Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതൊക്കെയാണ് വീടുകളിലെ പുതിയ ട്രെൻഡ്!

landscaping-trends ചെറിയ സ്ഥലത്ത് വീട് വയ്ക്കുമ്പോൾ പൂന്തോട്ടത്തിനും ആമ്പൽക്കുളത്തിനുമൊക്കെ സ്ഥലമെവിടെ? പരിഹാരമുണ്ട്...

ഒരു വീട് യഥാർഥത്തിൽ ഒരു വീടായി മാറണമെങ്കിൽ, വീടിനെ വർണാഭമാക്കുന്ന ഒരു കൊച്ചു പൂന്തോട്ടം കൂടി അനിവാര്യമാണ്. പണ്ടുകാലത്തെ ആളുകൾ വീട് പണിയുമ്പോൾ തന്നെ പൂന്തോട്ടത്തിനും അടുക്കളത്തോട്ടത്തിനും ഒക്കെ വഴി കണ്ടെത്തുമായിരുന്നു. കാരണം പൂക്കളും പച്ചക്കറികളും എല്ലാം വീട്ടുമുറ്റത്ത് നിറഞ്ഞു നിൽക്കണം എന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു.

എന്നാൽ ഇന്ന് അതല്ല അവസ്ഥ. കാലം മാറി. മുൻപത്തെ പോലെ വിശാലമായ സ്ഥലങ്ങളിൽ അല്ല വീടുകൾ വയ്ക്കുന്നത്. നാല് സെന്റിലും അഞ്ചു സെന്റിലുമൊക്കെ വീട് വയ്ക്കുമ്പോൾ പൂന്തോട്ടത്തിന് സ്ഥലമെവിടെ? അങ്ങനെ പൂന്തോട്ടങ്ങൾ പതിയെ നാട് നീങ്ങിത്തുടങ്ങി എന്നുപറയുന്നതാവും ശരി. വിശാലമായ മുറ്റത്തെ ജീവൻതുടിക്കുന്ന തോട്ടങ്ങൾക്ക് പകരം ഇൻഡോർ പ്ലാന്റുകൾ സ്ഥലം പിടിച്ചു. ഒപ്പം ബോൺസായ് മരങ്ങളും. 

thorn-plants

എന്നാൽ ഇപ്പോൾ ട്രെൻഡ് വീണ്ടും മാറിയിരിക്കുകയാണ്. ആളുകൾക്ക് പ്രിയം താമരക്കുളത്തിനോടാണ്. നാലു സെന്റ് വീട്ടിൽ താമരക്കുളത്തിനു സ്ഥലം എവിടെ എന്ന് ചിന്തിക്കേണ്ട. കുളം കുത്തുകയല്ല ചെയ്യുന്നത്. ടെറാകോട്ടയിൽ തീർത്ത നല്ല ഒന്നാന്തരം താമരക്കുളങ്ങൾ ആണ് ഇപ്പോഴത്തെ താരം. വീടിനകത്തും പുറത്തും ഒരുപോലെ വയ്ക്കാൻ കഴിയുന്നവയാണ് ടെറാകോട്ടയിൽ തീർത്ത ഈ താമരക്കുളങ്ങൾ. 

lotus-ponds

വലുപ്പം, ആകൃതി, ഡിസൈനുകൾ എന്നിവ വ്യത്യസപ്പെട്ടിരിക്കും. യഥാർത്ഥ താമരയോ ആമ്പലോ നടാൻ ഉദ്ദേശിക്കുന്നവർക്ക് ടെറാക്കോട്ട താമരക്കുളങ്ങൾ ഗാർഡനിൽ വയ്ക്കാം. മണ്ണിൽ നിർമിച്ചവ ആയതിനാൽ മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല. ഇനി വീടിനകത്ത് ഒരു ഭംഗിക്കായി താമരക്കുളം വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അതും ആവാം. അകത്തളത്തിൽ വച്ച് വെള്ളം നിറച്ച ശേഷം പ്ലാസ്റ്റിക്, തെർമോകോൾ താമരപ്പൂക്കൾ കൊണ്ട് കുളം അലങ്കരിക്കാം.

അരമീറ്റർ വ്യാസമുള്ള ടെറാക്കോട്ട താമരക്കുളങ്ങൾ മുതൽ ഒന്നരമീറ്റർ വ്യാസമുള്ള കുളങ്ങൾ വരെ ലഭ്യമാണ്. സ്ഥലത്തിന്റെ ലഭ്യതയും  പൂന്തോട്ട നിർമാണത്തിനുള്ള താല്പര്യവും അനുസരിച്ച് താമരക്കുളങ്ങൾ തെരഞ്ഞെടുക്കാം. വൃത്താകൃതിയിൽ ഉള്ളവയാണ് കൂടുതലായും വിറ്റുപോകുന്നത്. അകത്തളങ്ങളിൽ വയ്ക്കുന്നതിനായി ഉരുളിയുടെ ആകൃതിയിൽ  ഉള്ളവയും കോപ്പർ നിറം അടിച്ചവയുമായ താമരക്കുളങ്ങൾ ലഭ്യമാണ്. 

താമരക്കുളങ്ങൾ വാങ്ങി നാച്ചുറൽ ലുക്കുള്ള അക്വേറിയങ്ങൾ ആക്കുന്ന വിരുതന്മാരും കുറവല്ല. തോട്ടത്തിൽ വാട്ടർഫൗണ്ടനുകൾ ഘടിപ്പിക്കുന്നതിനായും  ഇവ ഉപയോഗിക്കുന്നു. ചതുരാകൃതിയിലുള്ള താമരക്കുളങ്ങൾക്കും ഇപ്പോൾ ആവശ്യക്കാർ കൂടുതലാണ്. പൂന്തോട്ടത്തിൽ താമരക്കുളങ്ങൾ വയ്ക്കുമ്പോൾ മണ്ണിനോട് ചേർത്തും അല്ലാതെയും വയ്ക്കാവുന്നതാണ്.