പ്രളയത്തിൽ കൂര തകർന്നു; രണ്ടു ദിവസം കൊണ്ട് വീട് നിർമിച്ചു നൽകി യുവാക്കൾ

കുറഞ്ഞ സമയത്തിനുള്ളിൽ പ്രാദേശികമായി ലഭ്യമായ വസ്തുക്കൾ കൊണ്ട് ഒരു താൽക്കാലിക വസതി നിർമിച്ചു നൽകുക എന്നതായിരുന്നു പദ്ധതി.

വയനാട്ടിലെ പനമരത്ത് അഞ്ചു സെന്റിൽ ഒരു ഷെഡിലായിരുന്നു വിധവയായ ആ സ്ത്രീയുടെ ദൈന്യജീവിതം. പ്രളയത്തെ തുടർന്ന് ആകെയുണ്ടായിരുന്ന കൂര തകർന്നു പോയി. ഇവരുടെ ദൈന്യത അറിഞ്ഞ ആർക്കിടെക്ട് വാജിദ് റഹ്‌മാനും സുഹൃത്തുക്കളും ചേർന്നാണ് രണ്ടുദിവസം കൊണ്ട് ഒരു ഇടത്താവളം നിർമിച്ചു നൽകിയത്. വാജിദ് ആ അനുഭവം വിവരിക്കുന്നു.

ഒരു ചെറിയ കൂരയ്ക്കുള്ളിലായിരുന്നു ആ അമ്മയുടെ താമസം. കാറ്റിലും പ്രളയത്തിലും കൂര തകർന്നുപോയി. പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെങ്കിൽ കുറഞ്ഞത് ആറു മാസമെങ്കിലും പിടിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ പ്രാദേശികമായി ലഭ്യമായ വസ്തുക്കൾ കൊണ്ട് ഒരു താൽക്കാലിക വസതി നിർമിച്ചു നൽകുക എന്നതായിരുന്നു പദ്ധതി. +2 കൂട്ടായ്മയിൽ നിന്നും പിരിച്ചെടുത്ത 75000 രൂപയായിരുന്നു മൂലധനം.

അടുക്കളയും കിടപ്പുമുറിയുമായി ഉപയോഗിക്കാവുന്ന ഹാളാണ് വീട്ടിലുള്ളത്. സിമന്റ് ഷീറ്റ് കൊണ്ടാണ് ഭിത്തിയും മേൽക്കൂരയും നിർമിച്ചത്. ട്രസ്‌ഫോൾഡ് ഷീറ്റ് കൊണ്ട് വാതിലുകളും ജനാലകളും നിർമിച്ചു. ഉപയോഗം കഴിഞ്ഞ ഫ്‌ളക്‌സും കയർ മാറ്റും കൊണ്ടാണ് നിലമൊരുക്കിയത്.

രാവിലെ ആറു മണി മുതൽ രാത്രി 11 വരെ തുടർച്ചയായി അധ്വാനിച്ചാണ് രണ്ടു ദിവസം കൊണ്ട് വീട് പൂർത്തിയാക്കിയത്. നാട്ടുകാരും സഹായിച്ചു.

70000 രൂപയ്ക്ക് പണി പൂർത്തിയാക്കി നൽകിയപ്പോൾ ആ സ്ത്രീയുടെ മുഖത്ത് വിരിഞ്ഞ സന്തോഷമാണ് ഏറ്റവും വലിയ പ്രതിഫലം എന്ന് വാജിദും കൂട്ടരും പറയുന്നു.