Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളം കയറാത്ത ഈ വീട്, അതു ഞങ്ങളുടെ ക്യാംപ്

flood-relief-home കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിൽ മിക്ക വീടുകളും വെള്ളത്തിൽ മുങ്ങിയപ്പോൾ കോൺക്രീറ്റ് തൂണുകളിൽ ഉയർത്തി പണിത വീട് മാത്രം വെള്ളം കയറാതെ രക്ഷപ്പെട്ടു. ആ വീടാണിപ്പോൾ ചേന്നകരി ചാലേച്ചിറയിലെ ദുരിതാശ്വാസ ക്യാംപ്. വീട്ടിലേക്കു പാലമുണ്ടാക്കി അതിൽ ഇരിക്കുന്ന കുട്ടികളെയും കാണാം.

മഴ കുറഞ്ഞെങ്കിലും ദുരിതം പെയ്യുന്നതിന്റെ നേർക്കാഴ്ചയാണു കൈനകരി ചാലേച്ചിറയിലെ ഉദിമട പുനാത്തുരം പാടശേഖരത്തിനു സമീപത്തുള്ള ദുരിതാശ്വാസ ക്യാംപ്. സമീപത്തു വെള്ളം കയറാത്ത ഏക വീട്ടിലാണു ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. പാടം മടവീണതോടെ പ്രദേശത്തെ വീടുകളെല്ലാം വെള്ളത്തിലാണ്.

ചില വീടുകളിൽ കഴുത്തൊപ്പം വെള്ളമെത്തി. വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും വീടുകളിൽ ഇപ്പോഴും അരയ്ക്കൊപ്പം വെള്ളമാണ്. വീട്ടു സാധനങ്ങൾ എല്ലാം നശിച്ചു. വീടിന്റെ മതിലുകൾ അടക്കം വെള്ളം കുത്തിയൊലിച്ചു തകർന്നു. 

പ്രദേശവാസികളിൽ പലരും ഉദിമട പുനാത്തുരം പാടശേഖരത്തിൽ കൃഷിയിറക്കിയവരാണ്. 45 ദിവസത്തോളം എത്തിയ കൃഷി പൂർണമായും നശിച്ചു. പലരും വായ്പയെടുത്താണു കൃഷിയിറക്കിയത്. വീടുകൾ വെള്ളത്തിൽ നിന്നു പൊങ്ങിയെത്തുമ്പോൾ കർഷകർ കടത്തിലേക്കു മുങ്ങിപ്പോകുമെന്നു നാട്ടുകാർ ആശങ്കപ്പെടുന്നു. 

പാടശേഖരത്തിന്റെ പല പ്രദേശങ്ങളിലും ഇങ്ങനെ ഒറ്റപ്പെട്ട് ആളുകൾ കഴിയുന്നുണ്ട്. പ്രധാന ബോട്ട് റൂട്ടിൽ നിന്നു മാറിയുള്ള കൈനകരി–വേണാട്ടുകാട്–കാവാലം റൂട്ടിലായതിനാൽ ദുരിതാശ്വാസ സാധനങ്ങൾ വേണ്ടത്ര കിട്ടുന്നില്ലെന്നും ഇവർ പറയുന്നു. 

പ്രദേശത്ത് ഒരു വീട്ടമ്മയെ കഴിഞ്ഞ ദിവസം പാമ്പു കടിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 

ഇത്തരത്തിൽ ഒരു വെള്ളപ്പൊക്കം അസാധാരണമാണെന്നു പാടശേഖര സമിതി മുൻ സെക്രട്ടറി ഭഗവത് സിങ് പറയുന്നു. കുടിവെള്ളവും വിലയ്ക്കു വാങ്ങുകയാണെന്നു ക്യാംപ് പ്രവർത്തിക്കുന്ന വീടിന്റെ ഉടമ സി.പി.ഉദയകുമാർ പറയുന്നു. വെള്ളമിറങ്ങിയാലും ദുരിതം എന്നു തീരുമെന്ന് ഇവർക്കറിയില്ല.