വീട് വൃത്തിയാക്കാൻ വെല്ലുവിളിക്കാം; തരംഗമായി ക്ലീൻ ഹൗസ് ചാലഞ്ച്

പ്രമുഖരും സാധാരണക്കാരുമടക്കം നിരവധിയാളുകൾ ഈ ചാലഞ്ച് ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്.

പ്രളയത്തിൽ തകർന്നതും ചെളി കയറിയതുമായ 13 ലക്ഷം വീടുകളാണ് കേരളത്തിൽ ഉള്ളത്. മഴയ്ക്ക് തെല്ലു ശമനം ഉണ്ടായതോടെ പലരും വീടുകളിലേക്ക് തിരിച്ചു പോയി. ചെളി കയറി വൃത്തിഹീനമായ തങ്ങളുടെ വീട് കണ്ട് പകച്ച് നിൽകുകയാണ് പലരും. വെള്ളമിറങ്ങിയ പ്രദേശങ്ങളിൽ വീട് വൃത്തിയാക്കൽ തകൃതിയായി നടക്കുകയാണ്. പ്രായമായ അംഗങ്ങളുള്ള വീടുകളിൽ വൃത്തിയാക്കൽ ഒരു ചോദ്യചിഹ്നമാണ്. വീട്ടുകാരെ കൊണ്ടുമാത്രം ഇത്രയധികം വീടുകൾ വൃത്തിയാക്കുന്നത് സാധ്യമാവുകയില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ക്ലീൻ ഹൗസ് ചാലഞ്ച് എന്ന പേരിൽ സമൂഹമാധ്യമത്തിൽ പുതിയ കർമപദ്ധതി വിഭാവനം ചെയ്തത്. ഇതിനോടകം പ്രമുഖരും സാധാരണക്കാരുമടക്കം നിരവധിയാളുകൾ ഈ ചാലഞ്ച് ഏറ്റെടുത്തിട്ടുണ്ട്.

എന്താണ് ക്ലീൻ ഹൗസ് ചാലഞ്ച്?

നിങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു വീട് നിങ്ങൾ വൃത്തിയാക്കുക, എന്നിട്ട് ചൂലുമായി നിൽക്കുന്ന ഒരു ഫോട്ടോയോ വിഡിയൊയോ #CLEANHOUSECHALLENGE എന്ന ഹാഷ് ടാഗോടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യണം. പിന്നീട് സിനിമാതാരങ്ങളേയും, രാഷ്ട്രീയ പ്രവർത്തകരേയും കൂട്ടുകാരേയും ഈ ചാലഞ്ച് ഏറ്റെടുക്കാൻ വെല്ലുവിളിക്കാം.

ചാലഞ്ച് ഏറ്റെടുത്ത വി.ഡി. സതീശന്‍ എം.എല്‍.എ ഹൈബി ഈഡനോടും ശുചീകരണത്തിനിറങ്ങാന്‍ ക്ഷണിച്ചു. വെല്ലുവിളി ഏറ്റടുത്ത ഹൈബി ഈഡൻ വീട് വൃത്തിയാക്കിയ ശേഷം സുഹൃത്തും പാലക്കാട് എംഎൽഎയുമായ ഷാഫി പറമ്പിലിനെ വീട് വൃത്തിയാക്കാൻ വെല്ലുവിളിച്ചു. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിരവധി പേരാണ് ഈ ഹാഷ്ടാഗിന് കീഴിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.