Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തൊരു മാറ്റം! ഇനിയെങ്ങോട്ടാവും വീടുകളുടെ വളർച്ച?...

smart-home-kottakkal-landscape

കാലമായിരുന്നു വീടിന്റെ ജാതകം മാറ്റിയെഴുതിയത്. നമ്മളായിരുന്നു വീടിന്റെ മാറ്റത്തെ നോക്കിക്കണ്ടത്. ചുമരും തറയും മേൽക്കൂരയുമെല്ലാം കൺമുന്നില്‍ രൂപം മാറ്റിയെത്തിയപ്പോൾ നമ്മൾ പറഞ്ഞു, ഓ എന്തൊരു മാറ്റം. ഇനിയെങ്ങോട്ടാവും വീടുകളുടെ വളർച്ചയെന്ന ചിന്തയിലേക്ക് ജാലകപ്പാളികൾ തുറന്നിടുകയാണിവിടെ.

സ്ഥലത്തിന്റെ വില

x-default

വീടു വയ്ക്കാനുള്ള ഇടം കുറഞ്ഞുവരുന്നു. ഇനിയെവിടെ തറ കെട്ടുമെന്നു പോലും ചിന്തിച്ചുപോവുന്ന കാലമാണിത്. ആവശ്യക്കാരാകട്ടെ നാൾക്കുനാൾ കൂടിവരികയും ചെയ്യുന്നു. വീടു തേടുന്നവരിൽ ഭൂമിയുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഈ വ്യത്യാസം വീടിന്റെ സ്വാധീനത്തെ വേറിട്ടതാക്കും. സ്ഥലമുണ്ടായാൽ മാത്രം പോരല്ലോ. ഡിസൈൻ വേണം. അതിന് അനുമതി വേണം. പണിയെടുക്കാൻ ആളുകൾ വേണം. ആവശ്യത്തിനു മെറ്റീരിയലുകൾ കൃത്യസമയത്തു കിട്ടണം.

വീടുകൾ അസംബിൾ ചെയ്യാം

കിട്ടാനില്ലാത്ത തൊഴിലാളികളും ഉയർന്നു പൊങ്ങുന്ന മെറ്റീരിയലുകളുടെ വിലയും വീട് നിർമാണത്തിലുണ്ടാക്കുന്ന കാലതാമസവും നമുക്കിടയിൽ അസംബിൾഡ് വീടുകളുടെ സ്വാധീനം കൂട്ടിയേക്കും. വിദേശങ്ങളിൽ പരീക്ഷിച്ചു വിജയിച്ചതാണിത്. ചുവരുകളും മേൽക്കൂരയും മച്ചുമെല്ലാം മാർക്കറ്റില്‍ വാങ്ങിവയ്ക്കാവുന്ന സിമന്റ് ബ്ലോക്കുകൾ ചേർത്തു ബോൾട്ടിട്ടു മുറുക്കിയാണ് വീടുകൾ തയാറാക്കുക.

ചെലവ് ചുരുക്കൽ

x-default

വീട് ഡിസൈൻ ചെയ്യുമ്പോൾ ആരും വരച്ചിടുന്ന അടിസ്ഥാന രേഖ ചെലവു ചുരുക്കലുമായി ബന്ധപ്പെട്ടതായിരിക്കും. സാധാരണക്കാരന്റെ സങ്കൽപങ്ങളെ തകിടം മറിക്കുന്ന ചുറ്റുപാടാണിന്ന്. വീട് നന്നാവണം. മണൽ പോലും കിട്ടാനില്ലാത്ത ഇക്കാലത്ത് പക്ഷെ ലോ കോസ്റ്റ് വീടുകൾ അത്ര കണ്ട് ആളുകൾ താൽപര്യപ്പെടുന്നുമില്ല. ഇക്കോ ഫ്രണ്ട്‌ലി വീടുകളോട് ആളുകൾ താൽപര്യം കാട്ടുന്നുണ്ട്. പ്രകൃതിയെ കൂടി വീടിനോടു ചേർത്തുകെട്ടി പരമാവധി ചെലവുചുരുക്കല്‍ എങ്ങനെ സാധ്യമാക്കാമെന്ന ചിന്തയാണു വേണ്ടത്.

