Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു ദിവസം വെള്ളം കയറിയ വീടുകൾക്കു മാത്രം ധനസഹായം

പ്രളയക്കെടുതികളെ അതിജീവിച്ചവർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ ആശ്വാസ സഹായം എല്ലാവർക്കുമില്ല. രണ്ടു ദിവസത്തിലധികം വെള്ളംകെട്ടിക്കിടന്ന് വീടു വാസയോഗ്യമല്ലാതായ കുടുംബങ്ങൾക്കു മാത്രം ധനസഹായം നൽകിയാൽ മതിയെന്നാണ് സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്. കഴിഞ്ഞ 16ന് പുറത്തിറങ്ങിയ ഉത്തരവിലാണ് ഈ നിബന്ധന. പ്രളയക്കെടുതികൾ രൂക്ഷമായെങ്കിലും ഉത്തരവ് റദ്ദാക്കാനോ മരവിപ്പിക്കാനോ സർക്കാർ തയാറായിട്ടില്ല. 

  ഈ നിബന്ധന നിലനിൽക്കെയാണ്, ദുരിതാശ്വാസ ക്യാംപ് വിട്ടു മടങ്ങുന്ന എല്ലാവരുടെയും അക്കൗണ്ടുകളിലേക്ക് പതിനായിരം രൂപയുടെ സഹായമെത്തിക്കുമെന്ന് ഒരാഴ്ച മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുള്ള 3800 രൂപയ്ക്കു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 6200 രൂപയും നൽകാനായിരുന്നു തീരുമാനം. ധനസഹായത്തിനായി റവന്യു അധികൃതരെ വിവരങ്ങൾ അറിയിക്കണമെന്നും നിർദേശിച്ചിരുന്നു. പ്രളയ ബാധിതർക്കുള്ള ആനുകൂല്യങ്ങൾ അനർഹർ കൈപ്പറ്റുന്നതൊഴിവാക്കാനാണ് രണ്ടു ദിവസത്തിലധികം വെള്ളം കയറിയ വീടുകൾ എന്ന  നിബന്ധന ഏർപ്പെടുത്തിയതെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ വിശദീകരണം. സർക്കാർ പ്രഖ്യാപനവും ഉത്തരവും രണ്ടു വിധത്തിലായതോടെ ധനസഹായം വിതരണം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർക്കിടയിലും ആശയക്കുഴപ്പമുണ്ട്. സംസ്ഥാനത്ത് പലയിടത്തും രണ്ടുദിവസത്തിനകം വീടുകളിൽ നിന്ന് വെള്ളമിറങ്ങിയിരുന്നു.