Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളം ഇറങ്ങിയ വീടുകൾ വൃത്തിയാക്കുമ്പോൾ...

veed-cleaning

വെള്ളപ്പൊക്കബാധിത മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിൽ നിന്നു മടങ്ങുന്നവരുടെ മുന്നിൽ വീടു വലിയ ചോദ്യചിഹ്നമായി നിൽക്കുന്നു. വീടിനുള്ളിൽ കാൽതാഴ്ന്നുപോകുന്ന വിധത്തിൽ ചെളി നിറഞ്ഞു. വീട്ടിൽ, ചിലപ്പോൾ ഇഴജന്തുക്കൾ ഒളിച്ചിരിപ്പുണ്ടാകും. 

ശുചിമുറികൾ ഉപയോഗ ശൂന്യം. പലതും ചെളിവന്നു മൂടിപ്പോയി. വീടിനുള്ളിലുണ്ടായിരുന്ന പ്രധാന രേഖകൾ അടക്കം സർവതും നനഞ്ഞലിഞ്ഞു നശിച്ചു. കിണറുകളിൽ മാലിന്യം നിറഞ്ഞു...സെപ്ടിക് ടാങ്കുകളിലെയും ഓടകളിലെയും മാലിന്യം ജലസ്രോതസുകളിൽ കടന്നതിനാൽ അതീവ ജാഗ്രത വേണം. സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം ഈ ശുദ്ധീകരണ യ‍ജ്ഞത്തിനൊപ്പമുണ്ട്. മാർഗനിർദേശങ്ങളനുസരിച്ചു മാത്രം, കരുതലോടെ വീട്ടിലേക്കു മടങ്ങാം.

വെള്ളം ഇറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിൽ ഇനി വേണ്ടത് ശുദ്ധീകരണ യജ്ഞമാണ്. വീടുകൾ വൃത്തിയാക്കി, വാസയോഗ്യമാക്കി, അണുവിമുക്തമാക്കിയുള്ള പുനഃപ്രവേശം. 

വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകള്‍ അണുവിമുക്തം ആക്കാനും ഏറ്റവും നല്ല മാര്‍ഗം ക്ലോറിനേഷന്‍ തന്നെ ആണ്. ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് വീടുകളില്‍ തന്നെ എങ്ങിനെ അണുനശീകരണം നടത്താം എന്ന് ചുവടെ വിവരിക്കുന്നു.

കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി

1. സാധാരണ വാങ്ങാന്‍ ലഭിക്കുന്ന ബ്ലീച്ചിംഗ് പൗഡറില്‍ 30 മുതല്‍ 40 ശതമാനം വരെ ആണ് ക്ലോറിന്‍റെ അളവ്. 33% ക്ലോറിന്‍ ഉണ്ട് എന്ന നിഗമനത്തില്‍ ആണ് ഇനി പറയുന്ന അളവുകള്‍ നിര്‍ദേശിക്കുന്നത്. 

2. കിണറിലെ വെള്ളത്തിന്‍റെ അളവ് ആദ്യം നമ്മള്‍ കണക്കാക്കണം. അതിനു ആദ്യം കിണറിന്‍റെ വ്യാസം മീറ്ററില്‍ കണക്കാക്കുക (D). തുടര്‍ന്ന് ബക്കറ്റ് കിണറിന്‍റെ ഏറ്റവും അടിയില്‍ വരെ ഇറക്കി നിലവില്‍ ഉള്ള വെള്ളത്തിന്‍റെ ആഴം മീറ്ററില്‍ കണക്കാക്കുക (H) 

വെള്ളത്തിന്‍റെ അളവ് = 3.14 x D x D x H x 250 ലിറ്റര്‍

3. സാധാരണ ക്ലോറിനേഷന്‍ നടത്താന്‍ 1000 ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ ആണ് ആവശ്യം വരിക. എന്നാല്‍ വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം അതീവ മലിനം ആയിരിക്കും എന്നത് കൊണ്ട് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തേണ്ടതുണ്ട്. ഇതിനായി 1000 ലിറ്ററിന് 5 ഗ്രാം (ഏകദേശം ഒരു ടീസ്പൂണ്‍ കൂമ്പാരം ആയി) ബ്ലീച്ചിംഗ് പൗഡര്‍ ആണ് ആവശ്യം. 