മെയ്ന്റനൻസിലെ മിനിമലിസം

minimal-house-kottayam

പ്ലംബിങ്, വൈദ്യുതീകരണം, പെയ്ന്റിങ് തുടങ്ങിയ വീടുമായി ബന്ധപ്പെട്ടതെല്ലാം ചെലവേറിയതാണ്. മാത്രമല്ല, ഇതിന്റെ സാങ്കേതികത സാധാരണക്കാരന്റെ വരുതിയിലൊതുങ്ങുന്നതുമായിരുന്നില്ല. ഇന്ന് ഇതിലൊക്കെ പ്ലാനിങ് കടന്നുവന്നിരിക്കുന്നു. ഒരു പൈപ്പ് മാറ്റിയിടാൻ കേടില്ലാതെ എന്തു ചെയ്യാനാവും, ഏറെ ചെലവില്ലാതെ എങ്ങനെ പരിഹരിക്കാം എന്ന വിധം വീടൊരുക്കുന്നവര്‍ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഡിസൈനിൽ കോംപ്രമൈസ് ഇല്ലെങ്കിലും ഇത്തരം ചില കുറുക്കു വഴികൾ ഇവിടങ്ങളിലെല്ലാം പരീക്ഷിക്കപ്പെടുന്നുണ്ട്.

ഇലക്ട്രോണിക്, ഇക്കോ ഫ്രണ്ട്‌ലി

smart-home

വീടെത്തുമ്പോഴേക്കും കുളിമുറിയില്‍ വെള്ളം ചൂടാക്കി വയ്ക്കാനോ ഫ്രിജ് ഓണാക്കാനോ എല്ലാം ഒറ്റ ടെലിഫോൺ കോൾ മതിയാവുന്ന ഓട്ടോമേഷൻ സാങ്കേതിക വിദ്യ വീടുകളിൽ പ്രചാരത്തിലായി വരികയാണ്. വിദേശങ്ങളിൽ ഹിറ്റായി മാറിയ ഈ സാങ്കേതിക വിദ്യ കേരളത്തിലും പ്രയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഒരുപാട് കമ്പനികൾ ഈ രംഗത്ത് കേരളത്തിൽ സജീവമാണിപ്പോൾ. വലിയ വീടുകളോടല്ല ആളുകൾക്കിന്നിഷ്ടം. ചെറിയൊരു വീട്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ സാങ്കേതികത്തികവുള്ള കൊച്ചു വീട്. അതാകട്ടെ ഇക്കോ ഫ്രണ്ട്‌ലി ആയാൽ ഏറെ നന്ന്. ഇതിനിണങ്ങിയ മെറ്റീരിയലുകള്‍ മാർക്കറ്റിൽ സുലഭമാണ്. ഇങ്ങനെ അണിയിച്ചൊരുക്കുന്ന ചെറിയ വീടുകൾക്കു താരതമ്യേന ചെലവു കുറയുകയും ചെയ്യും.

അനിവാര്യമായ ദീർഘവീക്ഷണം

ശുദ്ധജലത്തിന്റെ ദൗർലഭ്യവും മാലിന്യനിർമാർജനത്തിലെ പ്രശ്നങ്ങളുമെല്ലാം ഇനിയുള്ള വീടൊരുക്കലുകളിൽ ചിന്തയായി ഉയരേണ്ടതുണ്ട്. ദീർഘവീക്ഷണമുള്ള ഒരു കാഴ്ചപ്പാടും സമീപനവും വീടുകളുടെ ഡിസൈനിങ്ങിൽ വേണ്ടത് അത്യാവശ്യമാണ്. വീട്ടിനുള്ളിൽ തന്നെ മാലിന്യം സംസ്കരിക്കാവുന്ന സംവിധാനം വീടുകൾ വരച്ചെടുക്കുന്നവരുടെ ചിന്തയിലുണ്ടാവണം. മഴവെള്ളക്കൊയ്ത്തിന്റെ ശീലം മലയാളിയുടെ വീടുകളിൽ എഴുതിച്ചേർക്കണം.