വീടിന്റെ ഇഷ്ടയിടങ്ങളിൽ കാലുനീട്ടി, നല്ലൊരു ശ്വാസമെടുത്ത് കണ്ണടച്ചുള്ള ആ ഇരിപ്പുണ്ടല്ലോ... 27 നിലയിൽ പടർന്നു കയറിയ മുകേഷ് അംബാനിയുടെ ‘ആന്റിലിയ’യും കിങ് ഖാൻ ഷാരൂഖിന്റെ ‘മന്നത്തും’ അല്ലെങ്കിലും സ്വന്തമെന്നു പറയാവുന്ന ഒരുകുഞ്ഞു ‘കിളിക്കൂട്’ സ്വപ്നം എല്ലാവരിലുമുണ്ട്. ആ സ്വപ്നക്കൂട് ഒരുക്കുമ്പോൾ ആദ്യഘട്ടത്തിൽതന്നെ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

ആർക്കിടെക്റ്റ് എന്തിന് ? 

1500 ചതുരശ്ര അടിയുള്ള വീട് പണിയുന്നു. ഇതിനായി ഒരു ആർക്കിടെക്റ്റ് വേണോ ? സ്വന്തം നിലയ്ക്ക് കാര്യങ്ങൾ ചെയ്താൽ പോരെ ? ആർക്കിടെക്റ്റിനു കൂടി ഇനി കാശ് കൊടുക്കണോ ? ആർക്കിടെക്റ്റ് ഒക്കെ വമ്പൻ വീടുകൾക്കല്ലേ. ചെറിയ വീടുകൾക്ക് വേണോ ? വീടുനിർമാണച്ചിന്ത തലയിൽ മുളയ്ക്കുമ്പോൾതന്നെ ചിലർക്ക് കൂടെ മുളയ്ക്കുന്ന മറ്റ് ആലോചനകൾ കൂടിയാണിത്. പതിനായിരം ചതുരശ്ര അടിയുള്ള വീടുനിർമാണത്തേക്കാൾ സൂക്ഷ്മത ചെറുവീടുകളുടെ നിർമാണത്തിൽ വേണ്ടിവരുമെന്നാണ് വിദഗ്ധർ പറയുന്നത്. അധ്വാനിച്ചുണ്ടാക്കുന്ന കാശ് വീടിനായി മുടക്കുമ്പോൾ വീടിന്റെ മുക്കിലും മൂലയിലും വരെ ശ്രദ്ധ ചെല്ലണം. അംഗീകരിച്ചു കിട്ടുന്ന ഒരു ഡ്രോയിങ് മാത്രം വച്ച് വീടു കെട്ടുന്ന രീതിയൊക്കെ പഴഞ്ചനായി.

സൂക്ഷ്മമായ വിശദാംശങ്ങളോടെയാണ് ഇപ്പോൾ മിക്കവരും നിർമാണം തുടങ്ങുന്നത്. ഇത് ആർക്കിടെക്റ്റിനും കോൺട്രാക്ടർക്കും ഉടമയ്ക്കും ഒരുപോലെ ഉപകാരപ്രദം. സാങ്കേതിക വിദ്യയെക്കൂടി കൂട്ടുപിടിച്ചാണ് രൂപരേഖ തയാറാക്കൽ. നിർമാണാവസ്ഥയിൽ വേണ്ട വിവിധ വസ്തുക്കളുടെ അളവ് ഉൾപ്പെടെ മുൻകൂട്ടി കണക്കാക്കാം. വീട് വെറുമൊരു ഇഷ്ടികക്കൂടാരം മാത്രമാകാതെ ജീവനുള്ള, യഥാർഥ വീടാകാൻ കൃത്യയായ പ്ലാനിങ് ഉപകാരപ്പെടും. നിർമ‍ാണത്തിനുള്ള വിവിധ അനുമതിപത്രങ്ങൾ ലഭ്യമാക്കാനും അംഗീകൃത ആർക്കിടെക്റ്റുകൾ സഹായിക്കുന്നു. ആർക്കിടെക്റ്റുമായി വ്യക്തതയോടെയുള്ള ആശയ വിനിമയം അത്യാവശ്യമാണ്. നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ പിന്നിട്ട്, സ്വന്തം നിലയ്ക്കു പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ വരുമ്പോൾ ആർക്കിടെക്റ്റിന്റെ സേവനം തേടുന്നവരുണ്ട്. ബജറ്റ് കൈവിട്ടു കുതിക്കാൻ ഇതു കാരണമാകാറുണ്ട്. 

കോപ്പി, പേസ്റ്റ് വേണോ ? 

മനുഷ്യന്റെ വ്യക്തിത്വം എന്നതു പോലെതന്നെ, വീടു നിർമിക്കുന്ന സ്ഥലത്തിനും അതിന്റേതായ ‘പഴ്സനാലിറ്റി’യുണ്ട്. ഒരിടത്തു മനോഹരമായി നിർമിച്ച വീടിന്റെ പ്ലാൻ മറ്റൊരു സ്ഥലത്തു പകർത്താൻ ശ്രമിച്ചാൽ അത്ര ഭംഗി കിട്ടണമെന്നില്ല. വീടു നിർമിക്കാൻ ഉദ്ദേശിക്കുന്ന സൈറ്റിന്റെ ചുറ്റുപാടുകൾ, വെളിച്ചത്തിന്റെയും കാറ്റിന്റെയും ദിശ, അതിർത്തികൾ, ചെരിവ്, ഘടന, പ്രതലത്തിന്റെ ഉറപ്പ്, മരങ്ങളും ചെടികളും, വെള്ളത്തിന്റെ ലഭ്യത, വാസ്തു നോക്കുന്നവരെങ്കിൽ അത്, അങ്ങനെ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ലൊരു ആർക്കിടെക്റ്റ് ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടാകും. ആ സ്ഥലത്ത് ഉയരുന്ന വീട് ഭാവനയിൽ കാണാനാകും. 

പ്രകൃതിയെ മറക്കല്ലേ... 

green-home-water-court

ഹരിത ഭവനം എന്ന ആശയത്തിന് ഇക്കാലത്ത് ആവശ്യമേറെ. കിട്ടുന്ന വെള്ളം സൂക്ഷിച്ച് ഉപയോഗിച്ചും പുനരുപയോഗം നടത്തിയും സംരക്ഷിക്കാം. മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, സോളർ പാനൽ സംവിധാനങ്ങൾക്കും ബജറ്റിൽ ഇടം കണ്ടെത്താം. 

ആർക്കിടെക്റ്റ്

cindu-architect

സിന്ധു.വി, സിന്ധു വി ടെക്,

കോഴിക്കോട്