4. വെള്ളത്തിന്‍റെ അളവ് വച്ച് ആവശ്യം ആയ ബ്ലീച്ചിംഗ് പൗഡര്‍ ഒരു പ്ലാസ്റ്റിക്‌ ബക്കറ്റില്‍ എടുക്കുക. ഇതില്‍ അല്പം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കുക. നന്നായി കുഴമ്പ് ആയ ശേഷം ബക്കറിന്‍റെ മുക്കാല്‍ ഭാഗം വെള്ളം ഒഴിച്ച് ഇളക്കുക. ശേഷം ബക്കറ്റ് 10 മിനിറ്റ് അനക്കാതെ വെക്കുക

5. 10 മിനിറ്റ് കഴിയുമ്പോള്‍ ലായനിയിലെ ചുണ്ണാമ്പ് അടിയില്‍ അടിയും. മുകളില്‍ ഉള്ള വെള്ളത്തില്‍ ക്ലോറിന്‍ ലയിച്ചു ചേര്‍ന്നിരിക്കും. വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഈ തെളി ഒഴിച്ച ശേഷം ബക്കറ്റ് കിണറിന്‍റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്തു വെള്ളത്തില്‍ ക്ലോറിന്‍ ലായനി നന്നായി കലര്‍ത്തുക. 

6. 1 മണിക്കൂര്‍ സമയം വെള്ളം അനക്കാതെ വച്ച ശേഷം കിണറിലെ വെള്ളം ഉപയോഗിച്ച് തുടങ്ങാം.

വീടിന്‍റെ തറയും പരിസരവും വൃത്തിയാക്കുന്ന രീതി

1. പരിസരം വൃത്തി ആക്കാന്‍ പലരും ബ്ലീച്ചിംഗ് പൗഡര്‍ വിതറുന്നത് കാണാം. ഇത് കൊണ്ട് പരിസരം അണുവിമുക്തം ആക്കാന്‍ സാധിക്കില്ല. 

2. 1% ക്ലോറിന്‍ ലായനി തയ്യാറാകുന്ന വിധം: 6 ടീ സ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ എടുത്തു കുഴമ്പ് പരുവത്തില്‍ ആക്കുക. അതിനു ശേഷം അതിലേക്കു 1 ലിറ്റര്‍ വെള്ളം ചേര്‍ക്കുക. മുകളില്‍ പറഞ്ഞ പോലെ കലക്കി 10 മിനിറ്റ് വച്ച ശേഷം, അതിന്‍റെ തെളി എടുത്തു വേണം തറ തുടക്കാനും, പരിസരത്ത് ഒഴിക്കാനും. കൂടുതല്‍ ആവശ്യം എങ്കില്‍ ഒരു ലിറ്ററിന് 6 ടീസ്പൂണ്‍ എന്ന കണക്കിന് ലായനി തയ്യാറാക്കാം. 

3. നിലം തുടച്ച ശേഷം / വീട്ടു പരിസരത്ത് ക്ലോറിന്‍ ലായനി ഒഴിച്ച ശേഷം ചുരുങ്ങിയത് 20 – 30 മിനിറ്റ് സമ്പര്‍ക്കം ലഭിച്ചാല്‍ മാത്രമേ അണുനശീകരണം കൃത്യമായി നടക്കൂ. അതിനാല്‍ അത്രയും സമയംവരെ തറ തുടയ്ക്കുവാനോ വെള്ളം ഒഴിക്കുവാനോ പാടില്ല.

4. അര മണിക്കൂറിനു ശേഷം മണം ഉള്ള മറ്റു ലായനികള്‍ ഉപയോഗിച്ച് തറ വൃത്തി ആക്കി ക്ലോറിന്‍ മണം മാറ്റാം.

തയ്യാറാക്കിയത്: ഡോ. വി. ജിതേഷ്

സൂപ്രണ്ട്, ജില്ല ആശുപത്രി, മാനന്തവാടി